ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റിൽ വിജയയാത്ര തുടരുന്ന ഇന്ത്യ കലാശപ്പോരിലേക്കുള്ള വഴിയിൽ ബുധനാഴ്ച ബംഗ്ലാദേശിനെ നേരിടും. സൂപ്പർ ഫോറിലെ ആദ്യ കളിയിൽ പാകിസ്താനെ തകർത്ത സൂര്യകുമാർ യാദവിനും കടുവകളെ കീഴടക്കാനായാൽ ഫൈനലിലേക്ക് ഒരുപടികൂടി അടുക്കാം. ശ്രീലങ്കയെ തോൽപിച്ചതിന്റെ ആവേശത്തിലാണ് ബംഗ്ലാദേശുമെത്തുന്നത്. കടലാസിലും കളത്തിലും ഇന്ത്യക്കുള്ള വ്യക്തമായ മേധാവിത്വം ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലും കാണാമെന്ന കണക്കുകൂട്ടലിലാണ് ആരാധകർ.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യക്ക് ആശങ്കകൾ തെല്ലുമില്ല. ഓപണർമാരായ അഭിഷേക് ശർമയും ശുഭ്മൻ ഗില്ലും ഫോമിലാണ്. മറ്റുള്ളവരും വിശ്വാസം കാക്കുന്നുണ്ട്. ബൗളർമാരും അവരുടെ റോൾ ഭംഗിയാക്കുന്നു. ഓൾ റൗണ്ടർമാരുടെ കൂട്ടത്തിൽ ശിവം ദുബെ വിക്കറ്റുകൾ നേടി മിന്നുന്നുണ്ട്. മധ്യനിര ബാറ്റർ റിങ്കു സിങ്ങിനും വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമക്കും ടൂർണമെന്റിൽ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. ക്യാപ്റ്റൻ ലിറ്റൻ ദാസ്, തൗഹീദ് ഹൃദോയ്, സെയ്ഫ് ഹസൻ ഉൾപ്പെടെയുള്ള ബാറ്റർമാർ റൺസ് കണ്ടെത്തുന്നത് ബംഗ്ലാദേശിന് പ്രതീക്ഷയാണ്. പേസർമാരായ മുസ്തഫിസുർറഹ്മാനും തസ്കിൻ അഹ്മദും കഴിഞ്ഞ മത്സരങ്ങളിൽ അപകടം വിതറിയിരുന്നു. ട്വന്റി20 ഫോർമാറ്റിൽ ഇന്ത്യക്കെതിരെ 17 മത്സരങ്ങൾ കളിച്ച ബംഗ്ലാദേശിന് ഒന്നിൽ മാത്രമാണ് ജയിക്കാനായത്.
ടീം ഇവരിൽനിന്ന്
ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, അർഷ്ദീപ് സിങ്, റിങ്കു സിങ്, ജിതേഷ് ശർമ.
ബംഗ്ലാദേശ്: ലിറ്റൻ ദാസ് (ക്യാപ്റ്റൻ), തൻസീദ് ഹസൻ, സെയ്ഫ് ഹസൻ, തൗഹീദ് ഹൃദോയ്, ജാക്കർ അലി, ഷമീം ഹുസൈൻ, മെഹ്ദി ഹസൻ, റിഷാദ് ഹുസൈൻ, നസും അഹ്മദ്, മുസ്തഫിസുർറഹ്മാൻ, ശരീഫുൽ ഇസ്ലാം, തൻസിം ഹസൻ സാകിബ്, തസ്കിൻ അഹ്മദ്, മുഹമ്മദ് സൈഫുദ്ദീൻ, പർവേസ് ഹുസൈൻ ഇമോൻ, നൂറുൽ ഹസൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.