വിക്കറ്റുനേട്ടം ആഘോഷിക്കുന്ന യു.എസ് താരങ്ങൾ

ജയത്തോടെ ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കി യു.എസ്.എ; നമീബിയക്കെതിരെ ജയം 31 റൺസിന്

ചെന്നൈ: ലോകകപ്പ് ഗ്രൂപ്പ് എയിലെ ആവേശകരമായ മത്സരത്തിൽ നമീബിയക്കെതിരെ യു.എസ്.എക്ക് 31 റൺസിന്‍റെ വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത യു.എസ്.എ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 199 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയക്ക് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് മാത്രമേ എടുക്കാനായുള്ളൂ. ക്യാപ്റ്റൻ മൊനാങ്ക് പട്ടേലും സഞ്ജയ് കൃഷ്ണമൂർത്തിയും തകർത്തടിച്ചതാണ് യു.എസ്.എയെ മികച്ച സ്കോറിലെത്തിച്ചത്. 33 പന്തിൽ പുറത്താകാതെ 68 റൺസെടുത്ത സഞ്ജയ് ആണ് കളിയിലെ താരം.

മൊനാങ്ക് പട്ടേൽ 30 പന്തിൽ 52 റൺസ് നേടി. മത്സരത്തിനിടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 1000 റൺസ് തികക്കുന്ന ആദ്യ അമേരിക്കൻ താരം എന്ന നേട്ടവും മൊനാങ്ക് സ്വന്തമാക്കി. ഓപ്പണർ ഷായൻ ജഹാംഗീർ 22 റൺസും മിലിന്ദ് കുമാർ 28 റൺസും നേടി. നമീബിയൻ ബൗളിങ് നിരയിൽ വില്യം മൈബർഗ്, ഗെർഹാർഡ് ഇറാസ്മസ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

200 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ നമീബിയക്ക് യു.എസ് ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ലോറൻ സ്റ്റീൻകാമ്പ് 50 പന്തിൽ 64 റൺസെടുത്ത് പൊരുതിയെങ്കിലും മറ്റ് ബാറ്റർമാർക്ക് പിന്തുണ നൽകാനായില്ല.ജെജെ സ്മിറ്റ് 31 റൺസും ജാൻ ഫ്രൈലിങ്ക് 25 റൺസും നേടി. അലി ഖാൻ, സൗരഭ് നേത്രവാൽക്കർ എന്നിവരടങ്ങുന്ന യു.എസ് ബൗളിങ് നിര കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി നമീബിയയെ പ്രതിരോധത്തിലാക്കി.

ജയത്തോടെ ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ മത്സരങ്ങൾ യു.എസ്.എ പൂർത്തിയാക്കി. നാല് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവുമായി നാല് പോയിന്റാണ് അവർക്കുള്ളത്. സൂപ്പർ എട്ട് റൗണ്ടിലേക്ക് യോഗ്യത നേടണമെങ്കിൽ ഇനി ഇന്ത്യയുടെയോ പാകിസ്താന്റെയോ മത്സരഫലങ്ങളെ യു.എസ്.എക്ക് ആശ്രയിക്കേണ്ടി വരും. അതേസമയം, തുടർച്ചയായ പരാജയങ്ങളോടെ നമീബിയ ടൂർണമെന്റിൽനിന്ന് പുറത്തായി.

Tags:    
News Summary - USA vs Namibia | T20 World Cup 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.