ജോഹന്നസ്ബർഗ്: 24 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഏകദിന ക്രിക്കറ്റ് ലോകകപ്പ് വീണ്ടും ആഫ്രിക്കൻ വൻകരയിലേക്ക്. 2027 ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കുന്ന ലോകകപ്പിന്റെ വേദികളും ഔദ്യോഗിക ലോഗോയും രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പുറത്തുവിട്ടു. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ 14 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ആകെ 57 മത്സരങ്ങളാകും ഉണ്ടാകുക. 2003-ലാണ് ഇതിനുമുമ്പ് ആഫ്രിക്കൻ മണ്ണിൽ (ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, കെനിയ) ലോകകപ്പ് നടന്നത്.
മൂന്ന് രാജ്യങ്ങളിലായി ആകെ 12 സ്റ്റേഡിയങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങൾ അരങ്ങേറുക. ഇതിൽ എട്ട് വേദികളും ദക്ഷിണാഫ്രിക്കയിലാണ്. വാണ്ടറേഴ്സ് സ്റ്റേഡിയം (ജോഹന്നസ്ബർഗ്), സൂപ്പർസ്പോർട്ട് പാർക്ക് (സെഞ്ചൂറിയൻ), ന്യൂലാൻഡ്സ് (കേപ് ടൗൺ), കിങ്സ്മീഡ് (ഡർബൻ), സെന്റ് ജോർജ് പാർക്ക് (ഗെബെഹ), മംഗാങ് ഓവൽ (ബ്ലൂംഫോണ്ടെയ്ൻ), ബോലാണ്ട് പാർക്ക് (പാർൾ), ബഫലോ പാർക്ക് (കൂഗോമ്പോ) എന്നിവയാണ് ദക്ഷിണാഫ്രിക്കയിലെ വേദികൾ.
സിംബാബ്‌വെയിൽ മൂന്ന് ഗ്രൗണ്ടുകളാണ് ലോകകപ്പിന് വേദിയാകുന്നത്. ഹരാരെ സ്പോർട്സ് ക്ലബ് (ഹരാരെ), ക്വീൻസ് സ്പോർട്സ് ക്ലബ് (ബുലവായോ) എന്നിവയ്ക്ക് പുറമെ ഏഴ് ലോകാത്ഭുതങ്ങളിലൊന്നായ വിക്ടോറിയ ഫോൾസിന് സമീപം പുതുതായി നിർമിച്ച മോസി-ഓ-തുന്യ ഇന്റർനാഷണൽ സ്റ്റേഡിയവും മത്സരങ്ങൾക്ക് വേദിയാകും. ഇത് ആരാധകർക്ക് വലിയ ആവേശമാണ് നൽകുന്നത്. വിൻഡ്‌ഹോക്കിലെ നമീബിയ ക്രിക്കറ്റ് ഗ്രൗണ്ടിൽ മാത്രമാണ് നമീബിയയിലെ മത്സരങ്ങൾ നടക്കുക.
ജോഹന്നസ്ബർഗിലെ ഇനാൻഡ പോളോ ക്ലബ്ബിൽ നടന്ന വർണാഭമായ ചടങ്ങിലാണ് ലോകകപ്പ് ലോഗോ പുറത്തിറക്കിയത്. ഐ.സി.സി ചെയർമാൻ ജയ് ഷാ, മുൻ ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഗ്രെയിം സ്മിത്ത്, ഹാഷിം അംല, മഖായ എൻടിനി, നിലവിലെ താരങ്ങളായ ടെംബ ബവൂമ, കാഗിസോ റബാഡ, സിംബാബ്‌വെയുടെ ഹാമിൽട്ടൺ മസകദ്സ, നമീബിയയുടെ റുഡോൾഫ് വാൻ വൂറൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
"ഞാനുണ്ട്, കാരണം നമ്മളുണ്ട്" എന്നർത്ഥം വരുന്ന ആഫ്രിക്കൻ ദർശനമായ 'ഉബുണ്ടു' ആശയത്തെ അടിസ്ഥാനമാക്കിയാണ് "മേക്ക് ദി സർക്കിൾ ബിഗ്ഗർ" (Make the Circle Bigger) എന്ന ടൂർണമെന്റ് ടാഗ്‌ലൈൻ തയ്യാറാക്കിയിരിക്കുന്നത്. ആഫ്രിക്കൻ പരമ്പരാഗത നെയ്ത്ത് പാത്രങ്ങളുടെ ശൈലിയിലാണ് ലോഗോയുടെ ഡിസൈൻ. 'സിംബാബ്‌വെ ചില്ലി', 'നമീബ് ഡ്യൂൺ', 'ഹരാരെ ഡോൺ', 'ടു ഓഷ്യൻസ്' എന്നീ പ്രാദേശിക നിറക്കൂട്ടുകൾ ലോഗോയിൽ ഉപയോഗിച്ചിട്ടുണ്ട്.
