തിരുവനന്തപുരം: വനിത ട്വന്‍റി20 പരമ്പരയിലെ അവസാനത്തെ മത്സരത്തിൽ ഇന്ത്യക്കെതിരെ ലങ്കക്ക് 176 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്‍റെ അർധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 43 പന്തിൽ ഒരു സിക്സും ഒമ്പതു ഫോറുമടക്കം 68 റൺസെടുത്താണ് കൗർ പുറത്തായത്. അവസാന ഓവറുകളിൽ അരുന്ധതി റെഡ്ഡി തകർത്തടിച്ചു. 11 പന്തിൽ 27 റൺസ് അടിച്ചെടുത്ത് താരം പുറത്താകാതെ നിന്നു. ഇന്ത്യക്കായി ട്വന്‍റി20 അരങ്ങേറ്റം കുറിച്ച 17കാരി കമലിനി 12 പന്തിൽ 12 റൺസെടുത്ത് പുറത്തായി. ഷെഫാലി വർമ (ആറു പന്തിൽ അഞ്ച്), ഹർലീൻ ഡിയോൾ (11 പന്തിൽ 13), റിച്ച ഘോഷ് (ആറു പന്തിൽ അഞ്ച്), ദീപ്തി ശർമ (എട്ടു പന്തിൽ ഏഴ്), അമൻജോത് കൗർ (18 പന്തിൽ 21) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ആറു പന്തിൽ എട്ടു റൺസുമായി സ്നേഹ് റാണയും പുറത്താകാതെ നിന്നു.
ലങ്കക്കായി കവിഷ ദിൽഹരി, രഷ്മിക സെവ്വന്ദി, ചമരി അത്തപത്തു എന്നിവർ ഒരു വിക്കറ്റ് വീതം വീഴ്ത്തി. സൂപ്പർ ബാറ്റർ സ്മൃതി മന്ദാനയും രേണുക സിങ് ഠാക്കൂറിനും ഇന്ത്യ വിശ്രമം നൽകി. എല്ലാ മത്സരങ്ങളും ജയിച്ച ഇന്ത്യൻ വനിതകൾ പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങിയത്. നിലവിൽ നാല് മത്സരങ്ങളും വിജയിച്ച് 4-0ത്തിന് ഇന്ത്യ പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിക്കഴിഞ്ഞു. തുടർച്ചയായ തോൽവികളിൽ പതറുന്ന ശ്രീലങ്കക്ക് ഇന്നത്തെ മത്സരം അഭിമാന പോരാട്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.