'ഇതിന് പിന്നിലെ യുക്തിയെന്താണ്?'; 15-കാരൻ വൈഭവിനെ വൈസ് ക്യാപ്റ്റനാക്കിയതിൽ ചോദ്യമുയർത്തി ഹർഷ ഭോഗ്ലെ

മുംബൈ: വരാനിരിക്കുന്ന 2026-27 ദുലീപ് ട്രോഫി സീസണിലേക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റനായി 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെ തെരഞ്ഞെടുത്ത സെലക്ടർമാരുടെ തീരുമാനത്തിനെതിരെ ചോദ്യമുയർത്തി ഹർഷ ഭോഗ്ലെ.

ഇഷാൻ കിഷൻ നയിക്കുന്ന ടീമിൽ മുഹമ്മദ് ഷമി, മുകേഷ് കുമാർ തുടങ്ങിയ സീനിയർ താരങ്ങൾ കളിക്കുമ്പോഴാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ യാതൊരു പരിചയസമ്പത്തുമില്ലാത്ത ഒരു കൗമാരക്കാരനെ തേടി ഈ വലിയ ഉത്തരവാദിത്തം എത്തിയത്.

സെലക്ടർമാരുടെ ഈ അപ്രതീക്ഷിത തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ രംഗത്തെത്തിയതിന് പിന്നാലെയാണ് വിമർശനവുമായി ഹർഷ ഭോഗ്ലെയുമെത്തിയത്. താരത്തിന്റെ പ്രതിഭയെ അംഗീകരിക്കുമ്പോഴും, റെഡ് ബോൾ (ടെസ്റ്റ്) ഫോർമാറ്റിലെ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് ഭോഗ്‌ലെ സെലക്ടർമാരുടെ തീരുമാനത്തെ ചോദ്യം ചെയ്തത്.

"ഒരു സീനിയർ റെഡ് ബോൾ ടീമിന്റെ വൈസ് ക്യാപ്റ്റനായി വൈഭവ് സൂര്യവംശിയെ മാറ്റിയതിന് പിന്നിലെ ചിന്ത എന്താണെന്ന് എനിക്ക് അത്ഭുതം തോന്നുന്നു. 12 ഇന്നിങ്സുകളിൽ നിന്നായി 17.25 ശരാശരിയിൽ വെറും 207 റൺസ് മാത്രമാണ് അവൻ നേടിയിട്ടുള്ളത്. അവന്റെ പ്രതിഭ അസാമാന്യമാണ്, എന്നാൽ ഇതൊരു പഠനകാലമാണ്. റെഡ് ബോൾ ക്രിക്കറ്റിൽ അവനിപ്പോഴും ഒരു തുടക്കക്കാരൻ മാത്രമാണ്." - ഹർഷ ഭോഗ്ലെ എക്സിൽ കുറിച്ചു.

വൈറ്റ് ബോൾ ഫോർമാറ്റുകളിലും ഐ.പി.എല്ലിലും ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെയാണ് കൗമാര താരമായ വൈഭവ് സൂര്യവംശി ക്രിക്കറ്റ് ലോകത്ത് ചർച്ചയായത്. എന്നാൽ ദൈർഘ്യമേറിയ റെഡ് ബോൾ ഫോർമാറ്റിൽ എട്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രമേ താരം കളിച്ചിട്ടുള്ളൂ. 93 റൺസാണ് ഉയർന്ന സ്കോർ. വരാനിരിക്കുന്ന ദുലീപ് ട്രോഫിയിൽ പരിചയസമ്പന്നനായ ബംഗാൾ ബാറ്റർ അഭിമന്യു ഈശ്വരനൊപ്പം വൈഭവ് ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുഹമ്മദ് ഷമിയെയും മുകേഷ് കുമാറിനെയും പോലെയുള്ള സീനിയർ ഇന്ത്യൻ പേസർമാർ അണിനിരക്കുന്ന ശക്തമായ ബൗളിങ് നിരയാണ് ഈസ്റ്റ് സോണിന്റേത്. അതിനാൽ തന്നെ സമ്മർദ്ദങ്ങളില്ലാതെ കളി പഠിക്കാൻ അവസരം നൽകുന്നതിന് പകരം 15-കാരന്റെ തലയിൽ വലിയ ഭാരം വെച്ചുകൊടുത്തത് താരത്തിന്റെ പ്രകടനത്തെ ബാധിക്കുമോ എന്ന ആശങ്കയും ക്രിക്കറ്റ് നിരീക്ഷകർ പങ്കുവെക്കുന്നുണ്ട്.

ഇഷാൻ കിഷൻ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി (വൈസ് ക്യാപ്റ്റൻ), അഭിമന്യു ഈശ്വരൻ, സുദീപ് കുമാർ ഗരാമി, മുഹമ്മദ് ഷമി, മുകേഷ് കുമാർ, ഷഹബാസ് അഹമ്മദ്, സൂരജ് ജയ്‌സ്വാൾ, വിരാട് സിങ്, കുമാർ കുശാഗ്ര, ശിഖർ മോഹൻ, സുഭ്രാൻഷു സേനാപതി, അഭിജിത്ത് സർക്കാർ, അനുകുൽ റോയ്, ഡെനിഷ് ദാസ്.

Tags:    
News Summary - Harsha Bhogle Questions Vaibhav’s Vice-Captaincy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.