ഇരുളിലേക്ക് പായുന്ന യുവത്വം: നൈറ്റ് ഡ്രൈവുകളുടെ കാണാപ്പുറങ്ങൾ

നിശബ്ദമായ രാത്രികളിൽ നഗരവീഥികളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് കടന്നുപോകുന്ന വാഹനങ്ങളുടെ ശബ്ദം ഇന്ന് നമ്മുടെ നാട്ടിൽ ഒരു സ്ഥിരം കാഴ്ചയാണ്. പകലിന്റെ തിരക്കുകളിൽ നിന്നും നിയന്ത്രണങ്ങളിൽ നിന്നും ഒളിച്ചോടി, പാതിരാത്രിയുടെ നിഗൂഢതത്തിലേക്ക് വണ്ടിയോടിച്ചു പോകുന്ന യുവത്വം ഒരേസമയം ആനന്ദത്തിന്റെയും ഒപ്പം വലിയൊരു ആശങ്കയുടെയും ചിത്രമാണ് നമുക്ക് മുന്നിൽ തുറന്നിടുന്നത്. വെറുമൊരു വിനോദത്തിനപ്പുറം, വളർന്നുവരുന്ന നമ്മുടെ കൗമാരക്കാരുടെയും യുവാക്കളുടെയും മാനസികാവസ്ഥയെയും അവർ സഞ്ചരിക്കുന്ന വഴികളെയും കുറിച്ചുള്ള ഗൗരവമേറിയ ചില ചിന്തകൾ ഈ 'നൈറ്റ് ഡ്രൈവ്' സംസ്കാരം അവശേഷിപ്പിക്കുന്നുണ്ട്.

എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾ രാത്രിയുടെ യാമങ്ങളെ ഇത്രയധികം പ്രണയിക്കുന്നത് എന്ന് ചിന്തിക്കേണ്ടതുണ്ട്. പകൽ സമയങ്ങളിൽ വീടുകളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും ഉണ്ടാകുന്ന കടുത്ത മാനസിക സമ്മർദ്ദങ്ങൾക്കും നിയന്ത്രണങ്ങൾക്കും ഇടയിൽ, താൽക്കാലികമായ ഒരു സ്വാതന്ത്ര്യം കണ്ടെത്താനുള്ള ശ്രമമാണ് പലർക്കും രാത്രിയാത്രകൾ. ഒഴിഞ്ഞുകിടക്കുന്ന റോഡുകളും, തങ്ങളെ നിയന്ത്രിക്കാൻ ആരുമില്ലെന്ന തോന്നലും അവർക്ക് നൽകുന്നത് ഒരു വ്യാജ സുരക്ഷിതത്വബോധമാണ്. ഇതിന് ആക്കം കൂട്ടുന്നത് സോഷ്യൽ മീഡിയയിലെ തിളങ്ങുന്ന റീലുകളാണ്. പാതിരാത്രിയിൽ ആഡംബര വാഹനങ്ങളിൽ പാട്ടും കേട്ട് സുഹൃത്തുക്കൾക്കൊപ്പം വണ്ടിയോടിക്കുന്നത് ഒരു വലിയ 'ട്രെൻഡ്' ആയി ചിത്രീകരിക്കപ്പെടുമ്പോൾ, അതിലേക്ക് ആകർഷിക്കപ്പെടാൻ കൗമാരമനസ്സുകൾക്ക് അധികം സമയം വേണ്ടിവരുന്നില്ല.

എന്നാൽ, ഈ കടുംവർണ്ണ കാഴ്ചകൾക്കപ്പുറം ഇരുളിൽ മറഞ്ഞിരിക്കുന്ന വലിയൊരു അപകട മേഖലയുണ്ട്. ഒഴിഞ്ഞ റോഡുകൾ അമിതവേഗതയിലേക്കുള്ള ക്ഷണപത്രങ്ങളാണ്. ആ വേഗത പലപ്പോഴും ചെന്നവസാനിക്കുന്നത് ദാരുണമായ ദുരന്തങ്ങളിലാണ്. ഒക്ടോബർ 11 ന് നെടുമ്പാശ്ശേരി വിമാനത്താവള റോഡിലുണ്ടായ ദാരുണമായ അപകടം ഇതിന്റെ ഏറ്റവും ഒടുവിലത്തെയും ഞെട്ടിക്കുന്നതുമായ ഉദാഹരണമാണ്.

