അജിങ്ക്യ രഹാനെ

ക്യാപ് 278 സൈനിങ് ഓഫ് ! വിരമിക്കൽ പ്രഖ്യാപിച്ച് ക്രിക്കറ്റർ അജിങ്ക്യ രഹാനെ

മുംബൈ: ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ വിശ്വസ്ത ബാറ്റർ അജിങ്ക്യ രഹാനെ കളമൊഴിഞ്ഞു. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കുന്നതായി 38കാരനായ താരം വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

ഇന്ത്യൻ കുപ്പായത്തിൽ ഒരു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ശ്രദ്ധേയമായ കരിയറിനാണ് ഇതോടെ തിരശ്ശീല വീണത്. ഇന്ത്യക്കായി 85 ടെസ്റ്റുകളിലും 90 ഏകദിനങ്ങളിലും 20 ട്വന്റി20 മത്സരങ്ങളിലുമായി 8,000ത്തിലധികം റൺസ് നേടിയിട്ടുണ്ട്. പരിക്കുമൂലം മുൻനിര താരങ്ങളില്ലാതെ ഇറങ്ങിയ ഇന്ത്യൻ ടീമിനെ മെൽബണിലെ സെഞ്ച്വറിയുടെ കരുത്തിൽ 2020-21ലെ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ചരിത്ര വിജയത്തിലേക്ക് (2-1) നയിച്ചതാണ് താരത്തിന്‍റെ കരിയറിലെ ഹൈലൈറ്റ്.

2023ലെ വെസ്റ്റിൻഡീസ് പര്യടനത്തിലാണ് രഹാനെ അവസാനമായി ടെസ്റ്റ് കളിച്ചത്. ഏകദിന ഫോർമാറ്റിൽ 2018ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു അവസാന മത്സരം. ‘ക്യാപ് 278 സൈനിങ് ഓഫ്. ഇത്രയും വർഷങ്ങളായി നൽകിയ എല്ലാ സ്നേഹത്തിനും പിന്തുണക്കു നന്ദി. എന്നും കടപ്പെട്ടിരിക്കുന്നു’ -വിരമിക്കൽ പ്രഖ്യാപിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ രഹാനെ പറയുന്നു. എല്ലാത്തിനും ഒരു തുടക്കമുണ്ട്, അതുപോലെ ഒടുക്കവും എന്നത് ജീവിതത്തിലെ യഥാർഥ്യമാണ്.

ആ സമയം വരുമ്പോൾ, അതിനെ ബഹുമാനിക്കുകയും മുന്നോട്ട് പോകുകയും വേണം. ബാറ്റിങ്ങിൽ താൻ എപ്പോഴും സമയത്തെ ആശ്രയിച്ചിരുന്നു, അതിന്റെ പ്രാധാന്യം എന്നും മനസ്സിലാക്കിയിട്ടുണ്ടെന്നും രഹാനെ വിഡിയോയിൽ പറയുന്നുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കൽ പ്രഖ്യാപിക്കാനുള്ള അനുയോജ്യമായ സമയമാണിതെന്നും താരം കൂട്ടിച്ചേർത്തു. ഇന്ത്യൻ ടീമിൽ അവസരങ്ങൾ ലഭിച്ചില്ലെങ്കിലും ഐ.പി.എല്ലിൽ സജീവമായിരുന്നു. കഴിഞ്ഞ രണ്ട് സീസണുകളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. ആഭ്യന്തര റെഡ് ബാൾ ക്രിക്കറ്റിൽ മുംബൈ ടീമിലെ സ്ഥിരസാന്നിധ്യമാണ്. അജിങ്ക്യ രഹാനെയുടെ വിരമിക്കൽ ഇന്ത്യൻ ക്രിക്കറ്റിലെ ഒരു അവിസ്മരണീയ അധ്യായത്തിന്റെ അവസാനമാണെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അജിങ്ക്യ നായിക് പ്രതികരിച്ചു.

രഹാനെയുടെ സമർപ്പണം, സമ്മർദ ഘട്ടങ്ങളിലെ ശാന്തത, മികവിനോടുള്ള പ്രതിബദ്ധത എന്നിവ അദ്ദേഹത്തെ മുംബൈ ക്രിക്കറ്റിന്റെ ഏറ്റവും മികച്ച അംബാസഡർമാരിൽ ഒരാളാക്കി മാറ്റി. അദ്ദേഹത്തിന്റെ പാരമ്പര്യം വരും തലമുറകൾക്ക് പ്രചോദനമാകുമെന്നും നായിക് കൂട്ടിച്ചേർത്തു.

Tags:    
News Summary - Ajinkya Rahane Announces Shock Retirement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.