ഏകദിന ലോകകപ്പ്; സ്ക്വാഡ് അംഗങ്ങളുടെ എണ്ണം 17 ആയി ഉയർത്തണമെന്ന് ആസ്ട്രേലിയൻ പരിശീലകൻ

സിഡ്നി: 2027 ഏകദിന ലോകകപ്പിൽ ടീമുകളിൽ ഉൾപ്പെടുത്താവുന്ന താരങ്ങളുടെ എണ്ണം (സ്ക്വാഡ് സൈസ്) 17 ആയി ഉയർത്തണമെന്ന് ഐ.സി.സിയോട് ആവശ്യപ്പെട്ട് ആസ്‌ട്രേലിയൻ മുഖ്യ പരിശീലകൻ ആൻഡ്രൂ മക്‌ഡൊണാൾഡ്. മത്സരങ്ങളുടെ എണ്ണത്തിലും ടൂർണമെന്റിന്റെ ഘടനയിലും മാറ്റം വരുമ്പോൾ കളിക്കാരുടെ ജോലിഭാരവും പരിക്കുകളും ഫലപ്രദമായി കൈകാര്യം ചെയ്യാൻ വലിയ സ്ക്വാഡുകൾ അത്യാവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവർ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2027 ലോകകപ്പിൽ 14 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഗ്രൂപ്പ് ഘട്ടങ്ങൾക്ക് പുറമെ സൂപ്പർ സീരീസ്, സൂപ്പർ 7 റൗണ്ടുകൾ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ ഫോർമാറ്റ്. 2023 ലോകകപ്പിൽ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ആകെ 11 മത്സരങ്ങൾ കളിച്ചപ്പോൾ, പുതിയ ഫോർമാറ്റിൽ കിരീടം നേടുന്ന ടീം കുറഞ്ഞത് 13 മുതൽ 15 മത്സരങ്ങൾ വരെ കളിക്കേണ്ടി വരും.

കടുത്ത മത്സരക്രമവും തുടർച്ചയായ യാത്രകളും കളിക്കാരുടെ ഫിറ്റ്നസിനെ ബാധിക്കാൻ സാധ്യതയുണ്ട്. 50-50 ഫിറ്റ്നസുള്ള പ്രമുഖ താരങ്ങളെയും ടീമിനൊപ്പം കൊണ്ടുപോകാനും സാഹചര്യങ്ങൾക്കനുസരിച്ച് പ്ലേയിങ് ഇലവൻ തിരഞ്ഞെടുക്കാനും വലിയ സ്ക്വാഡ് സഹായിക്കുമെന്നും മക്‌ഡൊണാൾഡ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ലോകകപ്പിൽ 15 അംഗ സ്ക്വാഡുമായി കളിച്ചപ്പോൾ നേരിട്ട ബുദ്ധിമുട്ടുകൾ ഓസീസ് പരിശീലകൻ ഓർമിപ്പിച്ചു. ടൂർണമെന്റിന് മുൻപ് വിരലിന് പരിക്കേറ്റ സ്റ്റാർ ഓപ്പണർ ട്രാവിസ് ഹെഡിന് പകരക്കാരനെ ഔദ്യോഗികമായി പ്രഖ്യാപിക്കാതെയാണ് ഓസ്ട്രേലിയ ടീമിൽ നിലനിർത്തിയത്.

ഐ.സി.സി നിയമപ്രകാരം പരിക്കേറ്റ കളിക്കാരന് പകരം പുതിയ ആളെ ഉൾപ്പെടുത്തിയാൽ പിന്നീട് പഴയ താരത്തെ തിരികെ വിളിക്കാൻ കഴിയില്ല. ഇതോടെ ആദ്യ ഘട്ട മത്സരങ്ങളിൽ 14 ഫിറ്റ് കളിക്കാരെ വെച്ചാണ് ഓസീസ് കളിച്ചത്. ഹെഡ് പിന്നീട് തിരിച്ചെത്തി സെമിയിലും ഫൈനലിലും മികച്ച പ്രകടനത്തോടെ ടീമിനെ കിരീടത്തിലേക്ക് നയിച്ചെങ്കിലും തുടക്കത്തിൽ ടീം സെലക്ഷൻ കടുത്ത പ്രതിസന്ധിയിലായിരുന്നു.

2026 ഫിഫ ഫുട്ബോൾ ലോകകപ്പിൽ 26 അംഗ സ്ക്വാഡിനെ അനുവദിച്ച കാര്യം ചൂണ്ടിക്കാട്ടിയ മക്‌ഡൊണാൾഡ്, ക്രിക്കറ്റിലും സ്ക്വാഡ് അംഗങ്ങളുടെ എണ്ണം 17 ആക്കണമെന്ന് ആവശ്യപ്പെട്ടു. ലോകകപ്പിന് മുന്നോടിയായി ഇന്ത്യക്കും ഇംഗ്ലണ്ടിനുമെതിരായ പരമ്പരകൾ ഉൾപ്പെടെ 14 മാസത്തിനിടെ 20-ലധികം ടെസ്റ്റ് മത്സരങ്ങൾ ഓസ്ട്രേലിയ കളിക്കേണ്ടതുണ്ട്.

പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, മിച്ചൽ സ്റ്റാർക്ക് തുടങ്ങിയ മുൻനിര പേസർമാരുടെ ജോലിഭാരം ക്രമീകരിക്കാനും ഇത് അത്യാവശ്യമാണ്. പരിക്കുമൂലം മികച്ച താരങ്ങൾക്ക് ടൂർണമെന്റ് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ ഐ.സി.സി ഈ വിഷയം ഗൗരവമായി പരിഗണിക്കണമെന്ന് മക്‌ഡൊണാൾഡ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Andrew McDonald Urges ICC to Increase Squad Size to 17

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.