കൊളംബോ: ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ടിലെ നിർണായക പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ ഇംഗ്ലണ്ടിന് നാല് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഇംഗ്ലീഷ് സ്പിന്നിന് മുന്നിൽ മുട്ടിടിച്ച് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റിന് 159 റൺസെടുത്ത് അവസാനിപ്പിച്ചപ്പോൾ മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് മൂന്ന് പന്ത് ബാക്കിനിൽക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഇംഗ്ലീഷ് നിരയിൽ ഏഴാം വിക്കറ്റിൽ വിൽ ജാക്സും റിഹാൻ അഹമ്മദും തകർത്തടിച്ച് ടീമിനെ വിജയതീരത്തെത്തിച്ചു.
ജാക്സ് 18 പന്തിൽ 32 റൺസെടുത്തപ്പോൾ റിഹാൻ ഏഴ് പന്തിൽ 19 റൺസെടുത്തു. 24 പന്തിൽ 33 റൺസെടുത്ത ടോം ബാന്റൺ, 22 പന്തിൽ 24 റൺസെടുത്ത സാം കുറൻ, 24 പന്തിൽ 26 റൺസെടുത്ത ഹാരി ബ്രൂക്, 16 പന്തിൽ 21 റൺസെടുത്ത ജേക്കബ് ബെതൽ എന്നിവരും സംഭാവനകളർപ്പിച്ചു. മൂന്ന് വിക്കറ്റെടുത്ത രചിൻ രവീന്ദ്രയാണ് ന്യൂസിലൻഡ് ബൗളിങ്ങിൽ തിളങ്ങിയത്.
കിവി ബാറ്റിങ് നിരയിൽ ഒരാളും മികച്ച കളി കെട്ടഴിച്ചില്ല. ഗ്ലെൻ ഫിലിപ്സ് (28 പന്തിൽ 39), ടിം സീഫെർട്ട് (25 പന്തിൽ 35) എന്നിവരായിരുന്നു ശരാശരി സ്കോർ ഉയർത്തുന്നതിൽ നിർണായകമായത്.
മറുവശത്ത്, സ്പിന്നർമാരായ വിൽ ജാക്സ് (2/23), ആദിൽ റാശിദ് (2/28) റിഹാൻ (2/28) എന്നിവരെല്ലാം ന്യുസിലൻഡ് ബാറ്റിങ്ങിനെ വരിഞ്ഞുമുറുക്കി. മറ്റൊരു സ്പിന്നറായ ലിയാം ഡോസണും കിട്ടി ഒരു വിക്കറ്റ്. ഈ ലോകകപ്പിൽ എതിരാളികളെ ശരിക്കും മുൾമുനയിൽനിർത്തുന്ന ജൊഫ്ര ആർച്ചർ മുതൽ ഓരോരുത്തരും മികവു കാട്ടിയപ്പോൾ ന്യുസിലൻഡ് ബാറ്റിങ്ങിന് മൂർച്ച നഷ്ടമായി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ റണ്ണൊഴുക്കിന് വേഗം കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.