''എനിക്കൊരു കുടുംബമുണ്ട്, അവരെ പോറ്റാൻ ജോലി വേണം'', വികാരഭരിതനായി മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി

1996ലെ ലോകക്കപ്പ് ക്രിക്കറ്റ് സെമിഫൈനലിൽ ശ്രീലങ്കക്കെതിരെ ഇന്ത്യൻ ബാറ്റ്സമാന്മാർ ഒന്നൊന്നായി പുറത്തായി പവലിയനിലേക്ക് മടങ്ങുമ്പോൾ കണ്ണീരോടെ കളത്തിൽ നിന്ന ഒരു താരത്തിന്റെ മുഖം ​ആ കളി കണ്ടവരാരും മറക്കില്ല. അവന്റെ പേര് വിനോദ് കാംബ്ലി എന്നായിരുന്നു. കുട്ടിക്കാലം മുതൽ സച്ചിൻ തെണ്ടുൽകർ എന്ന ഇതിഹാസ താരത്തിന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ. 1988ലെ ഹാരിസ് ഷീൽഡ് ഗെയിംസിൽ 664 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. ആ ഇന്നിംഗ്സിൽ കാംബ്ലി 349 റൺസാണ് നേടിയത്. ഇരുവരുടെയും ഇന്ത്യൻ ടീമിലേക്കുള്ള ആദ്യ ചുവടുവെപ്പായിരുന്നു അത്.

എന്നാൽ, ക്രിക്കറ്റിൽനിന്ന് പുറത്തായ ശേഷം ജീവിക്കാനുള്ള കഷ്ടപ്പാടിലാണ് 30 വർഷം മുമ്പ് ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളിലൊരാളായിരുന്ന വിനോദ് കാംബ്ലി. ഇന്ന്, പണത്തിനായി ക്രിക്കറ്റുമായി ബന്ധപ്പെട്ട എന്ത് ജോലിയും ചെയ്യാൻ തയാറാണെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഇപ്പോൾ ബി.സി.സി.ഐയുടെ 30,000 രൂപ പെൻഷൻ മാത്രമാണ് തന്റെ ഏക വരുമാന മാർഗമെന്നും അതിൽ താൻ നന്ദിയുള്ളവനാണെന്നും അദ്ദേഹം പറയുന്നു. ഇതുപയോഗിച്ചാണ് കുടുംബം കഴിയുന്നത്. അവരെ നോക്കാൻ ജോലി ആവശ്യമാണെന്നും തനിക്കായി പ്രാർഥിക്കണമെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ 50കാരൻ അഭ്യർഥിക്കുന്നു. കഴിഞ്ഞ ദിവസം, എം.സി.എ-ബി.കെ.സി ക്ലബിൽ നിന്ന് തന്റെ വീട്ടിലേക്ക് മടങ്ങാൻ കാംബ്ലിക്ക് ഒരു സുഹൃത്തിൽനിന്ന് പണം കടം വാങ്ങേണ്ടി വന്ന വാർത്ത പുറത്തുവന്നിരുന്നു.

നരച്ച താടിയും തൊപ്പിയുമണിഞ്ഞ് നടക്കുന്ന അന്നത്തെ സൂപ്പർ താരത്തെ ഇപ്പോൾ ആരും തിരിച്ചറിഞ്ഞെന്ന് വരില്ല. കാരണം, സ്വർണ ചെയിനും ബ്രേസ്‌ലെറ്റും ഗ്രാൻഡ് വാച്ചുമണിഞ്ഞ് നടന്നിരുന്ന കാംബ്ലിയെയാണ് ക്രിക്കറ്റ് പ്രേമികൾക്ക് പരിചയം. ഇപ്പോൾ അതൊന്നുമില്ല. വിരമിക്കലിന് ശേഷം ക്രിക്കറ്റുമായി ബന്ധപ്പെട്ട പല ജോലികൾക്കും ശ്രമിച്ചു. 2019ലെ മുംബൈ ലീഗ് ട്വന്റി 20ക്കായി നെരൂളിലെ സച്ചിൻ മിഡിൽസെക്സ് ഗ്ലോബൽ അക്കാദമിയിലെ യുവ ക്രിക്കറ്റ് താരങ്ങളെയാണ് അവസാനമായി പരിശീലിപ്പിച്ചത്.

