കൊളംബോ: ലോകപ്പിലെ ആവേശപ്പോരിൽ ടോസ് നേടിയ പാകിസ്താൻ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യയിന്ന് ഇറങ്ങുന്നത്. അസുഖം കാരണം വിശ്രമത്തിലായിരുന്ന ഓപണർ അഭിഷേക് ശർമ തിരിച്ചെത്തിയതോടെ സഞ്ജു സാംസൺ അന്തിമ ഇലവനിൽനിന്ന് പുറത്തായി. കുൽദീപ് യാദവും പ്ലേയിങ് ഇലവനിൽ തിരിച്ചെത്തി. പാകിസ്താൻ ടീം കഴിഞ്ഞ മത്സരത്തിലെ അതേ പ്ലേയിങ് ഇലവനെ നിലനിർത്തി. ഏഷ്യകപ്പിലേതിനു സമാനമായി നോ ഹാൻഡ്ഷേക് പോളിസിയാണ് ഇന്നും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ സ്വീകരിച്ചത്. ഇന്ന് ജയിക്കുന്ന ടീം ഗ്രൂപ്പ് എയിൽനിന്ന് സൂപ്പർ എട്ട് റൗണ്ടിലേക്ക് പ്രവേശിക്കും.
ഇന്നത്തെ ഇന്ത്യ-പാകിസ്താൻ മത്സരത്തിന് പതിവിൽക്കവിഞ്ഞ വീറും വാശിയുമുണ്ട്. മത്സരം ബഹിഷ്കരിക്കാൻ പാകിസ്താൻ സർക്കാർ തന്നെ തീരുമാനിച്ചതായിരുന്നു. എന്നാൽ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെയും ശ്രീലങ്കൻ സർക്കാറിന്റെയും ബംഗ്ലാദേശ്, യു.എ.ഇ ക്രിക്കറ്റ് ബോർഡുകളുടെയുമെല്ലാം സമ്മർദമുണ്ടായപ്പോൾ പാകിസ്താന് യു ടേണടിക്കേണ്ടിവന്നു. സ്വാഭാവികമായും ഇന്നത്തെ മത്സരം അവർക്ക് അഭിമാനപ്രശ്നമായിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച് എതിരാളി പാക് ടീമെങ്കിൽ ജയം വിട്ടൊരു കളിയില്ല.
അഞ്ച് മാസം മുമ്പ് നടന്ന ഏഷ്യ കപ്പിലാണ് ഇരു ടീമും അവസാനമായി മുഖാമുഖം വന്നത്. തുടർച്ചയായ മൂന്ന് ഞായറാഴ്ചകളിലായി ഗ്രൂപ്, സൂപ്പർ ഫോർ, ഫൈനൽ മത്സരങ്ങളിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടി. മൂന്നിലും ജയം സൂര്യകുമാർ യാദവിനും സംഘത്തിനുമായിരുന്നു. പാക് ആഭ്യന്തര മന്ത്രിയും അവരുടെ ക്രിക്കറ്റ് ബോർഡ് ചെയർമാനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷനുമായ മുഹ്സിൻ നഖ്വിയിൽ നിന്ന് കിരീടം സ്വീകരിക്കാൻ ഇന്ത്യൻ ടീം തയാറായില്ല. ആ ട്രോഫി ഇപ്പോഴും എ.സി.സി ആസ്ഥാനത്തെ ഷെൽഫിലാണ്. പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ താരങ്ങൾ തമ്മിൽ ഹസ്തദാനം ചെയ്യേണ്ടെന്ന നിലപാടിലായിരുന്നു ഇന്ത്യ.
ലോകകപ്പ് ഗ്രൂപ് എ-യിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഒന്നും രണ്ടും സ്ഥാനങ്ങളിലാണ് ഇന്ത്യയും പാകിസ്താനും. യു.എസിനെയും നമീബിയയെയുമാണ് മെൻ ഇൻ ബ്ലൂ തോൽപിച്ചത്. നെതർലൻഡ്സിനെയും യു.എസിനെയും പച്ചക്കുപ്പായക്കാരും പരാജയപ്പെടുത്തി. സ്പിന്നർമാരാണ് പാകിസ്താന്റെ പ്രധാന ആയുധം. ഉസ്മാൻ താരിഖും അബ്രാർ അഹ്മദും ഷദാബ് ഖാനും മുഹമ്മദ് നവാസും സായിം അയ്യൂബും ഈ ഡിപാർട്ട്മെന്റിലുണ്ട്. സായിമും ഷദാബും നവാസും ഓൾറൗണ്ടർമാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.