ചെന്നൈ: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ എട്ടിൽ സിംബാവെക്കെതിരായ നിർണായക മത്സരത്തിൽ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയ സഞ്ജു സാംസന്റെ ബാറ്റിങ്ങിനെ പ്രകീർത്തിച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ.
അഭിഷേക് ശർമക്കൊപ്പം ഓപണറായി ഇറങ്ങിയ സഞ്ജു 15 പന്തിൽ 24 റൺസെടുത്ത് പുറത്തായെങ്കിലും ഇന്ത്യൻ ഇന്നിങ്സിന് മികച്ച അടിത്തറയിടാൻ സഞ്ജുവിന് കഴിഞ്ഞുവെന്ന് ഇർഫാൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
'ഈ ലോകകപ്പിൽ ഇന്ത്യയുടെ ഒന്നാം വിക്കറ്റ് ശരാശരി ഏഴാണ്. മറ്റു ടീമുകളേക്കാളും കുറവ്. ഇന്ന്, സഞ്ജു സാംസൺ ടീമിന് വേണ്ട രീതിയിൽ കൃത്യമായി കളിച്ചു, ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കാൻ സഹായിച്ചു. അദ്ദേഹം തന്റെ ജോലി കൃത്യമായി നിർവഹിച്ചു.'– ഇർഫാൻ പഠാൻ എക്സിൽ കുറിച്ചു.
നിർണായക മത്സരത്തിൽ റിങ്കു സിങ്ങിന് പകരമാണ് സഞ്ജു ടീമിലെത്തിയത്. മുൻനിരയിലെ ഇടംകൈയ്യൻമാർക്കെതിരെ മുൻ മത്സരങ്ങളിൽ ഓഫ്സ്പിന്നർമാരെ എതിർടീമുകൾ ഫലപ്രദമായി ഉപയോഗിച്ച പശ്ചാത്തലത്തിലായിരുന്നു സഞ്ജു ഓപണർ സ്ഥാനത്ത് തിരിച്ചെത്തിയത്. മലയാളി താരം ഓപണറായതോടെ ഇഷാൻ കിഷൻ മൂന്നാം നമ്പറിലേക്കും തിലക് വർമ ആറാം നമ്പറിലേക്കും മാറി.
ഇന്നിങ്സിന്റെ രണ്ടാം പന്തിൽ തന്നെ സിക്സർ പറത്തി തുടങ്ങിയ സഞ്ജു രണ്ട് സിക്സറുകളും ഒരു ഫോറുമാണ് നേടിയത്. തുടക്കം മുതൽ ആക്രമിച്ചുകളിച്ച സഞ്ജുവും അഭിഷേകും ഓപണിങ് വിക്കറ്റിൽ 22 പന്തിൽ 48 റൺസ് ചേർത്തു. നാലാം ഓവറിൽ ബ്ലെസ്സിങ് മുസർബാനിയെ മിഡ്വികറ്റിലേക്ക് പറത്താനുള്ള ശ്രമത്തിൽ റ്യാൻ ബേളിന് ക്യാച്ച് നൽകി സഞ്ജു മടങ്ങുകയായിരുന്നു.
അതേസമയം, മുൻ ഇന്ത്യൻ സ്പിന്നർ ആർ.അശ്വിനും സഞ്ജുവിനെ പ്രകീർത്തിച്ച് രംഗത്തെത്തി. സഞ്ജു സാംസൺ നൽകുന്ന ചെറിയ ഇന്നിങ്സുകൾ പോലും വലിയ ഇംപാക്ട് ഉണ്ടാക്കുന്നുണ്ടെന്ന് അശ്വിൻ പറഞ്ഞു.
'സഞ്ജുവിന് ഫൈനൽ വരെ സ്ഥിരമായി 15 പന്തിൽ 24, 15 പന്തിൽ 28, അല്ലെങ്കിൽ 17 പന്തിൽ 30 എന്നിങ്ങനെ റൺസ് നൽകാൻ സാധിച്ചാൽ, ഇന്ത്യൻ ടീമിന് അത് വലിയ മുതൽക്കൂട്ടാകും. അത്തരത്തിലുള്ള ഫ്ലൈയിങ് സ്റ്റാർട്ട് കളിയുടെ ഗതി തന്നെ മാറ്റും. സഞ്ജു ക്രീസിൽ ഉറച്ചുനിന്നാൽ വലിയ സ്കോറുകൾ നേടാൻ അദ്ദേഹത്തിന് പ്രയാസമില്ല, സഞ്ജൂ, ഇത് നിന്റെ നിമിഷമാണ്. ലഭിക്കുന്ന തുടക്കം മുതലാക്കി മുന്നേറണം. ഇതിലും വലിയൊരു വേദിയും പ്ലാറ്റ്‌ഫോമും ഇനി നിനക്ക് ലഭിക്കാനില്ല. ഈ അവസരം നീ കൃത്യമായി വിനിയോഗിക്കണം'- അശ്വിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.