നോർക്ക കെയർ പ്രീമിയം വർദ്ധന: ആശ്വാസ നടപടികൾ സ്വീകരിക്കണം: ഒ.ഐ.സി.സി ജിദ്ദ റീജ്യണൽ കമ്മിറ്റി
ജിദ്ദ: നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർദ്ധനവ് സാധാരണ പ്രവാസികൾക്ക് താങ്ങാവുന്നതിലപ്പുറമാണെന്നും സംസ്ഥാനത്തിന്റെ സർവ്വോന്മുഖമായ വളർച്ചയിൽ നിർണായക പങ്കുവഹിച്ച പ്രവാസികൾക്ക് ആശ്വാസകരമായ നടപടികൾ സ്വീകരിക്കുവാൻ പ്രവാസികാര്യ വകൂപ്പ് ചുമതല കൂടിയുള്ള മുഖ്യമന്ത്രി മുൻകൈയെടുത്ത് നടപടികൾ സ്വീകരിക്കണമെന്ന് ഒ.ഐ.സി.സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ചു മുഖ്യമന്ത്രിക്ക് പ്രത്യേകമായി നിവേദനം നൽകിയതായി റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കൽ അറിയിച്ചു.യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന്റെ ശേഷം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഏറെ സഹാനുഭൂതിയോടെയും അനുകമ്പയോടെയും ചേർത്തുപിടിച്ച സർക്കാർ സമീപനം ഏറെ പ്രശംസനീയമാണ്. ഗൾഫ് രാഷ്ട്രങ്ങളിലെ നിലവിലെ സാഹചര്യത്തിൽ പ്രവാസി സമൂഹം ഏറെ ആശങ്കയിലായ സാഹചര്യത്തിൽ ആശ്വാസ നടപടികളാണാവശ്യം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ വസ്തുതകൾ നിരത്തി വിശദീകരിച്ചത് യാഥാർഥ്യങ്ങളാണെങ്കിലും നാളിതുവരെ കാര്യമായ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാത്ത പ്രവാസികളോട് ഉദാര സമീപനം സ്വീകരിക്കേണ്ട സമയവും സന്ദർഭവുമാണിപ്പോൾ.
മന്ത്രിമാർ, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുമായും റീജ്യണൽ കമ്മിറ്റി ആശങ്ക അറിയിച്ചിട്ടുണ്ടെന്ന് ഒ.ഐ.സി.സി റീജ്യണൽ കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.