മനാമ: ഈ വർഷം ദോഹയിൽ നടക്കുന്ന ഫിഫ അറബ് കപ്പിനായുള്ള ഒരുക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ബഹ്റൈൻ ഫുട്ബാൾ ടീം മൊറോക്കോയിലെത്തി. ഈ ഒക്ടോബർ ഫിഫ ഇന്റർനാഷനൽ വിൻഡോയിൽ രണ്ട് സൗഹൃദ മത്സരങ്ങളാണ് ബഹ്റൈൻ കളിക്കുക. ക്രൊയേഷ്യൻ ഹെഡ് കോച്ച് ഡ്രാഗൺ തലാജിച്ചിന്റെ നേതൃത്വത്തിലുള്ള ടീം ഒക്ടോബർ ഒമ്പതിന് റബാത്തിൽ ആതിഥേയരായ മൊറോക്കോയെ നേരിടും. ഒക്ടോബർ 12ന് മൊഹമ്മദിയ്യയിൽ വെച്ച് ഈജിപ്തുമായിട്ടാണ് അടുത്ത മത്സരം. ഫിഫ റാങ്കിങ്ങിൽ 11ാം സ്ഥാനത്താണ് മൊറോക്കോ. ഈജിപ്ത് 35ാം സ്ഥാനത്തും. ഈ സൗഹൃദ മത്സരങ്ങൾക്ക് ശേഷം ടീം ഒക്ടോബർ 13ന് ബഹ്റൈനിലേക്ക് മടങ്ങും.
നാസർ ബിൻ ഹമദ് പ്രീമിയർ ലീഗിലെ മത്സരങ്ങൾ കഴിഞ്ഞ ഉടൻ താരങ്ങൾ മൊറോക്കോയിലേക്ക് തിരിച്ചതിനാൽ, യാത്രക്കുമുമ്പ് ടീം പ്രാദേശിക പരിശീലന സെഷനുകൾ നടത്തിയിരുന്നില്ല. എന്നാൽ മൊറോക്കോയിൽ എത്തിയ ശേഷം പരിശീലനം പുനരാരംഭിക്കും.
മൊറോക്കോയിലേക്കുള്ള യാത്രക്ക് മുന്നോടിയായി, തലാജിച്ച് ടീമിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അഹ്മദ് ധിയാ, മുഹമ്മദ് ഹർദാൻ, റിഫാ ക്ലബിന്റെ മിഡ്ഫീൽഡർ അലി മദാൻ എന്നിവരെ ടീമിലേക്ക് പുതുതായി വിളിച്ചുചേർത്തു. വരാനിരിക്കുന്ന അറബ് കപ്പിനായി ടീമിനെ മികച്ച രൂപത്തിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ താരങ്ങളെ ഉൾപ്പെടുത്തിയത്.
അറബ് കപ്പിൽ ഗ്രൂപ് ഘട്ടത്തിൽ ഇടം നേടുന്നതിന് ബഹ്റൈൻ നവംബർ 26ന് ദോഹയിൽ വെച്ച് ജിബൂതിയുമായി ഒരു യോഗ്യതാ മത്സരം കളിക്കേണ്ടതുണ്ട്. ഈ മത്സരത്തിൽ വിജയിച്ചാൽ അൽജീരിയ, ഇറാഖ്, കൂടാതെ ലബനാൻ അല്ലെങ്കിൽ സുഡാൻ എന്നിവരുൾപ്പെടുന്ന ഗ്രൂപ് ഡി യിലേക്ക് പ്രവേശനം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.