ആഷസ് ആവേശമാക്കാൻ സ്റ്റോക്സ് വരണം; ആഗ്രഹമറിയിച്ച് ഓസീസ് പരിശീലകൻ ആൻഡ്രൂ മക്ഡൊണാൾഡ്

മെൽബൺ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിതമായി വിരമിച്ച ഇംഗ്ലണ്ട് ഇതിഹാസം ബെൻ സ്റ്റോക്സിനോട് തീരുമാനം പിൻവലിച്ച് മടങ്ങിയെത്താൻ ആവശ്യപ്പെട്ട് ആസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ആൻഡ്രൂ മക്ഡൊണാൾഡ്. അടുത്ത വർഷം ഇംഗ്ലണ്ടിൽ നടക്കുന്ന ആഷസ് പരമ്പരയിൽ കളിക്കാൻ സ്റ്റോക്സ് തിരിച്ചെത്തണമെന്നും, ഇംഗ്ലണ്ടിന്റെ പുതിയ ടെസ്റ്റ് പരിശീലകനായി എത്തുന്നയാൾ ഇതിനായി മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

"സ്റ്റോക്സ് വിരമിക്കൽ തീരുമാനം മാറ്റി ഒരു ആഷസ് പരമ്പര കൂടി കളിക്കാൻ എത്തുകയാണെങ്കിൽ സ്വപ്നതുല്യ തിരിച്ചുവരവ് ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരമ്പരയ്ക്ക് അത് വലിയ ആവേശം നൽകും. സ്റ്റോക്സിൽ ഇനിയും ഒരുപാട് മികച്ച ക്രിക്കറ്റ് ബാക്കിയുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പുതിയതായി വരുന്ന ഇംഗ്ലണ്ട് പരിശീലകൻ അദ്ദേഹവുമായി ഇക്കാര്യം സംസാരിക്കുമെന്ന് തന്നെയാണ് കരുതുന്നത്," മക്ഡൊണാൾഡ് ആസ്ട്രേലിയൻ റേഡിയോ സ്റ്റേഷനായ എസ്.ഇ.എന്നോട് പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റിൽ ഡർഹാമിനായി ഇപ്പോഴും കളിക്കുന്ന സ്റ്റോക്സിന് 35 വയസ്സ് മാത്രമാണ് പ്രായമെന്നും മക്ഡൊണാൾഡ് ചൂണ്ടിക്കാട്ടി. അടുത്ത മാസം ബംഗ്ലാദേശിനെതിരെ ഇറങ്ങുന്ന ഓസ്ട്രേലിയൻ ടീമിൽ സ്റ്റോക്സിനേക്കാൾ പ്രായമുള്ള അഞ്ച് താരങ്ങളെങ്കിലുമുണ്ട്. നഥാൻ ലിയോൺ (38), സ്റ്റീവ് സ്മിത്ത്, സ്കോട്ട് ബോളണ്ട് (ഇരുവർക്കും 37), മിച്ചൽ സ്റ്റാർക്ക് (36), ജോഷ് ഹേസൽവുഡ് (35) എന്നിവരാണവർ. അതിനാൽ പ്രായം സ്റ്റോക്സിന്റെ മടങ്ങിവരവിന് ഒരിക്കലും ഒരു തടസ്സമാകില്ലെന്നാണ് ഓസീസ് പരിശീലകന്റെ വിലയിരുത്തൽ.

ജൂണിൽ ട്രെന്റ് ബ്രിഡ്ജിൽ ന്യൂസിലൻഡിനെതിരെ നടന്ന മൂന്നാം ടെസ്റ്റിനിടെയായിരുന്നു സ്റ്റോക്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. സഹതാരം ഗസ് അറ്റ്കിൻസണും ഉൾപ്പെട്ട ലണ്ടനിലെ നിശാക്ലബ്ബ് വിവാദത്തിന് പിന്നാലെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത പടിയിറക്കം. ഈ വിവാദങ്ങൾക്ക് പിന്നാലെ ടെസ്റ്റ് പരിശീലകനായിരുന്ന ബ്രണ്ടൻ മക്കല്ലത്തെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പുറത്താക്കിയിരുന്നു. മുൻ ന്യൂസിലൻഡ് നായകൻ സ്റ്റീഫൻ ഫ്ലെമിങ് ഇംഗ്ലണ്ടിന്റെ പുതിയ ടെസ്റ്റ് കോച്ചായി എത്തുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.

സ്റ്റോക്സ് എന്തുകൊണ്ടാണ് വിരമിച്ചതെന്ന് ആർക്കും കൃത്യമായി അറിയില്ലെന്നും, ഒരുപക്ഷെ ഇംഗ്ലണ്ടിന്റെ പുതിയ പരിശീലകന് അദ്ദേഹത്തിന്റെ മനസ്സ് മാറ്റാൻ കഴിഞ്ഞേക്കുമെന്നും മക്ഡൊണാൾഡ് വ്യക്തമാക്കി.

Tags:    
News Summary - Andrew McDonald Urges Ben Stokes to Reconsider Retirement for Ashes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.