ജിദ്ദ സിജി വിമൻ കലക്ടീവ് ദ്വിദിന വനിത സംരംഭകത്വ ശിൽപശാല ഒരുക്കി
ജിദ്ദ: സ്ത്രീകളുടെ ശാക്തീകരണവും ഉന്നമനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജിദ്ദ സിജി വിമൻ കലക്ടീവ് (ജെ.സി.ഡബ്ല്യു.സി) ദ്വിദിന വനിത സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു.
സിജി വിഷൻ 2030ന്റെ ഭാഗമായി ‘ഷീപ്രണർ’ എന്ന പേരിൽ ജിദ്ദ വെൽവെറ്റ് ഹോട്ടലിലാണ് പരിപാടി നടന്നത്. ജെ.സി.ഡബ്ല്യു.സിയുടെ എച്ച്.ആർ ഗ്രൂപ്പിന്റെയും ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ നടന്ന ദ്വിദിന ശിൽപശാലക്ക് പ്രമുഖ എഫിഷ്യൻസി ട്രെയിനറും ലൈഫ് കോച്ചുമായ നസ്ലി ഫാത്തിമ നേതൃത്വം നൽകി. കുടുംബിനികളും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരുമായ അമ്പതോളം വനിത സംരംഭകരും സംരംഭകത്വ താല്പര്യമുള്ളവരും പരിപാടിയിൽ പങ്കെടുത്തു.
പ്രായോഗിക ടാസ്കുകൾ, വിനോദങ്ങൾ, ചിന്തോദ്ദീപകമായ ചർച്ചകൾ എന്നിവ സമന്വയിപ്പിച്ചായിരുന്നു പരിശീലനം. പ്രവാസത്തിലെ പരിമിതികൾ ക്കിടയിലും കൃത്യമായ ആസൂത്രണമുണ്ടെങ്കിൽ സംരംഭക സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം ശിൽപശാല പകർന്നുനൽകിയതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ചടങ്ങിൽ ജെ.സി.ഡബ്ല്യു.സി പ്രസിഡന്റ് റഫ്സീന അഷ്ഫാക്, എച്ച്.ആർ കോഓഡിനേറ്റർ റൈഹാനത്ത് സഹീർ എന്നിവർ സ്വാഗതം ആശംസിച്ചു. ഫെബിൻ, സഫാന എന്നിവർ ഖിറാഅത്ത് നടത്തി. ശിൽപശാല നയിച്ച പരിശീലക നസ്ലി ഫാത്തിമക്ക് ജെ.സി.ഡബ്ല്യു.സി എക്സിക്യൂിവ് കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. ഫെബിൻ, നുഫി ലത്തീഫ്, ജുബി, നിഹാല, ദിയ, സഫാന, ജെസ്സി, റിൻഷി, സഫാ എന്നീ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പരിപാടിയുടെ വളണ്ടിയറിങ്ങിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.