ചണ്ഡീഗഡ്: അപകടത്തിൽപ്പെടുന്ന യുദ്ധവിമാനത്തിൽ നിന്ന് പൈലറ്റുമാരെ രക്ഷപ്പെടുത്താൻ സഹായിക്കുന്ന ഇജക്ഷൻ സംവിധാനത്തിന്‍റെ (ഹൈ സ്പീഡ് റോക്കറ്റ്-സ്ലെഡ് ടെസ്റ്റ്) പരീക്ഷണം വിജയകരം. പരീക്ഷണം വിജയിച്ചതോടെ ഇജക്ഷൻ സീറ്റ് ഇനി തദ്ദേശീയമായി ഇന്ത്യക്ക് നിർമിക്കാനാകും.ഇതോടെ, പൈലറ്റിനെ രക്ഷിക്കാനുള്ള സാങ്കേതിക സംവിധാനമുള്ള രാജ്യങ്ങളുടെ എലൈറ്റ് ക്ലബ്ബിൽ ഇന്ത്യയും ഇടംപിടിച്ചു.
ചണ്ഡീഗഡിലെ ടെർമിനൽ ബാലിസ്റ്റിക് റിസർച്ച് ലബോറട്ടറിയിലെ ഡി.ആർ.ഡി.ഒയുടെ റെയിൽ ട്രാക്ക് റോക്കറ്റ് സ്ലെഡിലായിരുന്നു പരീക്ഷണം. മണിക്കൂറിൽ 800 കിലോമീറ്റർ വേഗത്തിലാണ് സ്ലെഡ് കുതിച്ചത്.
ട്രാക്കിലൂടെ കുതിച്ച റോക്കറ്റ് സ്ലെഡിനെ മേൽപാളി പൊട്ടുന്നു. തുടർന്ന് ഇജക്ഷൻ സീറ്റ് തീപിടിച്ച് മുകളിലേക്ക് ഉയരുകയും പാരച്യൂട്ട് സംവിധാനത്തിലൂടെ പൈലറ്റ് രക്ഷപ്പെടുകയും ചെയ്യും. ഡിഫൻസ് ആൻഡ് റിസർച്ച് ഡെവലപ്മെന്‍റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) ആണ് സംവിധാനം വികസിപ്പിച്ചത്.
ഇജക്ഷൻ സീറ്റ് അല്ലെങ്കിൽ ഇജക്ടർ സീറ്റ് എന്നത് യുദ്ധ വിമാനത്തിലെ പൈലറ്റിനെ അടിയന്തര സാഹചര്യങ്ങളിൽ രക്ഷിക്കാനുള്ള സംവിധാനമാണ്. ഒരു സ്ഫോടനാത്മക ചാർജ് അല്ലെങ്കിൽ റോക്കറ്റ് മോട്ടർ ഉപയോഗിച്ച് സീറ്റ് വിമാനത്തിൽ നിന്ന് പുറത്തേക്ക് തള്ളുന്നു. പൈലറ്റിനെയും അതിനൊപ്പം കൊണ്ടുപോകുന്നു. പിന്നീട് സീറ്റിൽ നിന്ന് പാരച്യൂട്ട് നിവരുകയും പൈലറ്റിനെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു.
ലോകത്തുള്ള 93 വ്യോമസേനകൾക്ക് ഇജക്ഷൻ സീറ്റ് അല്ലെങ്കിൽ ഇജക്ടർ സീറ്റ് നിർമിച്ച് നൽകുന്നത് മാർട്ടിൻ ബേക്കർ എയർക്രാഫ്റ്റ് കമ്പനിയാണ്. മാർട്ടിൻ ബേക്കറിന്‍റെ എം.കെ-16 ഇജക്ഷൻ സീറ്റ് ആണ് ഇന്ത്യൻ വ്യോമസേനയുടെ തേജസ് വിമാനത്തിൽ ഉപയോഗിക്കുന്നത്. എഫ് 35 വിമാനത്തിൽ ഉപയോഗിക്കുന്നതും മാർട്ടിൻ ബേക്കറിന്‍റെ സീറ്റ് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.