''മുംബൈ തങ്ങളുടെ മുഖ്യ പരിശീലകനായി അമോൽ മജൂംദാറിനെ നിലനിർത്തിയതായി എനിക്കറിയാം, എന്നാൽ എന്നെ കൂടി ആവശ്യമെങ്കിൽ ഞാൻ അവിടെയുണ്ടാകും. അവർക്ക് എന്നെ വേണമെങ്കിൽ അത് വാങ്കഡെ സ്റ്റേഡിയത്തിലായാലും ബി.കെ.സിയിലായാലും ഞാൻ അവിടെയുണ്ടാകുമെന്ന് പലതവണ അവരോട് പറഞ്ഞിട്ടുണ്ട്. മുംബൈ ക്രിക്കറ്റ് എനിക്ക് ഒരുപാട് സമ്മാനിച്ചിട്ടുണ്ട്'' അദ്ദേഹം പറഞ്ഞു.

താൻ മദ്യത്തിന് അടിമയല്ല, ഒരു മദ്യപാനി മാത്രമാണ്. ആരാണ് അത് ചെയ്യാത്തതെന്നും കാംബ്ലി ചോദിക്കുന്നു. എന്നാൽ, ജോലിക്കിടയിൽ എല്ലാവരും പാലിക്കേണ്ട നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ട്. അങ്ങനെ ചെയ്യാൻ പറഞ്ഞാൽ ഞാൻ കുടിക്കുന്നത് ഉടൻ നിർത്തും, ഒരു കുഴപ്പവുമില്ല. സച്ചിന് എല്ലാം അറിയാം, പക്ഷേ ഞാൻ അവനിൽനിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല. അദ്ദേഹം എനിക്ക് തെണ്ടുൽക്കർ മിഡിൽസെക്സ് ഗ്ലോബൽ അക്കാദമിയിൽ അവസരം തന്നു. ഞാൻ വളരെ സന്തോഷവാനായിരുന്നു. അവൻ വളരെ നല്ല സുഹൃത്തായിരുന്നു. അവൻ എപ്പോഴും എനിക്കായി ഉണ്ടായിരുന്നു. ഞാൻ സമ്പന്നനായി ജനിച്ചിട്ടില്ല. ക്രിക്കറ്റ് കളിച്ച് മാത്രമാണ് ഞാൻ ജീവിതത്തിൽ ഉയർന്നത്. ഈ ഗെയിമിലൂടെ എനിക്ക് എല്ലാം ലഭിച്ചു. ദാരിദ്ര്യം നന്നായി അനുഭവിച്ചിട്ടുണ്ട്. ചില ദിവസങ്ങളിൽ ഭക്ഷണം പോലും കിട്ടിയിരുന്നില്ല -കാംബ്ലി പറയുന്നു.

അടുത്തിടെ കാംബ്ലി എന്ന് തോന്നിക്കുന്ന ഒരാൾ മദ്യപിച്ച് തെരുവിൽ പതുങ്ങി നടക്കുന്ന വിഡിയോ വൈറലായിരുന്നു. അതിനോട് അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, "എന്നെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെങ്കിൽ, അത് സംഭവിക്കാൻ ഞാൻ അനുവദിക്കില്ല. എന്റെ ഭാര്യ ആൻഡ്രിയ വളരെ കർക്കശക്കാരിയാണ്. ഞാൻ ഒരു ചടങ്ങിന് പോകുമ്പോൾ അവൾ എന്നോട് കുടിക്കരുതെന്ന് പറഞ്ഞാൽ ഞാൻ അത് പിന്തുടരും. അവൾ എനിക്ക് രണ്ട് കുട്ടികളെ തന്നു, മറ്റെന്താണ് വേണ്ടത്" തനിക്കുവേണ്ടി പ്രാർഥിക്കണമെന്നും ദയവായി നിങ്ങളുടെ സ്നേഹം എനിക്ക് തരണമെന്നും അദ്ദേഹം അഭ്യർഥിക്കുന്നു.

