ഇസ്ലാമാബാദ്: ഇന്ത്യൻ ബൗളർമാരെ മുഴുവൻ വെറുക്കുന്നുവെന്ന പാകിസ്താൻ ബാറ്റർ ഹസൻ നവാസിന്‍റെ പരാമർശം വിവാദത്തിൽ. ഒരു പ്രാദേശിക വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിലാണ് പാക് താരത്തിന്‍റെ പരാമർശം.
പാകിസ്താനായി 25 ട്വന്‍റി20 മത്സരങ്ങളും നാല് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. റണ്ണടിച്ചുകൂട്ടാൻ ആഗ്രഹിക്കുന്ന ബൗളർമാരുടെ പേര് ചോദിച്ചപ്പോൾ, ഇന്ത്യക്കെതിരെ കളിക്കുന്നത് പ്രത്യേക ആവേശം നൽകുന്നതാണെന്നാണ് താരം മറുപടി നൽകിയത്. ‘ഇന്ത്യക്കെതിരെ കളിക്കുമ്പോൾ തീർച്ചയായും ഒരു പ്രത്യേക ആവേശമാണ്. ഇന്ത്യൻ ബൗളർമാരെ അക്രമിക്കാൻ സ്വാഭാവികമായും തോന്നും. സത്യം പറഞ്ഞാൽ എനിക്ക് അവരുടെ എല്ലാ ബൗളർമാരെയും വെറുപ്പാണ്. അവസരം ലഭിച്ചാൽ ഭാവിയിൽ ഞങ്ങൾ അത് ചെയ്യാൻ ശ്രമിക്കും’ -നവാസ് പറഞ്ഞു.
സാഹചര്യത്തിനനുസരിച്ചാണ് ബാറ്റിങ് ശൈലി തീരുമാനിക്കുന്നത്. ഒരു ഓവറിൽ ആവശ്യമായ റൺ റേറ്റ് 15 ആണെങ്കിൽ ബൗളർ ആരാണെന്ന് നോക്കാതെ പരമാവധി റൺസ് സ്കോർ ചെയ്യാനാണ് ശ്രമിക്കുക. അന്താരാഷ്ട്ര തലത്തിൽ എല്ലാ കളിക്കാരും മികച്ച നിലവാരമുള്ളവരാണെന്നും ഒരാളെ മാത്രം പ്രത്യേകമായി ലക്ഷ്യം വെക്കാറില്ലെന്നും താരം കൂട്ടിച്ചേർത്തു. നവാസിന്റെ പ്രസ്താവനക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യക്കെതിരെ ഒരു മത്സരത്തിൽ മാത്രം കളിച്ച നവാസ് അഞ്ച് റൺസ് മാത്രമാണ് നേടിയത്. കഴിഞ്ഞ വർഷം നവംബറിലാണ് അദ്ദേഹം അവസാനമായി പാകിസ്താനുവേണ്ടി കളിക്കാനിറങ്ങിയത്.
പാകിസ്താൻ സൂപ്പർ ലീഗിലെ (പി.എസ്.എൽ) തകർപ്പൻ പ്രകടനത്തിലൂടെ പാക് ടീമിലേക്ക് തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് താരം. ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിനുവേണ്ടി 10 ഇന്നിങ്സുകളിൽനിന്ന് 291 റൺസാണ് താരം അടിച്ചുകൂട്ടിയത്. എന്നിട്ടും 10 മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് ടീമിന് ജയിക്കാനായത്, പ്ലേ ഓഫ് കാണാതെ പുറത്താകുകയും ചെയ്തു.
നിലവിൽ ഐ.സി.സി ടൂർണമെന്റുകളിലും ഏഷ്യാ കപ്പിലും മാത്രമാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. 2026ലെ ട്വന്‍റി20 ലോകകപ്പിലും ഏഷ്യാ കപ്പിലും ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയിരുന്നു. ഇനി വരാനിരിക്കുന്ന പ്രധാന പോരാട്ടം ജൂൺ 14ന് വനിതാ ട്വന്‍റി20 ലോകകപ്പിലാണ്. 2027ലെ പുരുഷ ഏകദിന ലോകകപ്പിലും ഇരുടീമുകളും നേർക്കുനേർ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.