ഉദിച്ചുയർന്നു, വൻകര മേലെ
നഗോയ: നിർമിത ബുദ്ധിയും ജപ്പാന്റെ സാങ്കേതിക ജ്ഞാനവും പൈതൃകവും എല്ലാം ചേർന്ന രാത്രിയിൽ 20ാമത് ഏഷ്യൻ ഗെയിംസിന് തീരനഗരിയായ ഐച്ചി നഗോയയിൽ പ്രൗഢഗംഭീര തുടക്കം. ഇനിയുള്ള 16 നാൾ, വൻകരക്ക് കായികോത്സം. കരുത്തും പ്രതിഭയും പോർവീര്യവും ഭാഗ്യവുമെല്ലാം മാറ്റുരച്ചുകൊണ്ട് ഏഷ്യാ വൻകരയിലെ 45 രാജ്യങ്ങളും, ഒളിമ്പിക് കമ്മിറ്റിക്കു കീഴിൽ അഭയാർഥി ടീമും ട്രാക്കിലും കോർട്ടിലും ഫീൽഡിലുമായി മാറ്റുരക്കും.
ശനിയാഴ്ച പകൽ ഇന്ത്യയിൽ സൂര്യൻ നട്ടുച്ചയിലെത്തിയ നേരം, ജപ്പാനിൽ അസ്തമയത്തോടടുത്തിരുന്നു. ഉദ്ഘാടന വേദിയായ മിസുഹോ പാർക്ക് അത്ലറ്റിക് സ്റ്റേഡിയത്തിലെ വിളക്കുകളെല്ലാം അണച്ച്, മൈതാനത്തും ഗാലറിയിലും ഇരുട്ട് നിറച്ചുകൊണ്ട് വർണവിസ്മയങ്ങളോടെ ഗെയിംസിന് തിരിതെളിഞ്ഞു.
ജപ്പാൻ ചക്രവർത്തി നരുഹിതോയാണ് ഗെയിംസിന്റെ തുടക്കം പ്രഖ്യാപിച്ചത്. രാജകുടുംബാംഗങ്ങൾ, ഏഷ്യൻ ഒളിമ്പിക് കൗൺസിൽ പ്രസിഡന്റ് ശൈഖ് ജുആൻ ബിൻ ഹമദ് ആൽ ഥാനി, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ക്രിസ്റ്റി കോവെൻട്രി ഉൾപ്പെടെ അതിഥികളും പങ്കെടുത്തു.
45 രാജ്യങ്ങളുടെ കായിക താരങ്ങൾ ദേശീയ പതാകകൾക്കു കീഴിൽ അണിനിരന്ന മാർച്ച് പാസ്റ്റോടെയായിരുന്നു ഉദ്ഘാടന ചടങ്ങുകളുടെ തുടക്കം. 158 അംഗങ്ങളുള്ള ഇന്ത്യൻ സംഘത്തെ ഒളിമ്പിക് ഷൂട്ടിങ് മെഡൽ ജേതാവ് മനു ഭാകറും, കബഡി താരം പവൻ സെഹ്റാവത്തും നയിച്ചു. നേരത്തേ നിശ്ചയിച്ച ഷോട്ട്പുട്ട് താരം തേജീന്ദർ പാൽ സിങ്ങിന്റെ സെറിമോണിയിൽ കിറ്റ് ലഭിക്കാൻ വൈകിയതോടെയാണ് പകരക്കാരനായി കബഡി താരത്തെ പതാകയേന്താൻ വിളിച്ചത്.
മാർച്ച് പാസ്റ്റിനു പിന്നാലെ ‘ഹാർമോണിക് ഹാർട്ട് ബീറ്റ്’ എന്ന പേരിൽ ജപ്പാൻ കലാകാരന്മാർ അണിനിരന്ന നൃത്ത, സംഗീത പ്രകടനങ്ങളോടെ മേളക്ക് കൊടിയേറി.രാജ്യത്തിന്റെ വിവിധ ദിക്കുകളിൽ പ്രയാണം പൂർത്തിയാക്കിയെത്തിയ ഗെയിംസ് ദീപശിഖ ജപ്പാൻ കായിക ഇതിഹാസങ്ങളായ അച്ഛനും മകനുമായ മുറോഫുഷി കോജിയും, പിതാവ് ഷിഗെനോബുവും ചേർന്ന് ഗെയിംസ് വിളക്കിലേക്ക് പകർന്നു. ഏഷ്യൻ ഗെയിംസിൽ മെഡൽ പോരാട്ടങ്ങൾ ഞായറാഴ്ച സജീവമാകും. 31 ഇനങ്ങളിലാണ് ആദ്യ ദിനം മെഡൽ നിർണയിക്കാനിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.