അർദ്ധരാത്രിയിൽ ചായ കുടിക്കാൻ ഇറങ്ങിയ മൂന്ന് നിരപരാധികളായ യുവാക്കളുടെ ജീവനാണ് മദ്യലഹരിയിൽ അമിതവേഗതയിലെത്തിയ ഒരു ആഡംബര കാർ കവർന്നത്. മണിക്കൂറിൽ ഇരുന്നൂറിലധികം കിലോമീറ്റർ വേഗതയിൽ പാഞ്ഞ ആ വാഹനം, തങ്ങളുടെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന മൂന്ന് മനുഷ്യരെയാണ് നിമിഷനേരം കൊണ്ട് ഇല്ലാതാക്കിയത്. അപകടത്തിന് ശേഷം "എന്റെ അച്ഛൻ എല്ലാം നോക്കിക്കൊള്ളും" എന്ന് ആവർത്തിച്ചു പറഞ്ഞ 19 കാരനായ ഡ്രൈവറുടെ വാക്കുകൾ നമ്മുടെ സാമൂഹിക വ്യവസ്ഥിതിക്ക് നേരെ വിരൽ ചൂണ്ടുന്നതാണ്.

ഇവിടെയാണ് കുട്ടികൾക്ക് രാത്രികാലങ്ങളിൽ കറങ്ങിനടക്കാൻ സർവ്വ സ്വാതന്ത്ര്യവും അനുവാദവും നൽകുന്ന രക്ഷിതാക്കൾക്ക് നേരെ ശക്തമായ ഒരു താക്കീത് ഉയരേണ്ടത്. നമ്മുടെ മക്കൾ രാത്രിയിൽ എങ്ങോട്ടാണ് പോകുന്നതെന്നും, ആരുടെ കൂടെയാണ് സമയം ചെലവഴിക്കുന്നതെന്നും, അവർക്ക് ലഹരിയുടെ വഴികളിലേക്ക് സഞ്ചരിക്കാൻ അവസരമൊരുങ്ങുന്നുണ്ടോ എന്നും കൃത്യമായി അന്വേഷിക്കാൻ എത്ര രക്ഷിതാക്കൾക്ക് സാധിക്കുന്നുണ്ട്? മക്കൾ ചോദിക്കുന്ന ഉടനെ വിലകൂടിയ ആഡംബര വാഹനങ്ങൾ വാങ്ങി നൽകുകയും, അവർ മദ്യപിച്ചും അമിതവേഗതയിലും വണ്ടിയോടിക്കുന്നത് അറിഞ്ഞിട്ടും കണ്ണടയ്ക്കുകയും ചെയ്യുന്ന മാതാപിതാക്കൾ യഥാർത്ഥത്തിൽ അവരെ മരണത്തിന്റെ വഴിയിലേക്കാണ് തള്ളിവിടുന്നത്.

രാത്രിയാത്രകൾ പൂർണ്ണമായും നിരോധിക്കുക എന്നതല്ല പരിഹാരം. മറിച്ച്, ഉത്തരവാദിത്തബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്നതാണ്. ഇരുളിലേക്ക് അശ്രദ്ധമായി പാഞ്ഞുപോകുന്ന യുവത്വത്തെ വെളിച്ചത്തിന്റെ വഴിയിലേക്ക് തിരിച്ചുവിടാൻ സമൂഹവും, അതിലുപരി മാതാപിതാക്കളും ഉണർന്ന് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാരണം, ഓരോ ജീവനും വിലപ്പെട്ടതാണ്; അതിനെ ഒരു രാത്രിയുടെ ആവേശത്തിനും പണക്കൊഴുപ്പിനും എറിഞ്ഞു കൊടുക്കാൻ നമുക്കാവില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.