മിച്ചൽ സ്റ്റാർകിന്റെ ബൗളിൽ ഗ്രാഫിക്സിൽ വേഗത അടയാളപ്പെടുത്തിയിരിക്കുന്നു
പെർത്ത്: ആസ്ട്രേലിയൻ മണ്ണിൽ വെടിയുണ്ടകണക്കെ പന്തുകൾ പായുന്ന പെർത്തിലെ പിച്ചിൽ മിച്ചൽ സ്റ്റാർക് ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ പന്ത് എറിഞ്ഞോ...? ഇന്ത്യ-ആസ്ട്രേലിയ ഒന്നാം ഏകദിനത്തിനു പിന്നാലെ ആരാധകർ അന്വേഷിച്ച പ്രധാന കാര്യങ്ങളിലൊന്ന് ഇതായിരുന്നു.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്കെതിരെ ഓപണിങ് ബൗളിങ് സ്പെൽ ആരംഭിച്ച മിച്ചൽ സ്റ്റാർക് രോഹിത് ശർമക്കെതിരെ ആദ്യ പന്ത് എറിഞ്ഞപ്പോൾ സ്പീഡ് ഗൺ ഗ്രാഫിക്സിൽ തെളിഞ്ഞത് 176.5 കിലോമീറ്റർ വേഗത. ടെലിവിഷൻ സ്ക്രീനിൽ സ്പീഡ് തെളിഞ്ഞതിനു പിന്നാലെ, ആരാധകർ ചരിത്രം പിറന്നതിന്റെ ആഘോഷം ആരംഭിച്ചു. 2003ൽ പാകിസ്താൻ പേസ് ബൗളർ ശുഐബ് അക്തർ എറിഞ്ഞ 161.3 കി.മീ വേഗത സ്റ്റാർക് കൊടുങ്കാറ്റിൽ തകർന്നടിഞ്ഞുവെന്ന് സാമൂഹിക മാധ്യമങ്ങളിൽ ആഘോഷം ആരംഭിച്ചു. എന്നാൽ, മിനിറ്റുകളുടെ മാത്രം ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. സാങ്കേതിക തകരാർ മൂലം തെറ്റായി രേഖപ്പെടുത്തിയതാണെന്ന് കമന്റേറ്റർമാർ സ്ഥിരീകരിച്ചതോടെ അക്തറിന്റെ 23 വർഷം പഴക്കമുള്ള റെക്കോഡ് ഇളക്കമില്ലാതെ തന്നെ തുടർന്നു.
140.8 കി.മീ വേഗതക്കു പകരം തെറ്റയാണ് സ്പീഡ് ഗൺ ഗ്രാഫിക്സിൽ 176.5 കി.മീ രേഖപ്പെടുത്തിയത്. അധികം വൈകാതെ തന്നെ ബ്രോഡ്കാസ്റ്റർ ഗ്രാഫിക്സ് തിരുത്തുകയും ചെയ്തു. താരത്തിന്റെ സ്വാഭാവിക പേസ് മാത്രമായിരുന്നു ഇത്. രോഹിത് ശർമ എട്ടും, വിരാട് കോഹ്‍ലി പൂജ്യത്തിലും പുറത്തായ മത്സരത്തിൽ ഇന്ത്യ ഏഴു വിക്കറ്റിന് തോൽവി വഴങ്ങി.
1- ശുഐബ് അക്തർ (പാകിസ്താൻ) - 161.3 kmph -2003
2 -ഷോൺ ടെയ്റ്റ്, ബ്രെറ്റ്ലീ (ആസ്ട്രേലിയ)- 161.1 kmph
3 -ഷോൺ ടെയ്റ്റ് (ആസ്ട്രേലിയ)- 160.7 kmph
4- ജെഫ് തോംസൺ, മിച്ചൽ സ്റ്റാർക് (ആസ്ട്രേലിയ) - 160.4 kmph
5 ആൻഡി റോബർട്സ് (വെസ്റ്റിൻഡീസ്) -159.9 kmph
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.