ഇന്തോ–അറബ് അക്കാദമിക ബന്ധം ശക്തമാക്കി; ദുബൈ അറബി ഭാഷാ സമ്മേളനം സമാപിച്ചു
റിയാദ്/ദുബൈ: ഇന്തോ–അറബ് അക്കാദമിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അക്കാദമിക-സാംസ്കാരിക സഹകരണം വിപുലീകരിക്കുന്നതിനും ലക്ഷ്യമിട്ട് ദുബൈയിൽ സംഘടിപ്പിച്ച 12ാമത് അന്താരാഷ്ട്ര അറബി ഭാഷാസമ്മേളനം സമാപിച്ചു.
യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷനൽ അറബിക് ലാംഗ്വേജ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 28 മുതൽ 30 വരെ മൂന്ന് ദിവസങ്ങളിലായാണ് സമ്മേളനം നടന്നത്.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. 70 ലേറെ രാജ്യങ്ങളിൽ നിന്നായി 1500 ലേറെ ഭാഷാ വിദഗ്ധർ സമ്മേളനത്തിൽ പങ്കെടുത്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ അക്കാദമിക വിദഗ്ധർ, അറബി ഭാഷാ പണ്ഡിതർ, ഗവേഷകർ, വിവിധ സർവകലാശാലകളുടെയും വിദ്യാഭ്യാസ-സാംസ്കാരിക സ്ഥാപനങ്ങളുടെയും മേധാവികൾ, പ്രതിനിധികൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു. കേരളത്തിലെ വിവിധ സർവകലാശാലകളിൽ നിന്നും അക്കാദമിക സ്ഥാപനങ്ങളിൽ നിന്നും നിരവധി പ്രമുഖർ സമ്മേളനത്തിന്റെ ഭാഗമായി. വിവിധ അക്കാദമിക സെഷനുകളിലായി ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചർച്ചകൾക്കും സെഷനുകൾക്കും നേതൃത്വം നൽകുകയും ചെയ്തു.
കേരളത്തിൽ നിന്നുള്ള പ്രമുഖ ഭാഷാപണ്ഡിതരായ ഡോ. ഹുസൈൻ മടവൂർ, ഡോ. ശൈഖ് മുഹമ്മദ്, ഡോ. യൂസുഫ് നദ് വി, ഡോ. നൂറുൽ അമീൻ മങ്കട , ഡോ. സുബൈർ വാഴമ്പുറം, ഡോ. മുഹമ്മദ് ആബിദ്, മുഹമ്മദ് ആര്യൻതൊടിക (റിയാദ്), പി.കെ സലീം അംലാസ്, ഡോ. കെ.പി. അബ്ബാസ്, ഡോ. ഹാഫിസ് അബ്ദുല്ല ഫൈസി, ഡോ. സാജിദ്, മൗലാന ഇക്രിമത്, ഷമീം മടവൂർ, ഡോ. മുഹ്സിന, ട്രെയിനർ സി.എ റസാഖ്, സിറാജ് ചെലേമ്പ്ര, റാഫി കൊപ്പറക്കളം, മുഹമ്മദ് ഷാൻ തുടങ്ങിയവർ പങ്കെടുത്തു. അറബി ഭാഷയുടെ ആഗോള പ്രചാരണം, അക്കാദമിക ഗവേഷണങ്ങളുടെ വികസനം, ഭാഷാ-സാംസ്കാരിക വിനിമയം, ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള വിദ്യാഭ്യാസ-സാംസ്കാരിക ബന്ധങ്ങളുടെ ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിലെ വിവിധ സെഷനുകളിൽ ചർച്ചയായി. ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധത്തെ പുതുക്കുന്നതിനൊപ്പം, അറബി ഭാഷാ പഠനത്തിലും ഗവേഷണത്തിലും ഇരുവിഭാഗങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാൻ സമ്മേളനം വഴിയൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.