ബംഗളൂരു: ഭൗമോപരിതലത്തിലെ മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനായി ഐ.എസ്.ആർ.ഒയും നാസയും ചേർന്ന് നിർമിച്ച ‘നൈസാർ’ (നാസ-ഐ.എസ്.ആർ.ഒ സിന്തറ്റിക് അപ്പർച്ചർ റഡാർ) ഉപഗ്രഹത്തിന്റെ വിക്ഷേപണ ദൃശ്യങ്ങൾ പുറത്ത്. ജി.എസ്.എൽ.വി എഫ് -16 റോക്കറ്റിൽ ഘടിപ്പിച്ച ഓൺബോർഡ് കാമറകൾ പകർത്തിയ ദൃശ്യങ്ങളാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്.
ബഹിരാകാശത്തേക്ക് കുതിച്ചുയർന്ന റോക്കറ്റിന്റെ ഭാഗങ്ങൾ ഖര, ദ്രവ, ക്രയോജനിക് ഘട്ടങ്ങളിൽ വേർപ്പെട്ട് പോകുന്നതും അവസാനം ഉപഗ്രഹം ഭ്രമണപഥത്തിൽ പ്രവേശിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ആഗോള ബഹിരാകാശ സഹകരണത്തിലെ ഒരു നാഴികക്കല്ലാണ് ‘നൈസാർ’ വിക്ഷേപണമെന്നും ഇസ്രോ എക്സിൽ വ്യക്തമാക്കി.
ബുധാഴ്ച വൈകീട്ട് 5.40ന് ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ജി.എസ്.എൽ.വി എഫ് -16 റോക്കറ്റിലേറിയായിരുന്നു നൈസാറിന്റെ ബഹിരാകാശ കുതിപ്പ്. മൂന്നു ഘട്ടങ്ങൾ പൂർത്തിയാക്കി വിക്ഷേപണത്തിന്റെ 19ാം മിനിറ്റിൽ ഭൂമിയിൽ നിന്ന് 745.5 കിലോമീറ്റർ അകലെ സൗര-സ്ഥിര ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ എത്തിച്ചു.
ശ്രീഹരിക്കോട്ടയിൽ നിന്നുള്ള 102ാം വിക്ഷേപണമായിരുന്നു ഇത്. ജി.എസ്.എൽ.വി റോക്കറ്റിന്റെ 18ാമത്തെ ദൗത്യവും തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള 12ാമത്തെ വിക്ഷേപണവും കൂടിയായിരുന്നു നൈസാർ ദൗത്യം.
ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒയും അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും ചേർന്ന ആദ്യദൗത്യമാണ് ‘നൈസാർ’. 2014ൽ രൂപപ്പെടുത്തിയ കരാർ പ്രകാരം ദൗത്യ ചെലവ് ഇരു ഏജൻസികളും പാതിയായി പങ്കിടും. ഏകദേശം 12,500 കോടിയാണ് (1.5 ബില്യൺ ഡോളർ) ചെലവ്. അഞ്ചു വർഷമായി ഇതിന്റെ പരീക്ഷണഘട്ടങ്ങൾ നടന്നു വരുകയായിരുന്നു.
സൗര-സ്ഥിര ഭ്രമണപഥത്തിൽ സഞ്ചരിച്ച് ഭൂമിയുടെ ഉപരിതലത്തിലെ ചെറിയ മാറ്റങ്ങൾ പോലും നിരീക്ഷിക്കുകയാണ് നൈസാർ ഉപഗ്രഹത്തിന്റെ ലക്ഷ്യം. 2392 കിലോ ഭാരമുള്ള പേലോഡിൽ നാസയും ഐ.എസ്.ആർ.ഒയും നിർമിച്ച ഓരോ സിന്തറ്റിക് അപർച്ചർ റഡാറുകളാണ് (എസ്.എ.ആർ) ഉള്ളത്.
ഇതിൽ എസ് ബാൻഡ് റഡാർ ഐ.എസ്.ആർ.ഒയും എൽ ബാൻഡ് റഡാർ നാസയുമാണ് രൂപപ്പെടുത്തിയത്. ഉപഗ്രഹത്തിന്റെ സാറ്റലൈറ്റ് കമാൻഡുകളും പ്രവർത്തനങ്ങളും ഐ.എസ്.ആർ.ഒയും ഭ്രമണപഥത്തിലൂടെയുള്ള സഞ്ചാരത്തിന്റെ പ്ലാനും റഡാർ ഓപറേഷൻ പ്ലാനും നാസയുമാണ് തയാറാക്കിയത്. ഉപഗ്രഹം പൂർണമായി പ്രവർത്തനസജ്ജമാവാൻ മൂന്ന് മാസമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.