നോർക്ക ഇൻഷുറൻസ് നിരക്കുവർദ്ധനവ്: പ്രവാസികൾക്ക് കനത്ത പ്രഹരം

സ്വന്തം നാടിന്റെയും കുടുംബത്തിന്റെയും കരകയറ്റത്തിനായി മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന വെയിലിലും പ്രതികൂല സാഹചര്യങ്ങ ളിലും വിയർപ്പൊഴുക്കുന്നവരാണ് പ്രവാസികൾ.

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്ന പ്രധാന ശക്തി പ്രവാസികളാ ണെന്ന് ഭരിക്കുന്നവർ വേദി തോറും പ്രസംഗിക്കാറുണ്ടെങ്കിലും, പ്രവാസികളുടെ ആവശ്യങ്ങളും ആനുകൂല്യങ്ങളും വരുമ്പോൾ അധികൃതർ എപ്പോഴും മുഖം തിരിക്കുകയാണ് ചെയ്യുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നോർക്കയുടെ പുതിയ പ്രവാസി പദ്ധതിയിലെ അന്യായമായ നിരക്കുവർദ്ധനവ്.

നേരത്തെ പ്രാബല്യത്തിലുണ്ടായിരുന്ന ഒരു പദ്ധതിയുടെ പേരും ഘടനയും മാറ്റി, നിലവിലുണ്ടായിരുന്ന നിരക്കുകൾ കുത്തനെ കൂട്ടിക്കൊണ്ടാണ് പുതിയ താരിഫ് നടപ്പിലാക്കിയിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയും ജോലിയിലെ അനിശ്ചിതത്വവും കാരണം വലയുന്ന സാധാരണക്കാരായ പ്രവാസികൾക്ക് ഈ തീരുമാനം കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. മുമ്പ് സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന തരത്തിലായിരുന്ന സേവന നിരക്കുകളാണ് ഇപ്പോൾ യാതൊരു മുന്നറിയിപ്പുമില്ലാതെ വലിയ തോതിൽ വർദ്ധിപ്പിച്ചിരിക്കുന്നത്. ഇത് ചെറുകിട വരുമാനക്കാരായ പ്രവാസികളുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കും.

നിരക്കുകൾ കുത്തനെ കൂട്ടുമ്പോഴും പദ്ധതിയിലൂടെ പ്രവാസികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളിലോ സേവനങ്ങളുടെ ഗുണനിലവാര ത്തിലോ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

കൂടുതൽ പണം ഈടാക്കി കുറഞ്ഞ ആനുകൂല്യങ്ങൾ നൽകുന്ന രീതി തികച്ചും പ്രതിഷേധാർഹമാണ്. നാട്ടിലേക്ക് തുച്ഛമായ തുക മാത്രം അയക്കാൻ സാധിക്കുന്ന സാധാരണക്കാരായ പ്രവാസി തൊഴിലാളികൾക്ക് ഇത്തരം ഇൻഷുറൻസ്/ക്ഷേമപദ്ധതികളിൽ അംഗമാകാൻ കഴിയാത്ത അവസ്ഥയാണുള്ളത്. സുരക്ഷ വേണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഉയർന്ന നിരക്ക് കാരണം അവർ ഇതിൽ നിന്ന് പിന്മാറാൻ നിർബന്ധിതരാകുന്നു.

അതുകൊണ്ട് സർക്കാർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണം. പ്രവാസികളെ കേവലം 'പണപ്പെട്ടി' കളായി കാണുന്ന സമീപനം അധികൃതർ അവസാനിപ്പിക്കണം. കോവിഡിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും പ്രവാസി ലോകം ഇനിയും പൂർണ മായി മുക്തമായിട്ടില്ല.

ഈ സാഹചര്യത്തിൽ ആശ്വാസ പദ്ധതികൾ പ്രഖ്യാപിക്കുന്നതിന് പകരം, നിലവിലുള്ള പദ്ധതികളുടെ നിരക്ക് കൂട്ടി അവരെ ദ്രോഹിക്കുന്നത് അത്യന്തം വേദനാജനകമാണ്.

പ്രവാസികളുടെ ന്യായമായ പ്രതിഷേധം കണക്കിലെടുത്ത് ഈ ഉയർന്ന താരിഫ് ഉടൻ തന്നെ പിൻവലിക്കണമെന്നും സാധാരണക്കാർക്ക് പ്രാപ്യമായ രീതിയിൽ പഴയ നിരക്കുകളിലേക്ക് തന്നെ പുന:സ്ഥാപിക്കണമെന്നും ശക്തമായി ആവശ്യപ്പെടുന്നു. പ്രവാസി ക്ഷേമം ഉറപ്പാക്കാൻ ബാധ്യസ്ഥരായ 'നോർക്ക' പ്രവാസികളുടെ ശത്രുവായി മാറരുത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.