ലണ്ടൻ: ഇംഗ്ലണ്ട് പുരുഷ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി മുൻ ന്യൂസിലൻഡ് ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ പരിശീലകനുമായിരുന്ന സ്റ്റീഫൻ ഫ്ലെമിങ്ങിനെയും, ടെസ്റ്റ് ടീം ക്യാപ്റ്റനായി ജോ റൂട്ടിനെയും ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് നിയമിച്ചു. അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ബെൻ സ്റ്റോക്സിന്റെ പകരക്കാരനായാണ് റൂട്ട് വീണ്ടും നായകസ്ഥാനത്തേക്ക് എത്തുന്നത്.
ന്യൂസിലൻഡിനെതിരായ പരമ്പര പരാജയത്തിന് പിന്നാലെ ടെസ്റ്റ് ടീം പരിശീലക സ്ഥാനത്തുനിന്ന് ബ്രണ്ടൻ മക്കല്ലത്തെ മാറ്റിയിരുന്നു. എന്നാൽ അദ്ദേഹം വൈറ്റ് ബാൾ കോച്ചായി തുടരും. ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈറ്റ് ബാൾ ക്യാപ്റ്റനായ ഹാരി ബ്രൂക്കിനെയും ഇംഗ്ലണ്ട് പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം വൈറ്റ് ബാൾ ഫോർമാറ്റുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കട്ടെയെന്ന് ബോർഡ് തീരുമാനിക്കുകയായിരുന്നു.
18 വർഷത്തോളം ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പർ കിങ്സിന്റെ പരിശീലകനായിരുന്ന സ്റ്റീഫൻ ഫ്ലെമിങ് ഈ വർഷം ആദ്യമാണ് ആ സ്ഥാനം ഒഴിഞ്ഞത്. "ഇംഗ്ലണ്ട് ടെസ്റ്റ് ടീം പരിശീലകനാകുന്നതിൽ അതിയായ സന്തോഷമുണ്ട്. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും അഭിമാനകരമായ പരിശീലക സ്ഥാനങ്ങളിലൊന്നാണിത്," ഫ്ലെമിങ് പറഞ്ഞു. ജോ റൂട്ടിനെപ്പോലൊരു മികച്ച പ്രതിഭയ്‌ക്കൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താനെതിരെ ആഗസ്റ്റ് 19-ന് ലീഡ്സിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമാകും ഫ്ലെമിങ് ടീമിനൊപ്പം ചേരുക. അതുവരെ മുൻ താരം മാർക്കസ് ട്രെസ്കോത്തിക്ക് ആയിരിക്കും ടീമിന്റെ ഇടക്കാല പരിശീലകൻ.
ഇത് രണ്ടാം തവണയാണ് ജോ റൂട്ട് ഇംഗ്ലണ്ടിന്റെ സ്ഥിരം ടെസ്റ്റ് ക്യാപ്റ്റനാകുന്നത്. നേരത്തെ 2022-ൽ ആഷസ് പരമ്പരയിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ റൂട്ട് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരുന്നു. 35-കാരനായ താരം ഇതുവരെ 65 ടെസ്റ്റുകളിൽ ഇംഗ്ലണ്ടിനെ നയിച്ചിട്ടുണ്ട്. ഇതിൽ 27 വിജയവും 27 തോൽവിയുമാണ് ഫലം. അടുത്തിടെ, ചെൽസിയിലെ നിശാക്ലബ്ബ് വിവാദത്തെ തുടർന്ന് ബെൻ സ്റ്റോക്സിന് വിലക്ക് ലഭിച്ചപ്പോൾ ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ റൂട്ട് താൽക്കാലികമായി ടീമിനെ നയിച്ചിരുന്നു. ആ താത്കാലിക പദവിയിൽ നിന്നാണ് റൂട്ട് ഇപ്പോൾ സ്ഥിരം ക്യാപ്റ്റനായി മടങ്ങിയെത്തുന്നത്.
"വീണ്ടും ഇംഗ്ലണ്ട് പുരുഷ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാകാൻ കഴിഞ്ഞത് വലിയ ബഹുമതിയും അംഗീകാരവുമാണ്. സ്റ്റീഫൻ ഫ്ലെമിങ്ങിനൊപ്പം പുതിയ തലമുറയെ മുന്നോട്ട് നയിക്കാൻ കാത്തിരിക്കുകയാണ്," ജോ റൂട്ട് വ്യക്തമാക്കി.
നിശാക്ലബ്ബ് വിവാദവും അതിന് പിന്നാലെയുണ്ടായ ബെൻ സ്റ്റോക്സിന്റെ അപ്രതീക്ഷിത വിരമിക്കലുമെല്ലാം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ കലുഷിതമായ സാഹചര്യങ്ങളെ മറികടക്കാൻ ലക്ഷ്യമിട്ടാണ് പരിചയസമ്പന്നരായ ഫ്ലെമിങ്ങിനെയും റൂട്ടിനെയും ഇ.സി.ബി വീണ്ടും തലപ്പത്തേക്ക് കൊണ്ടുവന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.