ന്യൂഡൽഹി: പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി സമൂഹ മാധ്യമമായ എക്സിൽ ഒരു വിമർശകന് നൽകിയ മറുപടി വൈറലാകുന്നു. താൻ ഇന്ത്യയുടെ പുരോഗതിക്ക് നൽകുന്ന പ്രാധാന്യം ബി.ജെ.പിയിലെ മുഴുവൻ നേതാക്കളും ചേർന്നാൽപോലും ഉണ്ടാവില്ലെന്ന് റാഠി ചൂണ്ടിക്കാട്ടി. പണമാണ് മുഖ്യമെങ്കിൽ എന്നേ ബി.ജെ.പിയിൽ ചേരുമായിരുന്നു. അങ്ങനെയെങ്കിൽ തന്നെപ്പോലുള്ള അനുയായികൾ എന്റെ ഷൂ നക്കാൻ പിറകെ കൂടുമായിരുന്നുവെന്നും റാഠി പ്രതികരിച്ചു. കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന ചിത്രങ്ങളോടു കൂടെ മറ്റൊരാൾ എക്സിൽ കുറിച്ചതിനുപിന്നാലെ വന്ന മോശമായ കമന്റുകളോടായിരുന്നു റാഠിയുടെ മറുപടി.
ഒരു മികച്ച കുടുംബസ്ഥനെന്ന നിലയിൽ ധ്രുവ് റാഠി വിജയിച്ചിരിക്കുന്നുവെന്ന കുറിപ്പോടുകൂടെ ഒരു ഫോളോവർ പങ്കുവെച്ച റാഠിയുടെ കുടുംബ ചിത്രങ്ങൾക്കടിയിൽ വന്ന ദിനേശ് എന്നയാളുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു.
‘ആ യുക്തിവെച്ച് നോക്കിയാൽ, എല്ലാ മയക്കുമരുന്ന് കച്ചവടക്കാരും ജീവിതത്തിൽ വിജയിച്ചവരാണ് - അവർക്ക് സ്നേഹനിധിയായ ഭാര്യയും കുട്ടികളുമുണ്ട്, കുടുംബത്തോടൊപ്പം നല്ല രീതിയിൽ സമയം ചിലവഴിക്കുന്നുമുണ്ട്. പക്ഷേ, പരോക്ഷമായി അവൻ സമൂഹത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.
ഇവിടെയും അതുതന്നെയാണ് സംഭവിക്കുന്നത്; പണത്തിന് വേണ്ടി ഈ ആട്ടിടയൻ ഇന്ത്യയിൽ അസംബന്ധങ്ങൾ പ്രചരിപ്പിക്കുകയാണ്’ എന്നാണ് ഫാക്റ്റ് വിത്ത് ദിനേശ് വിമർശിച്ചത്.
‘ബി.ജെ.പി എന്ന പാർട്ടിയും നേതാക്കളും രാജ്യത്തിന്റെ വളർച്ചയിൽ നൽകുന്ന പരിഗണനെയേക്കാൾ ഞാൻ എന്റെ രാജ്യത്തിന് നൽകുന്നുണ്ട്. നിങ്ങൾ ഇപ്പോൾ പിന്തുണയ്ക്കുന്നത് തെറ്റായ പക്ഷത്തെയാണെന്ന് ഒരുനാൾ നിങ്ങൾക്ക് മനസ്സിലാകും, അന്ന് നിങ്ങൾ ഖേദിക്കും. എനിക്ക് പണത്തോടാണ് ആർത്തിയെങ്കിൽ എനിക്ക് ബി.ജെ.പിയിൽ ചേരാമായിരുന്നു. അങ്ങനെയെങ്കിൽ ഇന്ന് എന്നെ എതിർക്കുന്ന നിങ്ങളെ പോലെയുള്ളവർ എന്റെ ഷൂ നക്കുന്നവരായി കൂടെക്കൂടുമായിരുന്നു." എന്നാണ് റാഠി ഈ ദിനേശിന്റെ വിമർശനത്തിന് മറുപടി നൽകിയത്.
ഇതാദ്യമായല്ല റാഠി സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്നതും മറുപടി നൽകുന്നതും. പലപ്പോഴും കേന്ദ്ര സർക്കാറിന്റെ നയങ്ങളെയും ബി.ജെ.പി രാഷ്ട്രീയത്തെയും വസ്തുതകൾ നിരത്തി വിമർശിക്കുന്ന റാഠി, ഇതിനു മുമ്പും കൃത്യമായ മറുപടികൾ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.