കുളിമുറി

റോമൻ ചരിത്രത്തിൽ ഇതുവരെ കാണാത്ത വാസ്തുവിദ്യ; സെർബിയയിൽ 1700 വർഷം പഴക്കമുള്ള അപൂർവ്വ കുളിമുറി കണ്ടെത്തി

സെർബിയ: റോമൻ സാമ്രാജ്യത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന നിർണായക കണ്ടെത്തലുമായി പുരാവസ്തു ഗവേഷകർ. കിഴക്കൻ സെർബിയയിലെ പുരാതന റോമൻ കൊട്ടാരത്തിൽ ചക്രവർത്തിമാർ ഉപയോഗിച്ചിരുന്ന അത്യാഡംബരവും അതുല്യവുമായ കുളിമുറിയുടെ അവശിഷ്ടങ്ങളാണ് ഗവേഷകർ കണ്ടെത്തിയത്. ചരിത്രത്തിൽ ഇതുവരെ റോമൻ സാമ്രാജ്യത്തിൽ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള സവിശേഷമായ രൂപകൽപ്പനയാണ് ഈ കുളിമുറിയുടേതെന്ന് ഗവേഷകർ പറയുന്നു. 

സെർബിയയിലെ 'വ്രേലോ-ഷാർകമെൻ' എന്ന പുരാവസ്തു സൈറ്റിലാണ് 'ബാൽനൂം'എന്നറിയപ്പെടുന്ന ഈ പുരാതന കുളിമുറി കണ്ടെത്തിയത്. ക്രിസ്തുവർഷം നാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിർമിക്കപ്പെട്ട ഈ വലിയ കോട്ട കൊട്ടാരം, 310 മുതൽ 313 വരെ റോമൻ ചക്രവർത്തിയായിരുന്ന മാക്സിമിനസ് ദാസയുടെ ഔദ്യോഗിക വസതിയായിരുന്നു. സെർബിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിയോളജിയിലെ ഗവേഷകരാണ് ഈ സുപ്രധാന കണ്ടെത്തലിന് പിന്നിൽ. ദശകങ്ങളായി ഈ പ്രദേശത്ത് നടന്നു വരുന്ന ഖനനത്തിനിടയിലാണ് ഈ ചരിത്രശേഷിപ്പ് പുറത്തുവന്നത്.

ഈ കൊട്ടാരത്തിലെ വലിയൊരു ടവറിന്റെ അടിത്തട്ടിലാണ് ചരിത്രപ്രധാനമായ ഈ കുളിമുറി സ്ഥിതി ചെയ്യുന്നത്. സാധാരണയായി റോമൻ കുളിമുറികൾ നേർരേഖയിലുള്ള മുറികളായാണ് നിർമിക്കാറുള്ളതെങ്കിൽ, ഇവിടെ തികച്ചും വ്യത്യസ്തമായി വൃത്താകൃതിയിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ആറ് ജനലുകളോട് കൂടിയ മനോഹരമായ താഴികക്കുടം ഈ കുളിമുറിയുടെ പ്രത്യേകതയാണ്. ഇത് അന്നത്തെ റോമാക്കാരുടെ ഉന്നതമായ എൻജിനീയറിങ് വൈഭവത്തെയും വാസ്തുവിദ്യയെയും ആണ് സാക്ഷ്യപ്പെടുത്തുന്നത്.

തറ ചൂടാക്കാനുള്ള പ്രത്യേക സംവിധാനം, മൂന്ന് കുളിപ്പുരകൾ, കൂടാതെ 'സുഡാട്ടോറിയം' എന്നറിയപ്പെടുന്ന ആവിക്കുളിമുറി എന്നിവ ഈ സമുച്ചയത്തിലുണ്ട്. ഉപകരണങ്ങൾ സൂക്ഷിക്കുന്ന മുറിയിൽ ബാത്ത് വാട്ടർ ചൂടാക്കാൻ ഉപയോഗിച്ചിരുന്ന വലിയ അടുപ്പും ചെമ്പ് ബോയിലർ സ്ഥാപിച്ചിരുന്ന അടിത്തറയും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

റോമൻ സാമ്രാജ്യത്തിന്റെ ചരിത്രത്തിൽ ബാർക്കൻ പ്രദേശങ്ങൾക്കും ഇന്നത്തെ സെർബിയ ഉൾപ്പെടുന്ന മേഖലക്കും  അതിനിർണായകമായ സ്ഥാനമാണുള്ളത്. റോമൻ ചക്രവർത്തിമാരുടെ ജന്മസ്ഥലമെന്ന നിലയിലും വൻകിട കോട്ടകളുടെ സംരക്ഷണ കേന്ദ്രമെന്ന നിലയിലും ഈ പ്രദേശം സാമ്രാജ്യത്തിന്റെ സുപ്രധാന ശക്തികേന്ദ്രമായിരുന്നു.

വെറുമൊരു വ്യക്തിഗത ശുചീകരണ സ്ഥലത്തിനപ്പുറം, കൊട്ടാരത്തിലെ ഉന്നതർക്കായുള്ള ആഡംബരവും സുഖസൗകര്യങ്ങളും നിറഞ്ഞ ഒരു പൂർണ്ണമായ സംവിധാനമായിരുന്നു ഇതെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ഈ അപൂർവ്വ ഘടനയെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്താനൊരുങ്ങുകയാണ് വിദഗ്ധർ.

Tags:    
News Summary - Archaeologists Uncover Unique Roman Bath Belonging to Emperor in Serbia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.