പ്രവാസിയുടെ ആശ്വാസത്തിന് വിലയിടരുത്, നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കണം: ജിദ്ദ നവോദയ
ജിദ്ദ: പ്രവാസി ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക കുത്തനെ വർധിപ്പിച്ച നടപടി പിൻവലിച്ച് സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാകുന്ന നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് ജിദ്ദ നവോദയ ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് പ്രവാസികൾക്ക് സുരക്ഷിതത്വവും ആശ്വാസവും പകർന്ന പ്രവാസി ഇൻഷുറൻസ് പദ്ധതി, വിദേശരാജ്യങ്ങളിൽ കഠിനാധ്വാനം ചെയ്ത് കുടുംബം പുലർത്തുന്ന സാധാരണക്കാരായ മലയാളികൾക്ക് ഏറെ പ്രാധാന്യമുള്ളതാണ്. ആരോഗ്യപ്രശ്നങ്ങളും അപ്രതീക്ഷിതമായ ചികിത്സാച്ചെലവുകളും പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും സാമ്പത്തിക ഭദ്രതയെ ബാധിക്കുന്ന സാഹചര്യത്തിൽ ഇത്തരം പദ്ധതികൾ നൽകുന്ന പരിരക്ഷ വിലമതിക്കാനാവാത്തതാണ്.
പ്രവാസികളുടെ ക്ഷേമത്തിനും സുരക്ഷക്കും മുൻഗണന നൽകിയ എൽഡിഎഫ് സർക്കാരിന്റെ കരുതലിന്റെ ഭാഗമായി പ്രവാസി ഇൻഷുറൻസ് പദ്ധതിയെ കാണേണ്ടതുണ്ട്. എന്നാൽ പ്രീമിയം തുക കുത്തനെ വർധിപ്പിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നടപടി സാധാരണക്കാരായ പ്രവാസികളുടെ സാമ്പത്തിക സുരക്ഷിതത്വത്തിനുമേലുള്ള കടന്നുകയറ്റമാണ്. വർധിച്ച പ്രീമിയം താങ്ങാൻ കഴിയാത്തതിനാൽ പലർക്കും പദ്ധതിയിൽ തുടരാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്ന ആശങ്കയും നിലനിൽക്കുന്നു. പ്രവാസികളുടെ വരുമാനനിലയും കുടുംബബാധ്യത കളും പരിഗണിച്ച് ഇൻഷുറൻസ് പ്രീമിയം പുനഃപരിശോധിക്കണം. വർധനവ് പിൻവലിച്ച് പ്രീമിയം തുക കുറയ്ക്കാനും പ്രവാസി സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കാനും യുഡിഎഫ് സർക്കാർ അടിയന്തരമായി തയ്യാറാകണമെന്നും ജിദ്ദ നവോദയ പത്ര കുറിപ്പിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.