രഞ്ജിയിൽ ചരിത്ര കിരീടത്തിനരികെ ജമ്മു-കശ്മീർ, ലീഡ് 450 കടന്നു; ആഖിബിന് അഞ്ചു വിക്കറ്റ്

ഹുബ്ബള്ളി: രഞ്ജി ട്രോഫിയിൽ കന്നി കിരീടത്തിലേക്ക് ഒന്നുകൂടി അടുത്ത് ജമ്മു-കശ്മീർ. നാലാംദിനം സ്റ്റമ്പെടുക്കാനിരിക്കെ സന്ദർശകർ രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 156 റൺസെന്ന നിലയിലാണ്. കശ്മീരിന്‍റെ ലീഡ് 450 റൺസ് കടന്നു. ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ബാക്കിയുള്ള ആറു വിക്കറ്റ് കൂടി വീഴ്ത്തി കൂറ്റൻ ലീഡ് മറികടക്കുക കർണാടകക്ക് അസാധ്യം. സമനില പിടിച്ചാലും രക്ഷയില്ല, ഒന്നാം ഇന്നിങ്സ് ലീഡിന്‍റെ ബലത്തിൽ കശ്മീർ ജേതാക്കളാകും.

നാലാംദിനം അഞ്ചിന് 220 റൺസെന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച കർണാടകക്ക് 73 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ബാക്കിയുള്ള അഞ്ചു വിക്കറ്റുകളും നഷ്ടമായി. ആതിഥേയരുടെ ഒന്നാം ഇന്നിങ്സ് 293 റൺസിൽ അവസാനിച്ചു. ആഖിബ് നബിയുടെ മാരക ബൗളിങ്ങാണ് കർണാടകയെ തകർത്തത്. 23 ഓവറിൽ ഏഴു മെയ്ഡനടക്കം 54 റൺസ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തു. മായങ്ക് അഗർവാളിന്‍റെ ഒറ്റയാൾ പോരാട്ടമാണ് കർണാടകയെ നാണക്കേടിൽനിന്ന് രക്ഷിച്ചത്. 266 പന്തിൽ 21 ഫോറടക്കം 160 റൺസെടുത്താണ് താരം പുറത്തായത്. കൃതിക് കൃഷ്ണ (101 പന്തിൽ 36), വിദ്യാധർ പാട്ടീൽ (23 പന്തിൽ 11), ശിഖർ ഷെട്ടി (പൂജ്യം), പ്രസിദ്ധ് കൃഷ്ണ (ആറു പന്തിൽ നാല്) എന്നിവരാണ് മൂന്നാംദിനം പുറത്തായ മറ്റു താരങ്ങൾ.

ജമ്മു-കശ്മീരിന് 291 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്. കശ്മീരിനായി സുനിൽ കുമാർ, യുധ്വിർ സിങ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡിന്‍റെ ആത്മവിശ്വാസത്തിൽ രണ്ടാം ഇന്നിങ്സ് ആരംഭിച്ച ജമ്മു-കശ്മീരിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. 11 റൺസെടുക്കുന്നതിനിടെ രണ്ടു വിക്കറ്റുകൾ നഷ്ടമായി. യാവർ ഹസ്സൻ (രണ്ടു പന്തിൽ ഒന്ന്), ശുഭം പുന്ദിർ (10 പന്തിൽ നാല്) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. മൂന്നാം വിക്കറ്റിൽ ഓപ്പണർ ഖമ്രാൻ ഇഖ്ബാൽ, നായകൻ പരസ് ദോഗ്രയെ കൂട്ടുപിടിച്ച് സ്കോർ 50 കടത്തി. പിന്നാലെ 59 പന്തിൽ 16 റൺസെടുത്ത ദോഗ്രയെ പ്രസിദ്ധ് കൃഷ്ണ ബൗൾഡാക്കി. നാലാം വിക്കറ്റിൽ ഇഖ്ബാലും അബ്ദുൽ സമദും അർധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയാണ് മടങ്ങിയത്. 150 പന്തിൽ 85 റൺസുമായി ഇഖ്ബാലും 30 പന്തിൽ 12 റൺസുമായി സഹിൽ ലോത്രയുമാണ് ക്രീസിലുള്ളത്.

അത്യുഗ്രൻ ഫോമിൽ പന്തെറിയുന്ന വലംകൈയൻ പേസർ ആഖിബ് മുന്നിൽ ഒന്നാം ഇന്നിങ്സിൽ കർണാടകയുടെ കരുത്തുറ്റ മുൻനിര തകർന്നടിഞ്ഞതാണ് തിരിച്ചടിയായത്. കെ.എൽ. രാഹുൽ (13), കരുൺ നായർ (0), രവിചന്ദ്രൻ സ്മാരൻ (0) എന്നിവരെല്ലാം നബിയുടെ പന്തിലാണ് പുറത്തായത്. രാഹുലിനെയും സ്മാരനെയും വിക്കറ്റിന് പിറകിൽ കനയ്യ വാധവാന്റെ കൈകളിലെത്തിച്ച നബി കരുണിനെ മനോഹരമായ പന്തിൽ ക്ലീൻബൗൾഡാക്കുകയായിരുന്നു. നായകൻ ദേവ്ദത്ത് പടിക്കൽ (11) സുനിൽ കുമാറിനും ശ്രേയസ് ഗോപാൽ (27) യുധ്‍വീർ സിങ്ങിനും വിക്കറ്റ് സമ്മാനിച്ചു.

Tags:    
News Summary - Ranji Final: Karnataka vs Jammu & Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.