15-ാം വയസ്സിൽ ഉപനായകപട്ടം; ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോൺ ഉപനായകനായി വൈഭവ് സൂര്യവംശി

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ സെൻസേഷനായ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി നേതൃനിരയിലേക്ക്. ആഗസ്റ്റ് 23-ന് ആരംഭിക്കുന്ന ദുലീപ് ട്രോഫി ടൂർണമെന്റിൽ ഈസ്റ്റ് സോൺ ടീമിന്റെ ഉപനായകനായാണ് വൈഭവിനെ പ്രഖ്യാപിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനാണ് ടീമിനെ നയിക്കുന്നത്. വൈഭവിനെ വെറുമൊരു ടി20 സ്പെഷ്യലിസ്റ്റ് എന്നതിലുപരി, മൂന്ന് ഫോർമാറ്റിലും തിളങ്ങാൻ കെൽപ്പുള്ള താരമായി വാർത്തെടുക്കാനുള്ള ബി.സി.സി.ഐയുടെ നീക്കമായാണ് ഈ തീരുമാനത്തെ ക്രിക്കറ്റ് ലോകം നോക്കിക്കാണുന്നത്.

ഐ.പി.എല്ലിലെ മിന്നും പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ സീനിയർ ടീമിലെത്തിയ താരം സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിൽ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിന് പിന്നാലെയാണ് ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും വലിയ റെഡ്-ബോൾ ടൂർണമെന്റുകളിലൊന്നായ ദുലീപ് ട്രോഫിയിലും താരത്തിന് സുപ്രധാന ചുമതല നൽകിയിരിക്കുന്നത്. ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്കുള്ള വാതിൽ ഉടൻ തുറക്കില്ലെങ്കിലും, ഭാവി മുന്നിൽക്കണ്ട് താരത്തെ ടെസ്റ്റ് ക്രിക്കറ്റിനായി സജ്ജമാക്കുകയാണ് സെലക്ടർമാരുടെ ലക്ഷ്യം.

ടൂർണമെന്റിൽ ബംഗാൾ താരം അഭിമന്യു ഈശ്വരനൊപ്പം വൈഭവ് ഓപ്പണറായി ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരത്തിന് തീർത്തും അപരിചിതമല്ല. ബിഹാറിനായി 8 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച വൈഭവ് 17.25 ശരാശരിയിൽ 207 റൺസ് നേടിയിട്ടുണ്ട്. പുറത്താകാതെ നേടിയ 93 റൺസാണ് ഉയർന്ന സ്കോർ. നേരത്തെ രഞ്ജി ട്രോഫിയിൽ ബിഹാർ ടീമിന്റെ ഉപനായകനായും ഈ കൗമാരക്കാരൻ പ്രവർത്തിച്ചിട്ടുണ്ട്.

സിംബാബ്‌വെ പര്യടനത്തിലെ മികച്ച ബാറ്റിങ് പ്രകടനത്തോടെ ഐ.സി.സി ടി20 റാങ്കിങ്ങിൽ വൈഭവ് വൻ മുന്നേറ്റം നടത്തിയിരുന്നു. പരമ്പരയിലെ മൂന്നു മത്സരങ്ങളിൽനിന്നായി രണ്ട് അർധസെഞ്ചറികൾ ഉൾപ്പെടെ 50.33 ശരാശരിയിൽ 151 റൺസാണ് താരം അടിച്ചുകൂട്ടിയത്. പ്ലെയർ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ വൈഭവ് ഒറ്റയടിക്ക് 230 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 48-ാം റാങ്കിലെത്തി. സെപ്റ്റംബറിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനായി വീണ്ടും ടി20 ഫോർമാറ്റിലേക്ക് മാറുന്നതിന് മുൻപ് റെഡ്-ബോൾ ക്രിക്കറ്റിൽ തന്റെ പ്രതിഭ തെളിയിക്കാനുള്ള സുവർണാവസരമാണ് വൈഭവിന് ദുലീപ് ട്രോഫിയിലുള്ളത്.

ഇഷാൻ കിഷനും വൈഭവിനും പുറമെ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി, മുകേഷ് കുമാർ, അഭിമന്യു ഈശ്വരൻ, ഷഹബാസ് അഹമ്മദ് തുടങ്ങി വമ്പൻ താരനിരയാണ് ഈസ്റ്റ് സോണിലുള്ളത്. 2025 ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ശേഷം ഇന്ത്യൻ കുപ്പായത്തിൽ ഇറങ്ങിയിട്ടില്ലാത്ത ഷമിയുടെ തിരിച്ചുവരവ് കൂടിയാകും ഈ ടൂർണമെന്റ്. ആഭ്യന്തര ക്രിക്കറ്റിൽ അടുത്തിടെ ബംഗാളിനായി ഷമി മികച്ച പ്രകടനം നടത്തിയിരുന്നു.

ഇഷാൻ കിഷൻ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി (വൈസ് ക്യാപ്റ്റൻ), അഭിമന്യു ഈശ്വരൻ, സുദീപ് കുമാർ ഗരാമി, ഷഹബാസ് അഹമ്മദ്, സൂരജ് സിന്ധു ജയ്സ്വാൾ, മുഹമ്മദ് ഷമി, മുകേഷ് കുമാർ, കുമാർ കുശാഗ്ര, ശിഖർ മോഹൻ, അനുകുൽ റോയ്, വിരാട് സിങ്, സുബ്രാൻഷു സേനാപതി, ഡെനിഷ് ദാസ്, അഭിജിത് സർക്കാർ.

Tags:    
News Summary - Vaibhav Suryavanshi Named East Zone Vice-Captain for Duleep Trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.