2020 വരെ വെറും പേരുകൾ മാത്രമായിരുന്നു കൊറോണയും കോവിഡുമെല്ലാം. എന്നാൽ, കോവിഡ് മഹാമാരി ലോകമെമ്പാടും നാശം വിതക്കാൻ തുടങ്ങിയതോടെ കഥ മാറി. കൊറോണ, കോവിഡ് തുടങ്ങിയ സ്വന്തം പേരുകൊണ്ട് കുടുങ്ങിയവരും കുറവല്ല. അത്തരക്കാരിലൊരാളാണ് ഹോളിഡിഫൈ സഹസ്ഥാപകനായ കോവിദ് കപൂർ.
അവസാനമായി തന്റെ ട്വിറ്റർ ബയോയിൽ 'സ്വയം വൈറസല്ല' എന്ന് സാക്ഷ്യപ്പെടുത്തേണ്ടിവന്നു ഈ യുവാവിന്. 'എന്റെ പേര് കോവിദ് ഞാൻ ഒരു വൈറസല്ല' എന്നാണ് നിലവിൽ കപൂറിന്റെ ട്വിറ്റർ ബയോ. പേര് ഇംഗ്ലീഷിൽ എഴുതുമ്പോൾ കോവിഡ് എന്ന് വായിക്കുന്നതാണ് തെറ്റിദ്ധാരണക്ക് കാരണം.
കോവിഡ് മഹാമാരിക്ക് ശേഷം വിദേശത്തെത്തിയപ്പോൾ തന്റെ പേരുമായി ബന്ധപ്പെട്ടുണ്ടായ രസകരമായ സംഭവങ്ങളും കപൂർ ട്വിറ്ററിൽ പങ്കുവെച്ചു. 'കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇന്ത്യക്ക് പുറത്തുപോയത്. എന്നാൽ എന്റെ പേര് കേട്ടതോടെ നിരവധി പേർ ആശ്ചര്യം പ്രകടിപ്പിച്ചെത്തി. ഇനിയുള്ള വിദേശയാത്രകൾ രസകരമായിരിക്കുമെന്ന് തോന്നുന്നു' -കപൂർ ട്വിറ്ററിൽ കുറിച്ചു.
കൂടാതെ, തന്റെ പേര് ഉച്ചരിക്കുന്നതിലെയും എഴുതുന്നതിലെയും രസകരമായ സംഭവങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തു. 30ാം ജന്മദിനത്തിന് 'Kovid' എന്നതിന് പകരം കേക്കിൽ 'Covid' എന്നാണ് എഴുതിയതെന്നും കേക്കിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു. സുഹൃത്തുക്കൾ എന്റെ പേര് തെറ്റായി എഴുതിയതാണെന്ന് കരുതി ബേക്കറിക്കാരൻ 'യഥാർഥ പേര്' കേക്കിൽ എഴുതിയെന്നാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ ഇന്റർനെറ്റിൽ ജിമെയിലിലോ സമൂഹമാധ്യമങ്ങളിലോ തന്റെ പേര് തിരഞ്ഞാൽ ഉടൻ 'covid' എന്ന് തിരുത്തി ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.