‘അവനൊപ്പമുള്ള ബാറ്റിങ് ഏറെ ആസ്വദിക്കുന്നു...’; അഭിഷേകിനൊപ്പമുള്ള ഓപ്പണിങ് ബാറ്റിങ്ങിനെ കുറിച്ച് മനസ്സ് തുറന്ന് സഞ്ജു

ചെന്നൈ: ട്വന്‍റി20 ലോകകപ്പിൽ അഭിഷേക് ശർമക്കൊപ്പം ഓപ്പണിങ് ബാറ്റിങ് ഏറെ ആസ്വദിക്കുന്നതായി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. സിംബാബ്‍വെക്കെതിരെ സൂപ്പർ എട്ട് റൗണ്ട് പോരാട്ടത്തിൽ ഓപ്പണർമാരായ സഞ്ജുവും അഭിഷേകും നൽകിയ ഗംഭീര തുടക്കം പിന്നാലെ എത്തിയവരും ഏറ്റെടുത്തതോടെ ട്വന്റി20 ലോകകപ്പ് മത്സരത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണ് ചെപ്പോക്കിൽ പിറന്നത്.

ഇന്ത്യൻ ടോപ് ഓർഡറിലെ ആറു ബാറ്റർമാരുടെയും സ്ട്രൈക്ക് റേറ്റ് 150ന് മുകളിലായിരുന്നു. ആറു ബാറ്റർമാരും 20 മുകളിൽ റൺസും നേടി. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 256 റൺസടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിൽ സിംബാബ്‍വെക്ക് 20 ഓവറിൽ ആറ് വിക്കറ്റിന് 184 റൺസെടുക്കാനെ കഴിഞ്ഞുള്ളു. തുടക്കം മുതൽ അടിച്ചുകളിച്ച സഞ്ജുവും അഭിഷേകും ഒന്നാം വിക്കറ്റിൽ 22 പന്തിൽ 48 റൺസാണ് കൂട്ടിച്ചേർത്തത്.

നാലാം ഓവറിൽ ബ്ലെസ്സിങ് മുസർബാനിയുടെ പന്തിൽ ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങിയത്. ടൂർണമെന്‍റിലെ ആദ്യ മൂന്നു കളികളിൽ പൂജ്യത്തിന് പുറത്തായ ലോക ഒന്നാം നമ്പർ ട്വന്‍റി20 ബാറ്റർ അഭിഷേക്, ഇന്നലെ 30 പന്തിൽ നാല് വീതം സിക്സും ഫോറുമടക്കം 55 റൺസെടുത്തു. ഓപ്പണിങ് പങ്കാളിയായ അഭിഷേകിന് ധാരാളം ഉപദേശങ്ങൾ നൽകാറുണ്ടെന്ന് സഞ്ജു വ്യക്തമാക്കി. ‘ഞങ്ങൾ തമ്മിലുള്ള ബന്ധം വളരെ ഊഷ്മളമാണ്. സഹോദര എന്ന് വിളിച്ച് എന്നോട് വിക്കറ്റിന്‍റെ സ്വഭാവത്തെ കുറിച്ച് ചോദിക്കുന്നത് പതിവാണ്. ബാളിനെ നോക്കി ശ്രദ്ധയോടെ ബാറ്റു വീശുക, അതിനപ്പുറം ഒന്നുമില്ലെന്ന് ഞാൻ മറുപടി നൽകും. അതുകൊണ്ടു തന്നെ അദ്ദേഹത്തോടൊപ്പമുള്ള ബാറ്റിങ് ഏറെ ആസ്വദിക്കുന്നു. ഞങ്ങൾ പരസ്പരം അഭിനന്ദിക്കും, ഇന്ത്യൻ ടീമിന് മികച്ച തുടക്കം നൽകാനായതിൽ ഏറെ സന്തോഷവനാണ്’ -സഞ്ജു പറഞ്ഞു.

സഞ്ജു ഓപ്പണറായി എത്തിയതോടെ മൂന്നാം നമ്പറിലാണ് ഇഷാൻ കിഷൻ ബാറ്റിങ്ങിനിറങ്ങിയത്. ഇതോടെ ആറാം നമ്പറിലേക്ക് മാറിയ തിലക് വർമയും ഫോം കണ്ടെത്തിയത് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു. 16 പന്തിൽ 44 റൺസുമായി താരം പുറത്താകാതെ നിന്നു.

Tags:    
News Summary - Sanju Samson speaks on his opening combination with Abhishek Sharma in T20 WC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.