ഒരായിരം തവണ വംശീയതയ്ക്ക് ഇരയായി; വെളിപ്പെടുത്തി ലമീൻ യമാൽ
മഡ്രിഡ്: ഒരായിരം തവണ വംശീയതക്ക് ഇരയായിട്ടുണ്ടന്ന് വെളിപ്പെടുത്തി സ്പെയ്നിന്റെയും ബാഴ്‌സലോണയുടെയും കൗമാര താരം ലമീൻ യമാൽ. ആളുകൾ പലപ്പോഴും പരോക്ഷമായി അധിക്ഷേപിക്കുമെന്നും എന്നാലത് വംശീയതയാണെന്ന് പലരും തിരിച്ചറിയുന്നില്ലെന്നും താരം പറഞ്ഞു. മോവിസ്റ്റാറിലെ അഭിമുഖത്തിൽ മുൻ അർജന്റൈൻ താരം ജോർജ് വാൽഡാനോ "വംശീയ വിവേചനം നേരിട്ടിട്ടുണ്ടോ" എന്ന് ചോദിച്ചപ്പോഴായിരുന്നു യമാൽ മനസുതുറന്നത്.
"ആയിരം തവണ. ആളുകൾ നിങ്ങളെ പരോക്ഷമായി വംശീയമായി അധിക്ഷേപിക്കും. വംശീയമായ നിരവധി കമന്റുകളും നോട്ടങ്ങളുമുണ്ട്. ഒരുപക്ഷേ അവരുപയോഗിക്കുന്ന ഭാഷയിലെ വംശീയത അവർ തിരിച്ചറിയുന്നില്ല. ആരെങ്കിലും കറുത്തവൻ എന്ന് വിളിച്ചാൽ എന്നെ അത് ബാധിക്കുന്നില്ല. ഞാൻ കറുത്തവനാണ്. എന്നാൽ, അവർ എന്ത് അത് ഉപയോഗിക്കുന്നുവെന്നതാണ് പ്രധാനം. പക്ഷേ ഞാൻ ഒരു മത്സരം കളിക്കുമ്പോൾ അവർ എന്നെ കാണാൻ ടിക്കറ്റിന് പണം നൽകിയാൽ, അവർ എന്നെ അനാദരവ് കാണിച്ചുവെന്നതുകൊണ്ട് ഞാൻ ദേഷ്യപ്പെടാൻ പോകുന്നില്ല" - യമാൽ പറഞ്ഞു.
കരിയറിന്റെ തുടക്കത്തിൽ യമാൽ വലിയ രീതിയിലുള്ള വംശീയ അധിക്ഷേപം നേരിട്ടിട്ടുണ്ട്. 2024 ഒക്ടോബറിൽ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന എൽ ക്ലാസിക്കോ മത്സരത്തിനിടെ യമാലിനൊപ്പം റഫീഞ്ഞ, അൻസു ഫാത്തി എന്നിവരെ വംശീയമായി അധിക്ഷേപിക്കുന്നതായി കാണിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
2025 അവസാന പാദത്തിൽ സ്പെയ്നിൽ ഓൺലൈൻ വംശീയ അധിക്ഷേപത്തിന് ഏറ്റവും കൂടുതൽ ഇരയായത് യമാലും റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറുമാണെന്ന് മാർച്ചിൽ പ്രസിദ്ധീകരിച്ച ഒരു ബുള്ളറ്റിനിൽ സ്പാനിഷ് ഒബ്സർവേറ്ററി ഓൺ റാസിസം ആൻഡ് സെനോഫോബിയ വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.