പ്രയാഗ്‌രാജ് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനികളെ റാഗിങിന് ഇരയാക്കി; വിഡിയോ ദൃശ്യങ്ങൾ പുറത്ത്

ഉത്തർപ്രദേശ്: പ്രയാഗ്‌രാജ് മോത്തിലാൽ നെഹ്‌റു മെഡിക്കൽ കോളേജിൽ നടന്ന ക്രൂരമായ റാഗിങിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ജൂനിയർ വിദ്യാർത്ഥിനികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു എന്ന ആരോപണവുമായി ഒരു വിദ്യാർത്ഥിനി തന്നെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഹോസ്റ്റലിൽ വെച്ച് സീനിയർ വിദ്യാർത്ഥിനികൾ ജൂനിയർ വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തുന്നതും ശാരീരികമായി ഉപദ്രവിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. രാത്രികാലങ്ങളിൽ ജൂനിയർ വിദ്യാർത്ഥിനികളുടെ ഫോണുകൾ പിടിച്ചുവാങ്ങുന്നുവെന്നും മണിക്കൂറുകളോളം അവരെ എഴുന്നേൽപ്പിച്ചു നിർത്തുന്നുവെന്നും കുടുംബാംഗങ്ങളുമായി സംസാരിക്കാൻ പോലും അനുവദിക്കുന്നില്ലെന്നും ഗുരുതരമായ ആരോപണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

റാഗിങിനെതിരെ പ്രതികരിക്കാനോ തെളിവ് ശേഖരിക്കാനോ ശ്രമിച്ച വിദ്യാർത്ഥിനികളെ സീനിയർ വിദ്യാർത്ഥിനികൾ പരിഹസിക്കുന്നതും വിഡിയോയിൽ കാണാം. ജൂനിയർ വിദ്യാർത്ഥിനികൾക്കുനേരെ അധിക്ഷേപങ്ങൾ ചൊരിയുകയും പരാതി നൽകിയാൽ ഒന്നും സംഭവിക്കില്ലെന്ന മട്ടിൽ വെല്ലുവിളിക്കുകയും ചെയ്യുന്ന സീനിയർ വിദ്യാർത്ഥിനികളുടെ നടപടി വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സീനിയർ വിദ്യാർത്ഥിനികൾ സംഘം ചേർന്ന് ജൂനിയർ വിദ്യാർത്ഥിനികളെ ഒറ്റപ്പെടുത്താനും അവരെ മാനസികമായി തളർത്താനും ശ്രമിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

വിഡിയോ വൈറലായതോടെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസിനെയും പ്രയാഗ്‌രാജ് പൊലീസിനെയും ടാഗ് ചെയ്തുകൊണ്ട് നിരവധി പേർ രംഗത്തെത്തി. റാഗിങ് ഒരു ക്രിമിനൽ കുറ്റമാണെന്നും കുറ്റക്കാരായ വിദ്യാർത്ഥിനികളെ കോളേജിൽ നിന്ന് പുറത്താക്കണമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങൾ ആവശ്യപ്പെടുന്നു. മുൻപും സമാനമായ റാഗിങ് സംഭവങ്ങൾ പല വിദ്യാർത്ഥിനികളുടെയും ജീവൻ തകർത്തത് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ശക്തമാകുന്നത്.

Tags:    
News Summary - Female students subjected to ragging at Prayagraj Medical College; video footage surfaces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.