രാഘവ് ഛദ്ദ

യൂത്ത് ഐക്കണിൽ നിന്ന് 'അൺഫോളോ' ലിസ്റ്റിലേക്ക്; രാഘവ് ഛദ്ദയുടെ ഗ്രാഫ് താഴുന്നോ? കയ്യൊഴിഞ്ഞ് ജെൻ സി!

ന്യൂഡൽഹി: രാഷ്ട്രീയ വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ ഇന്ന് തെരുവിലിറങ്ങി മുദ്രാവാക്യം വിളിക്കണമെന്നില്ല, സോഷ്യൽ മീഡിയയിലെ ഒരു 'അൺഫോളോ' ബട്ടൺ അമർത്തുന്നതിലൂടെയും അത് സാധ്യമാണ്. കൃത്യമായി ഇതാണ് ഇപ്പോൾ ആപ് എം.പി രാഘവ് ഛദ്ദയുടെ കാര്യത്തിൽ സംഭവിക്കുന്നത്. ഒരു കാലത്ത് യുവതലമുറയുടെ പ്രിയപ്പെട്ട രാഷ്ട്രീയ മുഖമായിരുന്ന ഛദ്ദയോട് ഇന്ന് 'ജെൻ സി' അകലം പാലിക്കുന്നതായാണ് റിപ്പോർട്ടുകൾ.

പരമ്പരാഗത രാഷ്ട്രീയക്കാരേക്കാൾ ഉപരിയായി, ആധുനികമായ കാഴ്ചപ്പാടുകളുള്ള ഒരു ചാർട്ടേഡ് അക്കൗണ്ടന്റായാണ് ഛദ്ദ രാഷ്ട്രീയത്തിലേക്ക് എത്തിയത്. അദ്ദേഹത്തിന്റെ ശാന്തമായ സംസാരരീതിയും വ്യക്തമായ നിലപാടുകളും യുവജനങ്ങളെ ആകർഷിച്ചു. ബ്ലിങ്കിറ്റ് വഴി ഡെലിവറി എടുക്കുന്ന വിഡിയോ പോലുള്ള സാധാരണ നിമിഷങ്ങൾ അദ്ദേഹത്തെ 'നമ്മളിൽ ഒരാൾ' എന്ന നിലയിൽ ജനങ്ങളിലേക്ക് അടുപ്പിച്ചു.

നടി പരിണീതി ചോപ്രയുമായുള്ള വിവാഹവും അദ്ദേഹത്തിന്റെ ജനപ്രീതി വർധിപ്പിച്ചു. എന്നാൽ, ഈ അടുത്ത കാലത്തായി രാഘവ് ഛദ്ദയുടെ പ്രതിച്ഛായയിൽ കാര്യമായ മാറ്റങ്ങൾ വന്നതായി നിരീക്ഷകർ പറയുന്നു. മുമ്പ് തങ്ങളെപ്പോലെ ഒരാളായി കണ്ടിരുന്ന നേതാവ്, ഇപ്പോൾ മറ്റ് രാഷ്ട്രീയക്കാരെപ്പോലെ 'സ്ട്രാറ്റജിക്' ആയി നീങ്ങുന്നു എന്ന തോന്നൽ യുവാക്കളിൽ ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയ മൂല്യങ്ങളേക്കാൾ വ്യക്തിഗതമായ പ്രിവിലേജുകൾക്ക് മുൻഗണന നൽകുന്നു എന്ന തോന്നൽ അദ്ദേഹത്തിന്റെ 'നോൺ-പൊളിറ്റിക്കൽ' രാഷ്ട്രീയ ബ്രാൻഡിനെ തകർത്തു. സ്വാഭാവികമായി തോന്നിയിരുന്ന പല കാര്യങ്ങളും ഇപ്പോൾ പി.ആർ തന്ത്രങ്ങളായി തോന്നിത്തുടങ്ങി.

പഴയ തലമുറയെപ്പോലെ ഒരു നേതാവിനോട് അന്തമായി കൂറുപുലർത്തുന്ന രീതി ജെൻ സി വിഭാഗത്തിനില്ല. അവർക്ക് വിശ്വാസമുള്ളിടത്തോളം കാലം മാത്രമേ അവർ കൂടെ നിൽക്കൂ. രാഘവ് ഛദ്ദയുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിലുണ്ടായ ഇടിവ് വെറുമൊരു കണക്കല്ല, മറിച്ച് അതൊരു രാഷ്ട്രീയ നിലപാടാണെന്ന് ജെ.എൻ.യു പ്രൊഫസർ അജയ് ഗുഡവർത്തി ഉൾപ്പെടെയുള്ളവർ പറയുന്നു.

രാഷ്ട്രീയ നേതാക്കൾ സോഷ്യൽ മീഡിയയിൽ പടുത്തുയർത്തുന്ന പ്രതിച്ഛായകൾ എത്രത്തോളം ദുർബലമാണെന്നാണ് ഈ സംഭവം കാണിക്കുന്നത്. വെറും പ്രസംഗങ്ങൾ കൊണ്ടോ ഇമേജ് ബിൽഡിങ് കൊണ്ടോ മാത്രം ഇനി വോട്ടുറപ്പിക്കാനാവില്ല. ഓരോ നീക്കവും കൃത്യമായി നിരീക്ഷിക്കുന്ന, തെറ്റായെന്ന് തോന്നിയാൽ നിമിഷനേരം കൊണ്ട് 'അൺഫോളോ' ചെയ്ത് മടങ്ങുന്ന പുതിയൊരു തലമുറയാണ് ഇന്നത്തെ രാഷ്ട്രീയത്തിന്റെ വിധി നിശ്ചയിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 

Tags:    
News Summary - What is happening with Raghav Chadha is bigger than one politician’s follower count

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.