കേരള സർക്കാർ പ്രവാസി വിരുദ്ധ നിലപാടിൽനിന്ന് പിന്മാറണം - ജിദ്ദ മലപ്പുറം ജില്ല കെ എം.സി. സി
ജിദ്ദ: സാധാരണ പ്രവാസികളുടെ ഏക ആശ്രയമായ നോർക്ക കെയർ ഇൻഷൂറൻസ് പ്രീമിയം മൂന്നിരട്ടിയോളം വർദ്ധിപ്പിച്ച കേരള സർക്കാരിന്റെ പ്രവാസി വിരുദ്ധ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ജിദ്ദ മലപ്പുറം ജില്ല കെ എം സി സി ഭാരവാഹികൾ പ്രസ്താവിച്ചു.
പ്രവാസിക്ക് 8101 ഉം കുടുംബത്തിന് 13411 ഉം രൂപയ്ക്ക് ലഭിച്ചിരുന്ന ഇൻഷൂറൻസ് ഇപ്പോൾ മൂന്നിരട്ടിയോളം തുക വർദ്ധിപ്പിച്ചതായിട്ടാണ് അറിയുന്നത്.ഗൾഫിൽ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികൾക്ക് പോലും ഉപകാരപ്പെടുന്ന പദ്ധതിയായിരുന്നു ഇത്. യാതൊന്നും നീക്കിയിരിപ്പില്ലാത്ത സാധാരണ പ്രവാസിക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ഒരു കൈത്താങ്ങായിരുന്ന പദ്ധതിയെ തന്നെ ഇല്ലാതാക്കുന്നതിന് തുല്യമാണ് ഈ വർദ്ധനവ്.
പ്രവാസികളിൽ നിന്ന് കോടിക്കണക്കിന് രൂപ വിമാന ടിക്കറ്റ് നികുതിയായും മറ്റും വാങ്ങുന്ന സർക്കാർ, അവർക്ക് നൽകുന്ന ഒരേയൊരു ആനുകൂല്യം പോലും ഇല്ലാതാക്കിയിരിക്കുകയാണ്. നാട്ടിൽ നിന്നും ഒരു സഹായവും ലഭിക്കാതെ കുടുംബം പോറ്റാനും നാടിൻ്റെ അഭിവൃദ്ധിക്കുമായി മരുഭൂമിയിൽ വിയർപ്പൊഴുക്കുന്നവരാണ് പ്രവാസികൾ. ജനക്ഷേമ സർക്കാർ ഈ വിഷയത്തിൽ യുക്തമായ നിലപാടെടുക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും ജിദ്ദ മലപ്പുറം ജില്ല കെ എം.സി. സി പ്രത്യാശ പ്രകടിപ്പിച്ചു. പ്രസിഡൻ്റ് ഇസ്മയിൽ മുണ്ടുപറമ്പ് അദ്ധ്യക്ഷത വഹിച്ച യോഗം സലീം മമ്പാട് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ഇല്ല്യാസ് കല്ലിങ്ങൽ, കെ കെ മുഹമ്മദ്, അബു കട്ടുപ്പാറ, മുസ്തഫ കോഴിശ്ശേരി, എ.പി മുഹമ്മദ് യാസിദ് , അഷ്റഫ് മുല്ലപ്പള്ളി, നൗഫൽ ഉള്ളാടൻ, സൈതലവി പുളിയംകോട്, മജീദ് കള്ളിയിൽ എന്നിവർ സംസാരിച്ചു. ജില്ല കെ എം സി സി യുടെ പ്രതിഷേധവും ആവശ്യങ്ങളും അറിയിച്ച് വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന് മെയിൽ അയക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.