സൂര്യകുമാർ യാദവും സൽമാൻ ആഘയും ഏഷ്യാകപ്പിനിടെ

ഹസ്തദാനത്തിന് തയാറെന്ന് പാക് ക്യാപ്റ്റൻ, ടോസ് സമയത്ത് കാണാമെന്ന് സൂര്യ; അഭിഷേക് കളിച്ചേക്കുമെന്നും ഇന്ത്യൻ ക്യാപ്റ്റൻ

കൊളംബോ: ട്വന്‍റി20 ലോകകപ്പിൽ ഞായറാഴ്ച നടക്കുന്ന മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ താരങ്ങൾക്ക് ഹസ്തദാനം നൽകാൻ തങ്ങൾ തയാറാണെന്ന് പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ. ക്രിക്കറ്റ് അതിന്റെ ശരിയായ മര്യാദയോടെ കളിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ മാധ്യമങ്ങളെ കണ്ട വേളയിലാണ് പാക് ക്യാപ്റ്റന്‍റെ പരാമർശം.

“ക്രിക്കറ്റ് സ്പിരിറ്റോടെ കളിക്കണം. ഇന്ത്യ എന്ത് തീരുമാനിക്കുന്നു എന്നത് അവരുടെ ഇഷ്ടമാണ്, പക്ഷേ ഞങ്ങൾ ഹസ്തദാനത്തിന് തയാറാണ്” -സൽമാൻ വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് തയാറായില്ല. ഹസ്തദാനത്തിന്റെ കാര്യം ടോസ് സമയത്ത് കാണാം, അതിനായി 24 മണിക്കൂർ കൂടി കാത്തിരിക്കൂ എന്നായിരുന്നു സൂര്യയുടെ പ്രതികരണം. രാഷ്ട്രീയ വിഷയങ്ങൾ തന്റെ പരിധിയിൽ വരുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് ഏഷ്യാകപ്പിൽ പാകിസ്താൻ താരങ്ങൾക്ക് ഹസ്തദാനം നൽകാൻ ഇന്ത്യൻ ടീം വിസമ്മതിച്ചിരുന്നു. ടോസ് സമയത്ത് സൂര്യകുമാർ യാദവ് കൈകൊടുക്കാതിരുന്നതും വിജയാഘോഷത്തിന് ശേഷം ഇന്ത്യൻ താരങ്ങൾ നേരിട്ട് ഡഗൗട്ടിലേക്ക് മടങ്ങിയതും വലിയ വിവാദമായിരുന്നു. സമാന നിലപാട് തന്നെയാകും ട്വന്‍റി20 ലോകകപ്പിലും സ്വീകരിക്കുകയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

വയറിന് അസുഖം ബാധിച്ച് കഴിഞ്ഞ മത്സരം നഷ്ടമായ ഓപണർ അഭിഷേക് ശർമ പാകിസ്താനെതിരെ കളിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്ന പാക് ക്യാപ്റ്റന്‍റെ പരാമർശത്തിന് രസകരമായ മറുപടിയാണ് സൂര്യ പറഞ്ഞത്. സൽമാന് അത്ര നിർബന്ധമാണെങ്കിൽ ഞങ്ങൾ അവനെ കളിപ്പിക്കുമെന്നായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ തമാശരൂപേണ പറഞ്ഞത്. സ്പിൻ കരുത്ത് വർധിപ്പിക്കാൻ കുൽദീപ് യാദവിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താനുള്ള സാധ്യത സൂര്യ തള്ളിയില്ല. കഴിഞ്ഞ മത്സരങ്ങളിൽ മധ്യനിര നേരിട്ട തകർച്ചയിൽ ആശങ്കയില്ലെന്നും സാഹചര്യത്തിനനുസരിച്ച് ബാറ്റിങ് പ്ലാനുകൾ മാറ്റുമെന്നും സൂര്യകുമാർ വ്യക്തമാക്കി.

ബാബർ അസമിന്റെ ഫോമിൽ ടീമിന് ആശങ്കയില്ലെന്ന് സൽമാൻ ആഗ പറഞ്ഞു. ലോകകപ്പുകളിൽ ഇന്ത്യക്കെതിരായ മോശം റെക്കോഡ് മാറ്റാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്പിന്നർ ഉസ്മാൻ താരിഖിന്റെ ബൗളിങ് ആക്ഷനെക്കുറിച്ചുള്ള വിവാദങ്ങൾ അദ്ദേഹം തള്ളി. ഐ.സി.സി രണ്ടുതവണ ക്ലിയറൻസ് നൽകിയതാണെന്നും അദ്ദേഹം പാകിസ്താന്റെ ‘ട്രംപ് കാർഡ്’ ആണെന്നും സൽമാൻ പറഞ്ഞു. സിലബസിനു പുറത്തെ ചോദ്യം വന്നാലും പരീക്ഷ എഴുതണമല്ലോ എന്നായിരുന്നു ഉസ്മാനെ കുറിച്ചുള്ള ചോദ്യത്തിന് സൂര്യകുമാറിന്‍റെ മറുപടി.

മത്സരം നിശ്ചയിച്ചിരിക്കുന്ന കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ മഴ ഭീഷണി നിലനിൽക്കുന്നുണ്ട്. ടോസ് സമയത്തും മത്സരസമയത്തും മഴക്ക് സാധ്യതയുള്ളതിനാൽ ഓവറുകൾ വെട്ടിക്കുറക്കേണ്ടി വന്നേക്കാമെന്ന് റിപ്പോർട്ടുണ്ട്. സ്റ്റേഡിയത്തിലെ മികച്ച ഡ്രെയിനേജ് സൗകര്യം ആരാധകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. കളിക്കളത്തിന് പുറത്ത് വിവാദങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, അഭിഷേക് ശർമയുടെ തിരിച്ചുവരവും മഴയുടെ സാന്നിധ്യവുമാണ് നാളത്തെ മത്സരത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ.

Tags:    
News Summary - Pakistan vs India | Salman Agha | IND vs PAK | Suryakumar Yadav | T20 World Cup 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.