സ്മൃതി മന്ദാനയും ഷഫാലി വർമയും

കപ്പിനും ചരിത്രത്തിനുമിടയിൽ 10 വിക്കറ്റ് ദൂരം; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 298 റൺസ്

മുംബൈ: ഐ.സി.സി വനിതാ ഏകദിന ക്രിക്കറ്റിലെ ലോകകിരീടത്തിലേക്കുള്ള പാതിദൂരം വിജയകരമായി പിന്നിട്ട് ഇന്ത്യൻ പെൺപട. മഴകാരണം രണ്ടു മണിക്കൂറിലേറെ വൈകി ആരംഭിച്ച കലാശപ്പോരാട്ടത്തിൽ ആദ്യ ബാറ്റിങ്ങിന് നിയോഗിക്കപ്പെട്ട ഇന്ത്യൻ വനിതകൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് നിയോഗിക്കപ്പെട്ട ഇന്ത്യ ബാറ്റിങ് നിരയുടെ കൂട്ടായ പോരാട്ടത്തിലൂടെയാണ് ​പൊരുതാവുന്ന സ്കോറിലേക്കെത്തിയത്.

ഓപണർമാരായ സ്മൃതി മന്ദാനയും (45), ഷഫാലി വർമയും (87) മികച്ച തുടക്കം നൽകി. ​വിക്കറ്റൊന്നും നഷ്ടമാവാതെ സ്കോർ നൂറ് കടത്തിയപ്പോൾ, 300നപ്പുറം ടോട്ടലായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ, മധ്യ ഓവറുകളിൽ വിക്കറ്റുകൾ വീഴ്ത്തിയും റൺസൊഴുക്ക് തടഞ്ഞും ദക്ഷിണാഫ്രിക്കൻ ബൗളിങ് നിര ഇന്ത്യക്ക് കടിഞ്ഞാണിട്ടു.

18ാം ഓവറിൽ സ്മൃതി മന്ദാനയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. രണ്ടാം വിക്കറ്റിൽ, സെമിയിലെ വിജയ ശിൽപി ജെമീമ റോഡ്രിഗസിനൊപ്പം (24) ഷഫാലി സ്കോർബോർഡ് ചലിപ്പിച്ചു. ഒടുവിൽ സെഞ്ച്വറിക്ക് 13 റൺസ് അകലെ വെച്ച് താരം പുറത്താവുകയായിരുന്നു. മധ്യനിരയിൽ ദീപ്തി ശർമയും (58), റിച്ച ഘോഷും (34) ചേർന്ന് സ്കോർ കൂടുതൽ ഭദ്രമാക്കി. ഹർമൻ പ്രീത് കൗർ (20), അമൻജോത് കൗർ (12) എന്നിവർ കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയത് തിരിച്ചടിയായി.

ദക്ഷിണാഫ്രിക്കയുടെ അയബോംഗ ഖാക മൂന്ന് വിക്കറ്റ് വീഴ്ത്തി.

സെമിയിൽ സെഞ്ച്വറി നേടിയ ജമീമ 37 പന്തിലാണ് 24 റൺസെടുത്തത്. അതേസമയം, 78 പന്തിൽ രണ്ട് സിക്സും ഏഴ് ബൗണ്ടറിയുമായി ഷഫാലി ക്ലാസ് ഇന്നിങ്സ് പുറത്തെടുത്തു.

Tags:    
News Summary - IND 298/6 in 50 overs; Shafali Verma, Deepti Sharma notch up fifties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.