അർഷ്ദീപ് സിങ്ങിന് ‘പണി’കൊടുത്ത് ഐ.സി.സി; മാച്ച് ഫീയുടെ 15 ശതമാനം പിഴയൊടുക്കണം

മുംബൈ: ട്വന്‍റി20 ലോകകപ്പ് വിജയത്തിനു പിന്നാലെ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിന് പണികൊടുത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി). ഫൈനൽ പോരാട്ടത്തിനിടെ ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലിനു നേരെ പന്തു വലിച്ചെറിഞ്ഞ അർഷ്ദീപിന് മാച്ച് ഫീയുടെ 15 ശതമാനം പിഴ ചുമത്തി. താരത്തിന്‍റെ പെരുമാറ്റം വലിയ വിമർശനത്തിനിടയാക്കിയിരുന്നു.

ന്യൂസിലൻഡ് ഇന്നിങ്സിന്റെ 11ാം ഓവറിലാണ് നാടകീയസംഭവം. അർഷ്ദീപ് എറിഞ്ഞ പന്ത് ക്രീസിലുണ്ടായിരുന്ന ഡാരിൽ മിച്ചൽ പ്രതിരോധിച്ചു, പിന്നാലെ പന്തു പിടിച്ചെടുത്ത ഇന്ത്യൻ പേസർ റൺഔട്ട് ലക്ഷ്യമിട്ടെന്ന പോലെ മിച്ചലിനു നേരെ വലിച്ചെറിഞ്ഞു, കീവീസ് താരത്തിന്‍റെ കാലിലാണു പന്തു കൊണ്ടത്. ഇതോടെ ‍ഡാരിൽ മിച്ചൽ രോഷാകുലനായി അർഷ്ദീപിന്‍റെ അടുത്തേക്കെത്തി. മിച്ചൽ സംസാരിക്കുമ്പോഴും ഇതൊന്നും ശ്രദ്ധിക്കാതെ നടന്നുപോകുകയാണ് അര്‍ഷ്ദീപ് ചെയ്തത്.

ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് എത്തി ഡാരിൽ മിച്ചലിനോടു സംസാരിച്ചാണു പ്രശ്നം പരിഹരിച്ചത്. പിന്നാലെ അമ്പയർ അർഷ്ദീപിനെ വിളിച്ച് മുന്നറിയിപ്പു നൽകി. മത്സരത്തിനിടെ തന്നെ ഇരുവരും ഹസ്തദാനം നൽകി പ്രശ്നം പരിഹരിച്ചെങ്കിലും അനാവശ്യ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ച അർഷ്ദീപിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വൻവിമർശനം ഉയർന്നിരുന്നു. ഡാരിൽ മിച്ചലിനോടു മാപ്പു പറഞ്ഞതായി മത്സരശേഷം അർഷ്ദീപ് പ്രതികരിച്ചു. ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ ഐ.സി.സി അച്ചടക്ക മാനദണ്ഡങ്ങളുടെ ലവൽ വൺ ലംഘനം നടത്തിയതിന് ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിന് മാച്ച് ഫീയുടെ 15 ശതമാനം പിഴ ചുമത്തിയതായി ഐ.സി.സി പത്രക്കുറിപ്പിൽ അറിയിച്ചു.

താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫുകൾക്കുമുള്ള ഐ.സി.സി അച്ചടക്ക മാനദണ്ഡങ്ങളുടെ ആർട്ടിക്ക്ൾ 2.9 താരം ലംഘിച്ചു. ഒരു ഡീമെറിറ്റ് പോയന്‍റ് കൂടി താരത്തിന് ചുമത്തിയതായും കുറിപ്പിൽ പറയുന്നു. ഫൈനലിൽ നാലു ഓവർ പന്തെറിഞ്ഞ അർ‌ഷ്ദീപ് 32 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. ടൂർണമെന്റില്‍ എട്ടു മത്സരങ്ങൾ കളിച്ച താരം ഒമ്പത് വിക്കറ്റുകളാണ് നേടിയത്.

‘ഞാൻ മിച്ചലിനോട് ക്ഷമാപണം നടത്തിയിട്ടുണ്ട്. എന്റെ എറിയൽ അൽപം കൂടുതൽ റിവേഴ്സ് സ്വിങ് ആയി, അത് അദ്ദേഹത്തിന്റെ കാലിൽ തട്ടി. മനപൂർവം ചെയ്തതല്ലെന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്’ -മത്സരശേഷം അർഷ്ദീപ് പ്രതികരിച്ചു.

Tags:    
News Summary - ICC Punishes Arshdeep Singh After India's T20 World Cup 2026 Triumph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-10 00:30 GMT