വൈഭവ് സൂര്യവംശി

വൈഭവ് ഇക്കൊല്ലം പത്താം ക്ലാസ് പരീക്ഷ എഴുതുന്നില്ല; കാരണം ഇതാണ്

പട്ന: ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര സെൻസേഷനായ 14കാരൻ വൈഭവ് സൂര്യവംശി ബോർഡ് എക്സാമിനായി ക്രിക്കറ്റിൽനിന്ന് താൽക്കാലിക അവധിയെടുക്കുന്നുവെന്ന റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്കു മുമ്പാണ് പുറത്തുവന്നത്. പത്താംക്ലാസുകാരനായ വൈഭവ് കഴിഞ്ഞ ഒരുവർഷം ക്രിക്കറ്റ് മൈതാനത്തുനിന്ന് വിട്ടുനിന്നിരുന്നില്ല. നിരന്തരം വാർത്തകളിൽ ഇടംനേടിയ താരം പരീക്ഷയെഴുതാൻ പോകുന്നുവെന്ന വാർത്തയും കൗതുകത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. എന്നാൽ ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം വൈഭവ് ഈ വർഷത്തെ സി.ബി.എസ്.ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതില്ലെന്നാണ് വിവരം.

തുടർച്ചയായ ക്രിക്കറ്റ് മത്സരങ്ങൾ കാരണം വൈഭവിന് സ്കൂളിൽ പോകാനോ പരീക്ഷക്കായി തയാറെടുക്കാനോ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഈ വർഷത്തെ പരീക്ഷ ഒഴിവാക്കാൻ തീരുമാനിച്ചത്. ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെയാണ് പരീക്ഷകൾ നടക്കുന്നത്. എന്നാൽ കഴിഞ്ഞ കുറെ മാസങ്ങളായി പരിശീലന ക്യാമ്പുകളും വിവിധ ടൂർണമെന്റുകളുമായി വൈഭവ് തിരക്കിലായിരുന്നു. ബിഹാറിലെ താജ്‌പൂർ സ്വദേശിയായ വൈഭവ്, അവിടെയുള്ള മോഡസ്റ്റി സ്കൂളിലെ വിദ്യാർഥിയാണ്.

വൈഭവിന്റെ പരീക്ഷാ ഫോമുകൾ പൂരിപ്പിക്കുകയും അഡ്മിറ്റ് കാർഡ് ലഭിക്കുകയും ചെയ്തിരുന്നു. പൊദ്ദാർ ഇന്റർനാഷണൽ സ്കൂളിലായിരുന്നു പരീക്ഷാ കേന്ദ്രം നിശ്ചയിച്ചിരുന്നത്. എന്നാൽ വൈഭവിന്റെ പിതാവ് സഞ്ജീവ് സൂര്യവംശിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷം, ഈ വർഷം പരീക്ഷ എഴുതേണ്ടതില്ലെന്ന് തീരുമാനിച്ചതായി മോഡസ്റ്റി സ്കൂൾ ഡയറക്ടർ ആദർശ് കുമാർ പിന്റു അറിയിച്ചു.

അതേസമയം ക്രിക്കറ്റിൽ മികച്ച ഫോമിലുള്ള വൈഭവ് അടുത്തിടെ നടന്ന അണ്ടർ-19 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. ഏഴ് മത്സരങ്ങളിൽനിന്ന് 62.71 ശരാശരിയിൽ 439 റൺസാണ് താരം അടിച്ചെടുത്തത്. ഇതിൽ ഒരു സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു. ടൂർണമെന്റിലുടനീളം 30 സിക്സറുകൾ അടിച്ചുകൂട്ടി വൈഭവ് റെക്കോഡിട്ടു. 2022ൽ ഡെവാൾഡ് ബ്രെവിസ് സ്ഥാപിച്ച 18 സിക്സറുകളുടെ റെക്കോഡാണ് വൈഭവ് തകർത്തത്.

വരാനിരിക്കുന്ന ഐ.പി.എൽ സീസണഇൽ രാജസ്ഥാൻ റോയൽസിന് വേണ്ടിയാണ് വൈഭവ് കളിക്കുന്നത്. കഴിഞ്ഞ സീസണിൽ രാജസ്ഥാനുവേണ്ടി സെഞ്ച്വറി നേടി റെക്കോഡ് കുറിച്ചിരുന്നു. ക്രിക്കറ്റിലെ വലിയ ലക്ഷ്യങ്ങൾക്കായി ഈ വർഷത്തെ പരീക്ഷകൾ എഴുതുന്നില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് ഈ യുവതാരം.

Tags:    
News Summary - Vaibhav Suryavanshi To Skip Class 10 Board Examination. This Is The Reason

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.