സമുദ്രത്തിൽ ഏറ്റവും വലിയ ഇന്ത്യൻ പതാക വിരിച്ച് വിസ്മയക്കാഴ്ച; ലോക ഗിന്നസ് റെക്കോഡ് സ്വന്തമാക്കി ആൻഡമാൻ ഭരണകൂടം -വൈറൽ വിഡിയോ

ശ്രീ വിജയപുരം: കടലാഴങ്ങളിൽ ഇന്ത്യൻ ദേശീയ പതാക വിരിയിച്ച് ലോക ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ആൻഡമാൻ നിക്കോബാർ ഭരണകൂടം. സ്വരാജ് ദ്വീപിലെ (ഹാവ്ലോക്ക് ഐലൻഡ്) പ്രശസ്തമായ രാധാനഗർ ബീച്ചിൽ ശനിയാഴ്ച നടന്ന ചടങ്ങിൽ ലോകത്തിലെ ഏറ്റവും വലിയ 'അണ്ടർവാട്ടർ' ദേശീയ പതാക അനാച്ഛാദനം ചെയ്താണ് ഭരണകൂടം ഗിന്നസ് ലോക റെക്കോഡിൽ ഇടംപിടിച്ചത്.

60 മീറ്റർ നീളവും 40 മീറ്റർ വീതിയുമുള്ള കൂറ്റൻ ത്രിവർണ പതാകയാണ് കടലിനടിയിൽ നിശ്ചിത ആഴത്തിൽ വിരിച്ചത്. അതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വിവിധ ഏജൻസികളുടെയും വിദഗ്ധരായ മുങ്ങൽ വിദഗ്ധരുടെയും നേതൃത്വത്തിൽ അതിസങ്കീർണമായ പ്രക്രിയയിലൂടെയാണ് ദൗത്യം പൂർത്തിയാക്കിയത്. ആൻഡമാൻ നിക്കോബാർ പൊലീസ്, വനം വകുപ്പ്, ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ് എന്നിവർക്കൊപ്പം വിവിധ ഡൈവിങ് സെന്ററുകളിൽനിന്നുള്ള ഇരുന്നൂറോളം സ്‌കൂബ ഡൈവർമാരും അടക്കം 200ഓളം മുങ്ങൽ വിദഗ്ധർ ദൗത്യത്തിൽ പങ്കെടുത്തിരുന്നു.

ലഫ്റ്റനന്റ് ഗവർണർ ഡി.കെ. ജോഷി, ചീഫ് സെക്രട്ടറി ചന്ദ്ര ഭൂഷൺ കുമാർ, ഡി.ജി.പി എച്ച്.എസ് ധലിവാൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ഈ ഗിന്നസ് വേൾഡ് റെക്കോഡ് അഡ്ജുഡിക്കേറ്റർ ഋഷിനാഥ് ഔദ്യോഗികമായി പ്രഖ്യാപിച്ചതും സർട്ടിഫിക്കറ്റ് കൈമാറിയതും.

ദ്വീപിലെ സാഹസിക വിനോദസഞ്ചാര മേഖലയ്ക്കും സമുദ്ര പ്രവർത്തനങ്ങൾക്കും ഈ നേട്ടം ആഗോളതലത്തിൽ വലിയ അംഗീകാരം നൽകുമെന്ന് ലഫ്റ്റനന്റ് ഗവർണർ ഡി.കെ. ജോഷി പറഞ്ഞു. ദൗത്യത്തിൽ പങ്കെടുത്ത എല്ലാ വിഭാഗങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ഈ റെക്കോർഡിന് പിന്നാലെ ഞായറാഴ്ച സ്വരാജ് ദ്വീപിലെ 'ലൈറ്റ് ഹൗസ് ഡൈവ് സൈറ്റിൽ' ഏറ്റവും ഉയരമുള്ള 'ഹ്യൂമൻ സ്റ്റാക്ക്' (മനുഷ്യ ഗോപുരം) നിർമ്മിച്ച് മറ്റൊരു ഗിന്നസ് റെക്കോർഡ് കൂടി കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭരണകൂടം. 

Tags:    
News Summary - Andaman administration sets Guinness World Record for largest Indian flag unfurled in the ocean - Viral video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.