മുരോഫുഷി കുടുംബ യൂനിറ്റ്: ഏഷ്യൻ ഗെയിംസിന് ദീപശിഖ തെളിയിച്ചത് ഹാമർത്രോ ഇതിഹാസങ്ങളായ പിതാവും മകനും
ടോക്യോ: 20ാമത് ഏഷ്യൻ ഗെയിംസിൽ ഹാമർ ത്രോയിലെ ഇതിഹാസ താരങ്ങളായ ഷിഗെനോബു മുരോഫുഷിയും മകനും ഒളിമ്പിക് സ്വർണ മെഡൽ ജേതാവുമായ കോജി മുരോഫുഷിയുമാണ് പ്രധാന ദീപശിഖ തെളിയിച്ചത്. ഷിഗെനോബു ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ ഹാമർത്രോയിൽ തുടർച്ചയായി അഞ്ച് തവണ ജപ്പാന് വേണ്ടി സ്വർണം (1970 മുതൽ 1986 വരെ) നേടിയ താരമാണ്. 1972, 1976, 1984 ഒളിമ്പിക്സുകളിൽ മത്സരിച്ചിട്ടുണ്ട്. 1984 ലോസ് ആഞ്ജലസ് ഒളിമ്പിക്സിൽ ജപ്പാന്റെ പതാകവാഹകനുമായിരുന്നു. 1984ൽ അദ്ദേഹം കുറിച്ച 75.96 മീറ്ററിന്റെ ദേശീയ റെക്കോഡ് 14 വർഷത്തോളം മാറ്റമില്ലാതെ തുടർന്നു. പിന്നീട് മകൻ കോജിതന്നെയാണ് ആ റെക്കോഡ് തിരുത്തിയത്.
പിതാവിനേക്കാൾ വലിയ നേട്ടങ്ങൾ കായികലോകത്ത് സ്വന്തമാക്കാൻ കോജിക്ക് കഴിഞ്ഞു. 2004 ആതൻസ് ഒളിമ്പിക്സിൽ ഹാമർ ത്രോയിൽ സ്വർണ മെഡൽ നേടി. ഈ ഇനത്തിൽ ഒളിമ്പിക് സ്വർണം നേടുന്ന ആദ്യ ജാപ്പനീസ് താരമാണ് കോജി. കൂടാതെ 2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡലും നേടി. 2011ലെ ദെയ്ഗു ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി അദ്ദേഹം ലോക ചാമ്പ്യനുമായി. കരിയറിൽ 84.86 മീറ്റർ ദൂരം എറിഞ്ഞ് ഏഷ്യൻ റെക്കോഡും സ്ഥാപിച്ചു. കോജിയുടെ അമ്മ സെറാഫിന മോറിറ്റ്സ് മുൻ ജാവലിൻ ത്രോ താരമാണ്. കോജിയുടെ സഹോദരി യുക മുരോഫുഷിയും ഹാമർത്രോ/ഡിസ്കസ് ഒളിമ്പ്യനാണ്. കായികരംഗത്ത് ജപ്പാന്റെ പ്രൗഢിയുയർത്തിയ കുടുംബമാണ് ഇവരുടെത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.