‘ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന അവസരം’: ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിൽ നിന്ന് മണ്ണും പാറയും ശേഖരിക്കാൻ ജപ്പാന്റെ ചരിത്ര ദൗത്യം

ടോക്കിയോ: ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിൽ നിന്ന് മണ്ണും പാറയും ശേഖരിച്ച് ഭൂമിയിലെത്തിക്കാനുള്ള ചരിത്ര ദൗത്യത്തിന് ജപ്പാൻ തുടക്കമിട്ടു. ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലൊറേഷൻ ഏജൻസിയുടെ (JAXA) മാർട്ടിയൻ മൂൺസ് എക്സ്പ്ലൊറേഷൻ (MMX) പേടകമാണ് വിജയകരമായി വിക്ഷേപിച്ചത്. സൗരയൂഥത്തിന്റെ ഉത്ഭവത്തെക്കുറിച്ചും ഭൂമിയിലെ ജീവന്റെ പിറവിയെക്കുറിച്ചും നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

തെക്കുപടിഞ്ഞാറൻ ജപ്പാനിലെ തനേഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് പുലർച്ചെ 4.41നാണ് ജപ്പാന്റെ H3 റോക്കറ്റിൽ എം.എം.എക്സ് പേടകം വിക്ഷേപിച്ചത്. വിക്ഷേപണത്തിന് പിന്നാലെ പേടകം റോക്കറ്റിന്റെ മുകളിലെ ഘട്ടത്തിൽ നിന്ന് വിജയകരമായി വേർപെട്ടതായി ജാക്സ അറിയിച്ചു.

അടുത്ത വർഷം ഓഗസ്റ്റിൽ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുമെന്നാണ് പ്രതീക്ഷ. തുടർന്ന് ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങളിൽ വലുതും അടുത്തതുമായ ഫോബോസിൽ നിന്ന് കുറഞ്ഞത് 10 ഗ്രാം മണ്ണും പാറയും ശേഖരിക്കും. 2031ൽ പേടകം ഭൂമിയിലേക്ക് മടങ്ങിയെത്താനാണ് പദ്ധതി.

ഏകദേശം 22.5 കിലോമീറ്റർ വ്യാസമുള്ള ഫോബോസ് ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 6,000 കിലോമീറ്റർ ഉയരത്തിലാണ് ഭ്രമണം ചെയ്യുന്നത്. ചൊവ്വയെ ഒരു ദിവസം മൂന്ന് തവണ ചുറ്റുന്ന ഫോബോസിൽ ഇതുവരെ ഒരു ബഹിരാകാശ പേടകവും ഇറങ്ങിയിട്ടില്ല. ചൊവ്വയുടെ മറ്റൊരു ഉപഗ്രഹമായ ഡീമോസിലും മനുഷ്യനിർമിത പേടകം ഇറങ്ങിയിട്ടില്ല.

അഞ്ച് ബഹിരാകാശ ഏജൻസികളുടെ സഹകരണത്തോടെയാണ് അഞ്ച് വർഷം നീളുന്ന ഈ ദൗത്യം നടപ്പാക്കുന്നത്. ഫോബോസിൽ റോബോട്ടിക് പ്രോസ്പെക്ടറിനെയും റോവറിനെയും ഇറക്കാനും പദ്ധതിയുണ്ട്. കുറഞ്ഞ ഗുരുത്വാകർഷണം കാരണം റോവർ ഉപരിതലത്തിൽ ചാടിച്ചാടി സഞ്ചരിച്ചേക്കും.

ഏകദേശം 578 ദശലക്ഷം ഡോളർ ചെലവുവരുന്ന ദൗത്യത്തിൽ അഞ്ച് ടൺ ഭാരമുള്ള ബഹിരാകാശ പേടകമാണ് ഉപയോഗിക്കുന്നത്. ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയ ശേഷം ഫ്രഞ്ച്-ജർമൻ റോവറായ ‘ഇഡെഫിക്സ്’ ഫോബോസിന്റെ ഉപരിതലത്തിലേക്ക് അയക്കും. ‘ആസ്റ്ററിക്സ്’ കോമിക് പരമ്പരയിലെ വെള്ള നിറത്തിലുള്ള ടെറിയർ നായയുടെ പേരാണ് റോവറിന് നൽകിയിരിക്കുന്നത്.

ഏകദേശം 100 ദിവസം റോവർ ഫോബോസിന്റെ ഉപരിതലം നിരീക്ഷിച്ച് പ്രധാന പേടകത്തിന് ഇറങ്ങാനും സാമ്പിളുകൾ ശേഖരിക്കാനും അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തും. തുടർന്ന് നാല് കാലുകളുള്ള ലാൻഡർ ഉപരിതലത്തിലെത്തി പാറയും മണ്ണും ശേഖരിക്കും. ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ സാമ്പിൾ ശേഖരണം പൂർത്തിയാക്കി ലാൻഡർ വീണ്ടും ബഹിരാകാശത്തേക്ക് ഉയരും.

ഫോബോസും ഡീമോസും എങ്ങനെയാണ് രൂപപ്പെട്ടതെന്നത് സംബന്ധിച്ച ശാസ്ത്രലോകത്തിന്റെ സംശയങ്ങൾക്ക് ദൗത്യം ഉത്തരം നൽകുമെന്നാണ് പ്രതീക്ഷ. ഒരു വലിയ ആകാശഗോളം ചൊവ്വയിൽ ഇടിച്ചതിനെ തുടർന്നാണ് ഉപഗ്രഹങ്ങൾ രൂപപ്പെട്ടതെന്ന ‘ജയന്റ് ഇംപാക്ട്’ സിദ്ധാന്തവും, ചൊവ്വയുടെ ഗുരുത്വാകർഷണത്തിൽ അകപ്പെട്ട ഛിന്നഗ്രഹങ്ങളാണ് ഇവയെന്ന ‘ക്യാപ്ചർ’ സിദ്ധാന്തവുമാണ് പ്രധാനമായും നിലനിൽക്കുന്നത്.

“ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമാണ്. ചൊവ്വാ വ്യവസ്ഥയിൽ നിന്നുള്ള ആദ്യ സാമ്പിൾ തിരിച്ചെത്തിക്കൽ ദൗത്യത്തിന്റെ ഭാഗമാണ് ഞങ്ങൾ,” ജർമൻ ബഹിരാകാശ ഏജൻസിയുടെ റോവർ മേധാവി മാർക്കസ് ഗ്രെബൻസ്റ്റൈൻ പറഞ്ഞു.

അതേസമയം, ചൊവ്വയിൽ നിന്ന് സാമ്പിളുകൾ ഭൂമിയിലെത്തിക്കുന്നതിൽ അമേരിക്കയും ചൈനയും മത്സരത്തിലാണ്. നാസയുടെ പെർസിവിയറൻസ് റോവർ ഇതിനകം ചൊവ്വയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെങ്കിലും അവ ഭൂമിയിലെത്തിക്കുന്ന പദ്ധതി പ്രതിസന്ധിയിലാണ്. ചൈനയുടെ ടിയാൻവെൻ-3 ദൗത്യം 2028ഓടെ വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. 2031ൽ തന്നെ ചൊവ്വയിൽ നിന്നുള്ള സാമ്പിളുകൾ ഭൂമിയിലെത്തിക്കാൻ ചൈനക്ക് കഴിഞ്ഞേക്കുമെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - ‘An opportunity of a lifetime’: Japan's historic mission to collect soil and rocks from Mars' moon Phobos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.