മെർക്കുറിയിൽ നിന്ന് സ്വർണം; അവകാശവാദവുമായി യു.എസ് സ്റ്റാർട്ടപ്

മെർക്കുറിയെ സ്വർണമാക്കി മാറ്റിയെന്ന അവകാശവാദവുമായി അമേരിക്കൻ സ്റ്റാർട്ടപ് കമ്പനിയായ മാരത്തൺ ഫ്യൂഷൻ. ന്യൂക്ലിയർ ഫ്യൂഷനിലൂടെ ഉൽപാദിപ്പിച്ച ന്യൂട്രോണുകൾ ഉപയോഗിച്ച് സ്ഥിരതയുള്ള സ്വർണം നിർമിച്ചെന്നാണ് കമ്പനി അറിയിച്ചത്. എന്നാൽ, പരീക്ഷണഫലം സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഒക്ടോബർ 21നാണ് കമ്പനി നേട്ടം പ്രഖ്യാപിച്ചത്. യൂറോപ്യൻ കണികാഭൗതിക ഗവേഷണ കേന്ദ്രമായ സേൺ 2025ൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ പത്തിരട്ടി ഉയർന്ന സ്വർണ ഉൽപാദനനിരക്ക് കൈവരിച്ചെന്നും കമ്പനി പറയുന്നു. എത്ര സ്വർണം നിർമിച്ചുവെന്നോ അതിന്റെ ശുദ്ധത, വേർതിരിച്ചെടുക്കുന്നതിലെ കാര്യക്ഷമത, ചെലവ് എന്നിവയോ പുറത്തുവിട്ടിട്ടില്ല.

ആറ്റത്തിന്റെ അണുകേന്ദ്രത്തിൽ മാറ്റംവരുത്തി ഒരു മൂലകത്തെ മറ്റൊന്നാക്കുന്ന ‘ന്യൂക്ലിയർ ട്രാൻസ്മ്യൂട്ടേഷൻ’ രീതിയാണ് ഉപയോഗിച്ചതെന്നാണ് വിശദീകരണം. മെർക്കുറി–198 എന്ന ഐസോടോപ്പിൽ ഉയർന്ന ഊർജമുള്ള ന്യൂട്രോണുകൾ പതിപ്പിച്ച് മെർക്കുറി–197 ആക്കി മാറ്റുന്നു. റേഡിയോ ആക്ടിവിറ്റിയുള്ള ഇത് പിന്നീട് ക്ഷയിച്ച് സ്ഥിരതയുള്ള സ്വർണം–197 ആയി മാറും.

2015 മുതൽ 2018 വരെ കണികാ പരീക്ഷണശാലയായ ലാർജ് ഹാഡ്രോൺ കൊളൈഡറിൽ നടത്തിയ പരീക്ഷണങ്ങളിൽ അതിസൂക്ഷ്മ അളവിൽ സ്വർണം ഉൽപാദിപ്പിച്ചതായി സെർൺ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് മാരത്തൺ ഫ്യൂഷന്റെ താരതമ്യം. എന്നാൽ, വിശദമായ പരീക്ഷണവിവരങ്ങളില്ലാത്തതിനാൽ കമ്പനിയുടെ നേട്ടം വിലയിരുത്തുക പ്രയാസമാണ്.

ഭാവിയിലെ ഫ്യൂഷൻ വൈദ്യുതനിലയത്തിൽ വർഷം ഏകദേശം രണ്ടു ടൺ സ്വർണം ഉൽപാദിപ്പിക്കാനാകുമെന്ന കണക്കുകൂട്ടലും കമ്പനി നേരത്തേ മുന്നോട്ടുവെച്ചിരുന്നു. ഇത് സൈദ്ധാന്തിക സാധ്യത മാത്രമാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനവും സാമ്പത്തിക പ്രായോഗികതയും തെളിയിക്കപ്പെടാനിരിക്കുന്നതിനാൽ പ്രഖ്യാപനം സ്വർണവിപണിയിൽ ഉടൻ മാറ്റമുണ്ടാക്കുമെന്ന് പറയാനാവില്ല.

Tags:    
News Summary - US Startup Claims Breakthrough: Turning Mercury into Gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.