14 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഐ.സി.സി പുതുതായി കൊണ്ടുവന്ന മൂന്ന് ഘട്ടങ്ങളുള്ള മത്സരഘടന ഇതിനകം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
'സൂപ്പർ സീരീസ്' റൗണ്ടാണ് ആദ്യ ഘട്ടം.
സൂപ്പർ സീരീസ്: 12, 13, 14 സ്ഥാനങ്ങളിലുള്ള മൂന്ന് ടീമുകൾ തമ്മിൽ ആദ്യം മാറ്റുരയ്ക്കുന്നതാണ് റോബിൻ റൗണ്ട്. ഇതിൽ വിജയിക്കുന്ന ടീം റൗണ്ട് 2-ലേക്ക് യോഗ്യത നേടും. ഇവിടെ യോഗ്യത നേടിയ ഒരു ടീമും മറ്റ് 11 ടീമുകളും ഉൾപ്പെടെ ആകെ 12 ടീമുകൾ ആറ് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് മത്സരിക്കും.
ഗ്രൂപ്പ് ഘട്ടം: യോഗ്യത നേടിയെത്തുന്ന 12 ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിക്കും. ഓരോ ഗ്രൂപ്പിലും ആറ് ടീമുകൾ വീതം. ആകെ 30 മത്സരങ്ങൾ. ഇതിൽ ഓരോ ഗ്രൂപ്പിലെയും ആദ്യ മൂന്ന് ടീമുകളും, ഇരു ഗ്രൂപ്പുകളിലുമായി ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന അടുത്ത മികച്ച ടീമും ഉൾപ്പെടെ ആകെ 7 ടീമുകളാണ് പിന്നീട് 'സൂപ്പർ 7'
സൂപ്പർ 7 റൗണ്ട്: മികച്ച 7 ടീമുകൾ തമ്മിലുള്ള 21 മത്സരങ്ങൾ. ഇതിലെ ആദ്യ നാല് സ്ഥാനക്കാർ സെമിയിലെത്തും (ഒന്നാം സ്ഥാനക്കാർ നാലാം സ്ഥാനക്കാരെയും, രണ്ടാമന്മാർ മൂന്നാമന്മാരെയും നേരിടും).
പുതിയ ഈ ഫോർമാറ്റ് വളർന്നുവരുന്ന അസോസിയേറ്റ് രാജ്യങ്ങൾക്ക് കൂടുതൽ തടസ്സങ്ങൾ സൃഷ്ടിക്കുമെന്ന് നെതർലൻഡ്സ് ക്യാപ്റ്റൻ സ്കോട്ട് എഡ്വേർഡ്സ്, സ്കോട്ട്‌ലൻഡ് നായകൻ റിച്ചി ബെറിങ്ടൺ, നമീബിയ ക്യാപ്റ്റൻ ഗെർഹാർഡ് ഇറാസ്മസ് എന്നിവർ കുറ്റപ്പെടുത്തി. അതേസമയം, പുതിയ ഫോർമാറ്റ് പ്രകാരം ഫൈനലിൽ എത്തുന്ന ടീമിന് 15 മത്സരങ്ങൾ വരെ കളിക്കേണ്ടി വരും. അതിനാൽ കളിക്കാരുടെ ജോലിഭാരം കുറയ്ക്കുന്നതിനായി ടീം അംഗങ്ങളുടെ എണ്ണം 15-ൽ നിന്നും 17 ആയി ഉയർത്തണമെന്ന് ഓസ്ട്രേലിയൻ പരിശീലകൻ ആൻഡ്രൂ മക്ഡൊണാൾഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.