തന്റെ ആദ്യ ഏഴ് ടെസ്റ്റുകളിൽ വിനോദ് കാംബ്ലി രാജ്യത്തിനായി അടിച്ചുകൂട്ടിയത് 793 റൺസായിരുന്നു. 113.29 ആയിരുന്നു 1993ലെ ടെസ്റ്റ് ബാറ്റിങ് ശരാശരി. അതേ വർഷം രണ്ട് ഡബിൾ സെഞ്ച്വറിയാണ് ആ ബാറ്റിൽനിന്ന് പിറന്നത്. 2009 ആഗസ്റ്റ് 16നാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഏറെ വേദനയോടെ വിരമിക്കൽ പ്രഖ്യാപിച്ചത്. 2000 ഒക്ടോബറിൽ ശ്രീലങ്കക്കെതിരായ ഏകദിനമായിരുന്നു അവസാനത്തെ അന്താരാഷ്ട്ര മത്സരം.

വിരമിച്ച ശേഷവും വിവാദങ്ങൾ കാംബ്ലിയെ വിടാതെ പിന്തുടർന്നിരുന്നു. 1996 മാർച്ച് 13ന് ​കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന 1996 ലോകകപ്പിന്റെ സെമിഫൈനലിൽ ശ്രീലങ്കയോട് തോറ്റത് ഒത്തുകളിയെത്തുടർന്നാണെന്ന് വിനോദ് കാംബ്ലി സ്റ്റാർ ന്യൂസ് ചാനലിൽ 2011ൽ നടത്തിയ വെളിപ്പെടുത്തൽ ഏറെ കോളിളക്കങ്ങൾക്കിടയാക്കി. തലേന്ന് നടന്ന ടീം മീറ്റിങ്ങിൽ ടോസ് നേടിയാൽ ആദ്യം ബാറ്റ് ചെയ്യണമെന്നാണ് തീരുമാനിച്ചിരുന്നതെന്നും പിന്നീട് ടോസ് നേടിയപ്പോൾ ഫീൽഡിങ്ങ് തെരഞ്ഞെടുത്തതിനു പിന്നിൽ ഒത്തുകളി ഉണ്ടെന്നുമായിരുന്നു കാംബ്ലിയുടെ ആരോപണം. വിഷമ ഘട്ടങ്ങളിൽ ഒരിക്കൽ പോലും സച്ചിൻ സഹായിച്ചിട്ടില്ലെന്നും നിറത്തിന്റെയും ജാതിയുടെയും പേരിൽ ബി.സി.സി.ഐ അവഗണിച്ചിരുന്നുവെന്നുമുള്ള മറ്റൊരിക്കലുള്ള വെളിപ്പെടുത്തലും ഏറെ വിവാദമുണ്ടാക്കി.

2009ൽ മഹാരാഷ്ട്രയിലെ വിഖ്രോലി നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് രാഷ്ട്രീയത്തിൽ പരീക്ഷണത്തിനിറങ്ങിയെങ്കിലും പരാജയപ്പെട്ടു. അന്ന് തന്റെ ആസ്തിയായി കാണിച്ചിരുന്നത് 1.97 കോടി രൂപയായിരുന്നു. അതിൽനിന്നാണ് കടം വാങ്ങേണ്ട അവസ്ഥയിലേക്ക് എത്തിയത്. രവി ധവാൻ സംവിധാനം ചെയ്ത അനർഥ് എന്ന ഹിന്ദി ചിത്രത്തിൽ സുനിൽ ഷെട്ടി, സഞ്ജയ് ദത്ത്, രവീണ ടണ്ഡൻ എന്നിവർക്കൊപ്പം വെള്ളിത്തിരയിലും വേഷമിട്ടു.

Tags:    
News Summary - I have a family and needs job to support them; Former cricketer Vinod Kambli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.