മൈസൂരു സബർബൻ ബസ് സ്റ്റാൻഡിന് സമീപമുള്ള മതിലുകളിൽ വലിയ സ്റ്റീൽ കണ്ണാടികൾ സ്ഥാപിച്ചു

ഇത് വെറുമൊരു കണ്ണാടിയല്ല! പരസ്യ മൂത്രവിസർജനം തടയാൻ വ്യത്യസ്‍തവും വിചിത്രവുമായ പരീക്ഷണം നടപ്പിലാക്കി മൈസൂരു നഗരസഭ -VIDEO

മൈസൂരു: പൊതുസ്ഥലത്തെ മൂത്രവിസർജനം തടയാൻ വ്യത്യസ്തവും എന്നാൽ വിചിത്രവുമായ പരീക്ഷണവുമായി മൈസൂരു നഗരസഭ. മൈസൂരു സബർബൻ ബസ് സ്റ്റാൻഡിന് സമീപമുള്ള മതിലുകളിൽ വലിയ സ്റ്റീൽ കണ്ണാടികൾ സ്ഥാപിച്ചാണ് അധികൃതർ നാട്ടുകാരെ ഞെട്ടിച്ചിരിക്കുന്നത്. ദീർഘകാലമായി പൊതുജനങ്ങൾ മൂത്രമൊഴിക്കാൻ ഉപയോഗിച്ചിരുന്ന മതിലിലാണ് ഇപ്പോൾ ഈ കൂറ്റൻ കണ്ണാടികൾ ഇടം പിടിച്ചിരിക്കുന്നത്.

കണ്ണാടികൾ സ്ഥാപിച്ച മതിലിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. 'ഈ ബുദ്ധി ഉദിച്ചവർക്ക് നൊബേൽ സമ്മാനം നൽകണം' എന്ന കുറിപ്പോടെയാണ് പലരും വീഡിയോ പങ്കുവെക്കുന്നത്. കണ്ണാടിയിൽ സ്വന്തം രൂപം കണ്ട് ആളുകൾ പിന്തിരിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

എന്നാൽ, ഈ നീക്കത്തിന് വൻ ജനശ്രദ്ധ ലഭിക്കുമ്പോഴും വിമർശനങ്ങളും ഒട്ടും കുറവല്ല. പ്രധാനമായും ശുചിമുറികളുടെ അഭാവമാണ് ജനങ്ങൾ ഉയർത്തുന്നത്. ആളുകളെ നാണം കെടുത്തി പിന്തിരിപ്പിക്കുന്നതിന് പകരം നഗരത്തിൽ കൂടുതൽ വൃത്തിയുള്ള പൊതുശുചിമുറികൾ നിർമിക്കാനാണ് അധികൃതർ ശ്രദ്ധിക്കേണ്ടതെന്നാണ് പ്രധാന വാദം. 100 മീറ്റർ ചുറ്റളവിൽ നാലോളം ശുചിമുറികൾ നിലവിലുണ്ടെന്നും എന്നാൽ പൗരബോധമില്ലാത്തവർ മനഃപൂർവ്വം റോഡരികിൽ മൂത്രമൊഴിക്കുകയാണെന്ന് പരീക്ഷണത്തെ അനുകൂലിച്ചവർ പറയുന്നു.

വ്യത്യസ്‍തമായൊരു പരീക്ഷണമാണെങ്കിലും ഈ കണ്ണാടികൾ അധികകാലം അവിടെ കാണില്ലെന്നും, ആളുകൾ ഇത് അടിച്ചുതകർക്കാനോ അല്ലെങ്കിൽ പാൻ മസാല തുപ്പി വൃത്തികേടാക്കാനോ സാധ്യതയുണ്ടെന്നും സമൂഹമാധ്യമങ്ങളിലെ ഒരുവിഭാഗം അഭിപ്രായപ്പെട്ടു. ശിക്ഷാ നടപടികളോ ഇത്തരം താൽക്കാലിക വിദ്യകളോ കൊണ്ട് മാത്രം ഈ പ്രശ്നം പരിഹരിക്കാനാവില്ല. സ്കൂൾ തലം മുതൽ കുട്ടികളിൽ പൗരബോധവും ശുചിത്വ ശീലങ്ങളും വളർത്തിയെടുത്താൽ മാത്രമേ വരും തലമുറയിലെങ്കിലും മാറ്റമുണ്ടാകൂ എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. എന്തായാലും മൈസൂരുവിലെ ഈ 'കണ്ണാടി പരീക്ഷണം' വിജയിക്കുമോ അതോ വെറും കാഴ്ചവസ്തുവായി മാറുമോ എന്ന് കാത്തിരുന്ന് കാണാം. 

Tags:    
News Summary - Mysuru Municipality implements a different and strange experiment to stop public urination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.