മത്സരിക്കേണ്ടത് സ്വന്തം ടീമംഗങ്ങളോടല്ല, എതിരാളികളോട്'; തന്റെ നിലപാട് വീണ്ടും വ്യക്തമാക്കി സഞ്ജു സാംസൺ

ദുബൈ: അടുത്തിടെ നടത്തിയ പ്രസ്താവനകൾ വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മലയാളി താരം സഞ്ജു സാംസൺ. താൻ സാധാരണ കാര്യങ്ങൾ മാത്രമാണ് പറഞ്ഞതെന്നും, സമൂഹമാധ്യമങ്ങൾ അത് മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കുകയായിരുന്നുവെന്നും സഞ്ജു ദുബായിൽ മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം ടീമംഗങ്ങളുമായി മത്സരിക്കാൻ തനിക്ക് ഒട്ടും താല്പര്യമില്ലെന്നും എതിർ ടീമിലെ താരങ്ങളോടാണ് മത്സരിക്കേണ്ടതെന്നും സഞ്ജു വ്യക്തമാക്കി.

"കളിക്കേണ്ടത് എതിർ ടീമിലെ താരങ്ങളോടാണ്. ഇന്ന് അവരെ തോൽപ്പിക്കണം, നിർണായക മത്സരമാണ് എന്ന് കണ്ട് കളിക്കാനാണ് എനിക്കിഷ്ടം. അതാണ് എന്റെ താല്പര്യവും ഊർജവും. അല്ലാതെ സ്വന്തം ടീമംഗങ്ങളോട് മത്സരിക്കാൻ പണ്ടേ താല്പര്യമില്ല.

ന്യൂസിലൻഡ് പര്യടനം കഴിഞ്ഞ് ലോകകപ്പിന് തൊട്ടുമുൻപാണ് എനിക്ക് ഈ തോന്നലുണ്ടായത്. അത് അങ്ങനെ തന്നെ കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്," സഞ്ജു പറഞ്ഞു. അനാവശ്യ സമ്മർദങ്ങളില്ലാതെ ക്രിക്കറ്റ് ആസ്വദിച്ച് കളിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസത്തെ അഭിമുഖത്തിൽ താൻ പറഞ്ഞത് സാധാരണ കാര്യങ്ങൾ മാത്രമായിരുന്നുവെന്ന് സഞ്ജു ആവർത്തിച്ചു. "മുഴുവൻ അഭിമുഖവും കണ്ടാൽ അത് മനസ്സിലാകും. പറയേണ്ട കാര്യങ്ങൾ പറയുക തന്നെ വേണം. എന്നാൽ ഇന്നത്തെ കാലത്ത് ആളുകൾക്ക് കാര്യങ്ങളെ ഏത് രീതിയിൽ വേണമെങ്കിലും മാറ്റിയെടുക്കാം.

സോഷ്യൽ മീഡിയയിൽ വരുന്ന കാര്യങ്ങളൊന്നും എന്നെ ബാധിക്കാറില്ല." വിവാദങ്ങൾക്ക് ശേഷം തന്റെ ആത്മവിശ്വാസം വർധിക്കുകയാണുണ്ടായതെന്നും മികച്ച നിരവധി മത്സരങ്ങൾ കളിക്കാൻ സാധിച്ചതായും സഞ്ജു വ്യക്തമാക്കി.

ക്രിക്കറ്റിൽ കയറ്റിറക്കങ്ങൾ സ്വാഭാവികമാണെന്നും കരിയറിൽ തിരിച്ചടികൾ നേരിടുമ്പോൾ സ്വന്തം പ്രകടനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നതെന്നും താരം പറഞ്ഞു. ടീമിലെ റോളുകൾ മാറിമറിയുമ്പോഴും ശാന്തനായി കളിയെ സമീപിക്കാനാണ് ശ്രമം.

ദിവസങ്ങൾക്ക് മുൻപ് ജിയോ സ്റ്റാറിലെ ഒരു ഷോയിൽ സംസാരിക്കവെ സഞ്ജു നടത്തിയ പരാമർശങ്ങളാണ് വലിയ ചർച്ചയായത്. ഇന്ത്യൻ ക്രിക്കറ്റിലെ സെലക്ഷനുമായി ബന്ധപ്പെട്ട എലിപ്പന്തയത്തിൽ (Rat race) പങ്കെടുക്കാൻ താനില്ലെന്നും, തന്നെ ആരും ഗൈഡ് ചെയ്യേണ്ടതില്ലെന്നും സഞ്ജു പറഞ്ഞിരുന്നു. 31 വയസ്സായ തനിക്ക് സ്വന്തമായി തീരുമാനങ്ങളെടുക്കാൻ അറിയാമെന്നും, 2026 ലോകകപ്പിന് മുൻപ് തന്നെ ഇത്തരം മത്സരങ്ങളുടെ ഭാഗമാകേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെന്നുമുള്ള സഞ്ജുവിന്റെ തുറന്നുപറച്ചിൽ ചില കോണുകളിൽ നിന്ന് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് തന്റെ വാക്കുകളുടെ യഥാർത്ഥ ഉദ്ദേശ്യം വ്യക്തമാക്കി താരം വീണ്ടും രംഗത്തെത്തിയത്.

Tags:    
News Summary - Sanju Samson Clarifies Controversial Remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.