ഗ്ലെൻ മാക്സ്‌വെൽ

കിരീട മോഹത്തിന് കാത്തിരിപ്പേറുന്നു; ആർ.സി.ബി ഒഴിവാക്കേണ്ടത് ഈ അഞ്ച് താരങ്ങളെ

ബംഗളൂരു: ഐ.പി.എൽ 17-ാം സീസണിൽ തുടർ തോൽവികളിൽനിന്ന് ഉയർത്തെഴുന്നേറ്റാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു പ്ലേഓഫിലെത്തിയത്. ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രതീക്ഷകൾ അസ്ഥാനത്താക്കി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനം പിടിച്ചെടുത്ത് പ്ലേഓഫിലെത്തിയ ആർ.സി.ബിക്ക് പക്ഷേ എലിമിനേറ്ററിൽ പരാജയമേറ്റ് പുറത്താകാനായിരുന്നു യോഗം. രാജസ്ഥാൻ റോയൽസിനോട് നാല് വിക്കറ്റിന്റെ തോൽവി വഴങ്ങിയ ബംഗളൂരുവിന്റെ കിരീട മോഹത്തിന് ഇനിയും കാത്തിരിപ്പേറും.

സൂപ്പർ താരം വിരാട് കോഹ്‌ലി മിന്നുന്ന ഫോമിലാണെങ്കിലും, വൻ തുക മുടക്കി ടീമിലെത്തിച്ച പല താരങ്ങളും നിരാശപ്പെടുത്തുന്ന പ്രകടനമാണ് സീസണിൽ കാഴ്ചവെച്ചത്. ഇതോടെ അടുത്ത താരലേലത്തിന് മുൻപ് ടീമിൽനിന്ന് റിലീസ് ചെയ്യേണ്ട താരങ്ങളുടെ പട്ടികയുമായി വന്നിരിക്കുകയാണ് ആരാധകർ.

ഗ്ലെൻ മാക്സ്‌വെൽ: ഏകദിന ലോകകപ്പിൽ ആസ്ട്രേലിയക്കായി മിന്നുന്ന പ്രകടനം കാഴ്ചവെച്ച മാക്സ്‌വെൽ പക്ഷേ ഐ.പി.എല്ലിൽ പരാജയപ്പെട്ടു. കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽനിന്ന് 400 റൺസ് നേടിയ മാക്സ്‌വെൽ ഇത്തവണ നേടിയത് കേവലം 52 റൺസ് മാത്രമാണ്. ഇടയ്ക്ക് മാനസിക സമ്മർദം രൂക്ഷമാണെന്നു കാണിച്ച് ഇടവേളയെടുത്ത താരം ആകെ കളിച്ചത് പത്ത് മത്സരങ്ങളാണ്. 28 റൺസാണ് സീസണിലെ ഉയർന്ന സ്കോർ. രാജസ്ഥാനെതിരായ എലിമിനേറ്ററിൽ ഗോൾഡൻ ഡക്കായാണ് താരം മടങ്ങിയത്. സീസണിൽ വൻ പരാജയമായ മാക്സ്‌വെലിനെ ടീമിൽ ഇനിയും നിലനിർത്തരുതെന്ന് ആരാധകർ ചൂണ്ടിക്കാണിക്കുന്നു.

അനുജ് റാവത്ത്: കഴിവുള്ള താരമാണെങ്കിലും വിക്കറ്റ് കീപ്പർ ബാറ്ററായ അനുജ് റാവത്തിന് ഈ സീസണിൽ അധികം അവസരം ലഭിച്ചിട്ടില്ല. അഞ്ച് ഇന്നിങ്സിൽനിന്ന് 98 റൺസാണ് താരത്തിന്റെ സമ്പാദ്യം. മറ്റൊരു വിക്കറ്റ് കീപ്പറായ ദിനേഷ് കാർത്തിക്കിന്‍റെ സാന്നിധ്യത്തിൽ പലപ്പോഴും അവസാന ഇലവനിൽ ഇടംനേടാനാകാതെ പോവുകയായിരുന്നു. കോഹ്‌ലി, ഡൂപ്ലസി, സിറാജ്, കാമറൂൺ ഗ്രീൻ, രജത് പാട്ടിദാർ തുടങ്ങിയ താരങ്ങളെ നിലനിർത്തേണ്ടതിനാൽ അനുജ് റാവത്തിനെ ആർ.സി.ബി റിലീസ് ചെയ്യേണ്ടിവരും.

അൽസാരി ജോസഫ്: 2019ൽ മുംബൈക്കായി അരങ്ങേറിയ അൽസാരി ജോസഫ് കഴിഞ്ഞ രണ്ട് സീസണുകളിൽ ഗുജറാത്തിനായാണ് കളത്തിലിറങ്ങിയത്. ഇത്തവണ ആർ.സി.ബിക്കായി നിറം മങ്ങിയ പ്രകടനമാണ് താരം പുറത്തെടുത്തത്. മൂന്ന് മത്സരങ്ങളിൽ കളിച്ച താരം ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. അതും 11.9 ഇക്കോണമി റേറ്റിലാണ് പന്തെറിഞ്ഞത്.

ടോം കറൻ: ഒറ്റ മത്സരത്തിൽ പോലും കളത്തിലിറങ്ങാനാകാതെ സൈഡ് ബെഞ്ചിലിരിക്കാനായിരുന്നു ഇംഗ്ലിഷ് ഓൾറൗണ്ടർ ടോം കറന്റെ യോഗം. നാലിലേറെ വിദേശ താരങ്ങളെ കളിപ്പിക്കാനാകില്ല എന്ന നിയമമിരിക്കെ കറൻ ടീമിന് അധികപ്പറ്റായി എന്നതാണ് യാഥാർഥ്യം. ടീമിന് ആവശ്യമില്ലാത്ത താരത്തെ ഫ്രാഞ്ചൈസി കൈയൊഴിഞ്ഞേക്കും.

കരൺ ശർമ: സീസണിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും പ്രായം കരൺ ശർമക്ക് വില്ലനാകും. 36കാരനായ താരം സീസണിൽ ഒൻപത് മത്സരങ്ങളിൽനിന്നായി ഏഴു വിക്കറ്റും 31 റൺസുമാണ് നേടിയത്. അടുത്ത സീസണിൽ കൂടുതൽ യുവതാരങ്ങളെ ഉൾപ്പെടുത്തേണ്ടതിനാൽ കരൺ ശർമയെ റിലീസ് ചെയ്യണമെന്ന് ആരാധകർ ആവശ്യപ്പെടുന്നു.

Tags:    
News Summary - 5 players RCB might release after IPL 2024 ft. Glenn Maxwell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.