സർക്കാർ നിലപാട് തിരുത്തണമെന്ന് റിയാദ് കേളി കലാസാംസ്കാരിക വേദി

റിയാദ്: നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പുതിയ പ്രീമിയം നിരക്കുകൾ തിരുത്തണമെന്ന് കേളി കലാസാംസ്കാരിക വേദി ആവശ്യപ്പെട്ടു. മുൻ എൽ.ഡി.എഫ് സർക്കാർ പ്രവാസികൾക്കായി നടപ്പാക്കിയ പദ്ധതിയിൽ പ്രീമിയം കുത്തനെ ഉയർത്തിയതോടെ ആയിര ക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ ആരോഗ്യസുരക്ഷ ആശങ്കയിലായിരിക്കുകയാണ്. പദ്ധതി പുതുക്കാനുള്ള നടപടികൾ അവസാന നിമിഷം വരെ വൈകിപ്പിച്ചത് വൻ നിരക്ക് വർധന നടപ്പാക്കാനായിരുന്നോ എന്ന ചോദ്യവും പ്രവാസികൾ ഉയർത്തുന്നു. നിരക്ക് വർധന പിൻവലിച്ച് പഴയ രീതിയിൽ പദ്ധതി തുടരണമെന്ന് കേളി ആവശ്യപ്പെട്ടു. പ്രവാസികളുടെ ആരോഗ്യസുരക്ഷയ്ക്കായി രൂപം നൽകിയ പദ്ധതിയിൽ പുതിയ നിരക്കുകൾ വന്നതോടെ പല പ്രായവിഭാഗങ്ങളിലും വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്. അഞ്ച് ലക്ഷം രൂപയുടെ വ്യക്തിഗത പരിരക്ഷയ്ക്ക് 51-60 പ്രായവിഭാഗത്തിൽ വാർഷിക പ്രീമിയം 21,722 രൂപയാണ്. 61-70 പ്രായവിഭാഗത്തിൽ ഇത് 28,326 രൂപയും 71-80 വിഭാഗത്തിൽ 48,279 രൂപയുമാണ്. അഞ്ച് ലക്ഷം രൂപയുടെ കുടുംബ പരിരക്ഷയ്ക്ക് 51-60 പ്രായവിഭാഗത്തിൽ 35,664 രൂപയും 61-70 വിഭാഗത്തിൽ 44,718 രൂപയുമാണ് പുതിയ നിരക്ക്.

സാധാരണ പ്രവാസികൾക്ക് താങ്ങാനാവാത്ത ഈ നിരക്കുകൾ പദ്ധതിയുടെ അടിസ്ഥാനലക്ഷ്യത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ്. തുടർചികിത്സ ആവശ്യമുള്ളവരും കുടുംബാംഗങ്ങളുടെ ആരോഗ്യസുരക്ഷക്കായി നോർക്ക കെയറിനെ ആശ്രയിച്ചവരും ഇതോടെ ആശങ്കയിലായി. വൈകിയുള്ള അറിയിപ്പും ഉയർന്ന നിരക്കും ചേർന്ന് പ്രവാസികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.പ്രവാസികളുടെ ശബ്ദം കേൾക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സർക്കാർ ബാധ്യസ്ഥമാണ്.പ്രവാസികളുടെ ആരോഗ്യസുരക്ഷയെ ബാധിക്കുന്ന തീരുമാനം പുനഃപരിശോധിച്ച് താങ്ങാനാ വുന്ന നിരക്കിൽ പദ്ധതി തുടരാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രവാസികളുടെ പ്രതിഷേധം അവഗണിക്കരുതെന്നും കേളി കലാസാംസ്കാരിക വേദി ആവശ്യപ്പെട്ടു.

Tags:    
News Summary - Riyadh Keli Cultural Forum demands revision of norca care premium hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.