പ്രവാസികളെ ദുരിതത്തിലാക്കുന്ന നടപടി അടിയന്തരമായി പിൻവലിക്കണം: ഐ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി
ജുബൈൽ: നോർക്ക റൂട്ട്സിന്റെ കീഴിൽ നടപ്പിലാക്കി വരുന്ന പ്രവാസി ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക കുത്തനെ വർദ്ധിപ്പിച്ച നടപടിയിൽ ഐ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
നിലവിൽ പദ്ധതിയിൽ അംഗങ്ങളായ പ്രവാസികൾക്കും പുതുതായി ചേരാൻ ആഗ്രഹിക്കുന്ന സാധാരണക്കാരായ തൊഴിലാളികൾക്കും ഒരുപോലെ കനത്ത പ്രഹരമാണ് ഈ അമിത ഭാരം. വിദേശങ്ങളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജീവിതച്ചെലവ് വർദ്ധനവും നേരിടുന്ന സാഹചര്യത്തിലാണ് പ്രവാസികൾക്ക് താങ്ങായി മാറേണ്ട ഇൻഷുറൻസ് പദ്ധതിയിൽ ഈ രീതിയിലുള്ള വർദ്ധനവ് വരുത്തിയിരിക്കുന്നത്. പ്രവാസികളുടെ ക്ഷേമം മുൻനിർത്തി ആരംഭിച്ച ഒരു സർക്കാർ സംവിധാനം, ഇൻഷുറൻസ് കമ്പനികളുടെ ലാഭക്കൊതിക്ക് കൂട്ടുനിൽക്കുന്നത് തികച്ചും പ്രതിഷേധാർഹമാണ്. മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കേണ്ട നോർക്ക, പ്രവാസികളുടെ മേൽ അധിക ബാധ്യത അടിച്ചേൽപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
ഇത് പ്രവാസികളോടുള്ള കടുത്ത അനീതിയാണ്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്ന പ്രവാസികളോട് കാട്ടുന്ന ഈ അവഗണന അവസാനിപ്പിക്കണം.
വർദ്ധിപ്പിച്ച പ്രീമിയം തുക അടിയന്തരമായി പിൻവലിക്കണമെന്നും സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാൻ കഴിയുന്ന രീതിയിൽ തുക പുനഃക്രമീകരിക്കണമെന്നും സർക്കാരിനോടും നോർക്ക അധികൃതരോടും ഐ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ശക്തമായി ആവശ്യപ്പെട്ടു. പ്രവാസികളുടെ ന്യായമായ ഈ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി പ്രവാസി സംഘടനകൾ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും നാഷനൽ കമ്മിറ്റി പ്രസിഡന്റ് യൂനുസ് മൂന്നിയൂർ,സെക്രട്ടറി ഒ.സി.നവാഫ് , ഓർഗനൈസിങ് സെക്രട്ടറി മൻസൂർ വണ്ടൂർ, ട്രഷറർ ബഷീർ കൊടുവള്ളി എന്നിവർ സംയുക്ത പത്രക്കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.