ജപ്പാൻ പറക്കുന്നു ചൊവ്വയുടെ ചന്ദ്രനിലേക്ക്
ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിൽനിന്ന് പാറക്കഷണങ്ങളും മണ്ണിന്റെ സാമ്പിളുകളും ശേഖരിച്ച് ഭൂമിയിലെത്തിക്കാനുള്ള ചരിത്രദൗത്യത്തിന് ജപ്പാൻ ഒരുങ്ങുന്നു. ജപ്പാൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ജാക്സയുടെ നേതൃത്വത്തിലുള്ള മാർഷ്യൻ മൂൺസ് എക്സ്പ്ലൊറേഷൻ (എം.എം.എക്സ്) ദൗത്യം ചൊവ്വാഴ്ച വിക്ഷേപിക്കും. 2031ഓടെ സാമ്പിളുകൾ ഭൂമിയിലെത്തിക്കുകയാണ് ലക്ഷ്യം.
ജപ്പാനിലെ തനെഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് എച്ച്3 റോക്കറ്റിലാണ് പേടകം വിക്ഷേപിക്കുക. ചൊവ്വയുടെയും അതിന്റെ ഉപഗ്രഹങ്ങളുടെയും ഉത്ഭവത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കണ്ടെത്തുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. വിജയകരമായാൽ ചൊവ്വയുടെ ഉപഗ്രഹത്തിൽനിന്ന് സാമ്പിളുകൾ ഭൂമിയിലെത്തിക്കുന്ന ലോകത്തിലെ ആദ്യ ദൗത്യമായി എം.എം.എക്സ് മാറും.
ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങളായ ഫോബോസിനെയും ഡീമോസിനെയും പേടകം നിരീക്ഷിക്കും. 2027ൽ ചൊവ്വയുടെ സമീപത്തെത്തുന്ന പേടകം ഫോബോസിന്റെ ഉപരിതലഘടന, ആന്തരിക സവിശേഷതകൾ, രാസഘടന, ഗുരുത്വാകർഷണം എന്നിവയെക്കുറിച്ച് വിശദമായ പഠനം നടത്തും. തുടർന്ന് ഉപഗ്രഹത്തിന്റെ ഉപരിതലത്തിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽനിന്നായി കുറഞ്ഞത് 10 ഗ്രാം പാറയുടെയും മണ്ണിന്റെയും സാമ്പിളുകൾ ശേഖരിക്കും.
ഗുരുത്വാകർഷണം വളരെ കുറഞ്ഞ ഉപഗ്രഹത്തിൽ ഇറങ്ങി സാമ്പിളുകൾ ശേഖരിക്കുകയെന്നതാണ് ദൗത്യത്തിലെ പ്രധാന വെല്ലുവിളി. ഇതിനായി പ്രത്യേകം രൂപകൽപന ചെയ്ത രണ്ട് സാമ്പിൾ ശേഖരണ സംവിധാനങ്ങളാണ് പേടകത്തിലുള്ളത്. ഉപരിതലത്തിനടിയിൽനിന്ന് സാമ്പിളുകൾ ശേഖരിക്കുന്ന സംവിധാനത്തിനു പുറമെ ഉയർന്ന മർദത്തിലുള്ള നൈട്രജൻ വാതകം ഉപയോഗിച്ച് ഉപരിതലത്തിലെ ചെറുകണങ്ങൾ ശേഖരിക്കാനുള്ള സംവിധാനവുമുണ്ട്.
ജർമൻ എയ്റോസ്പേസ് സെന്ററും ഫ്രഞ്ച് ബഹിരാകാശ ഏജൻസിയും സംയുക്തമായി വികസിപ്പിച്ച ചെറു റോവറും ദൗത്യത്തിന്റെ ഭാഗമാണ്. ഫോബോസിന്റെ ഉപരിതലത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ റോവർ സഹായിക്കും. ചൊവ്വയുടെ ഉപഗ്രഹങ്ങൾ എങ്ങനെ രൂപപ്പെട്ടുവെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനും ദൗത്യം വഴിയൊരുക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ചൊവ്വയുടെ ഗുരുത്വാകർഷണത്തിൽ കുടുങ്ങിയ ഛിന്നഗ്രഹങ്ങളാകാം ഫോബോസും ഡീമോസും എന്നാണ് ഒരു നിഗമനം. എന്നാൽ, പണ്ട് ചൊവ്വയിൽ വലിയൊരു ആകാശഗോളം ഇടിച്ചുണ്ടായ അവശിഷ്ടങ്ങളിൽനിന്നാകാം ഇവ രൂപപ്പെട്ടതെന്ന മറ്റൊരു സിദ്ധാന്തവുമുണ്ട്. സാമ്പിളുകളുടെ വിശദമായ പരിശോധനയിലൂടെ ഈ സിദ്ധാന്തങ്ങളിൽ വ്യക്തത വരുത്താനാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.