പാരീസിലെ ബസ്റ്റിയെ (Bastille, Paris) എന്ന സ്ഥലത്തെ ആന പ്രതിമക്ക്, വിക്തോർ യുഗോയുടെ നോവലിൽ
അധികാര വടവൃക്ഷത്തിൻ്റെ പതനം
തൻ്റെ ഈജിപ്ഷ്യൻ വിജയങ്ങളുടെ സ്മാരകമായി ബസ്റ്റിയെ ചത്വരത്തിൽ വെങ്കലം കൊണ്ട് ഒരു കൂറ്റൻ ആന പ്രതിമ നിർമിക്കാൻ തീരുമാനിച്ചതാണ് നെപോളിയൻ ബോണപാർട്. അതിൻ്റെ മാതൃകയെന്നോണം പ്ലാസ്റ്ററും മരവും കൊണ്ട് തീർത്തതാണ് നമ്മുടെ Elephant of the Bastille. എന്നാൽ താമസിയാതെ 'വാട്ടർലൂ' സംഭവിച്ചു. നെപോളിയൻ എന്ന മഹാമേരു, സെൻ്റ് ഹെലീന ദ്വീപിലേക്ക് കുടിയേറി, അവിടെത്തന്നെ മരിച്ചു. വാട്ടർലൂ എന്നത് ലോകത്തിലെ ഏറ്റവും പ്രചാരം സിദ്ധിച്ച വാചോയുക്തികളിൽ (idioms) ഒന്നായി മാറി. ഉയർച്ചയുടെ പ്രചോദനമായി കഥകളിൽ വരാറുള്ള ആളാണ് നെപോളിയൻ ചക്രവർത്തി. അതേസമയം കൊടും തകർച്ചയുടെ പ്രതീകമായി അദ്ദേഹത്തിൻ്റെ ജീവിതത്തിൽത്തന്നെയുള്ള വാട്ടർലൂവും മാറിയെന്നത് ചരിത്രത്തിലെ രസകരമായ ഐറണി. നെപോളിയൻ്റെ പതനത്തിന് ശേഷം തെരുവിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളുടെയും എലികളുടെയും അഭയകേന്ദ്രമായി ബസ്റ്റിയെയിലെ ആനയുടെ പൊള്ളയായ ഉള്ള് മാറി. ചക്രവർത്തിമാർ തങ്ങളുടെ പ്രൗഢിയുടെ പ്രദർശനമായി പടുത്തുയർത്തുന്ന 'ഐവറി ടവറുകൾ' അവർക്കൊപ്പം തകരുന്നതിൻ്റെ രൂപകം കൂടിയായിത്തീരുന്നു ഈ പടുകൂറ്റൻ ആന.
നെപോളിയൻ ബോണപാർട്
ഈ ആന പ്രതിമക്കകത്താണ് യുഗോയുടെ കഥാപാത്രമായ ഗാവ്റോച് താമസിച്ചിരുന്നത്. ഇപ്പോൾ മീമുകളിലൂടെ ഒരു മഹാസംഭവമായി മാറിയ 'കൂറകളുടെ പ്രസ്ഥാന'ത്തെപ്പറ്റി വായിച്ചപ്പോൾ ഈ കുറിപ്പുകാരന് ഓർമ വന്നത് ഗാവ്റോചിനെയാണ്. വേണമെങ്കിൽ ഗാവ്റോച് തേനാദിയെ (Gavroche Thénardier) എന്ന് സർനെയിം ചേർത്ത് പറയാം. എന്നാൽ ഉപേക്ഷിക്കപ്പെട്ടവർക്കെന്തിന് ഊരും പേരും! ബസ്റ്റിയെയിലെ ചേരികളാണ് ഗാവ്റോചിൻ്റെ മേൽവിലാസം, അതാണവൻ്റെ തറവാട്.ഉപേക്ഷിക്കപ്പെട്ട വലിയൊരു വീപ്പക്കകത്ത് അന്തിയുറങ്ങിയിരുന്ന സിനോപ്പിലെ ഡയോജനീസ് (Diogenes the Cynic) തത്ത്വചിന്തകൻ എന്ന നിലക്ക് ജീവിതത്തിൻ്റെ അർത്ഥം കണ്ടെത്താൻ ശ്രമിച്ചു. പൊള്ളയായ പ്രതിമക്കകത്ത് വസിച്ച ഗാവ്റോച് തൻ്റെ പ്രവർത്തനങ്ങളിലുടെ വിപ്ലവം സൃഷ്ടിക്കാനാണ് ശ്രമിച്ചത്.
വലിച്ചെറിയപ്പെട്ട കുഞ്ഞുങ്ങൾ
സംസ്‌കാരം, മതം, ധാർമികത, പുരോഗതി തുടങ്ങിയവയുടെ പേരിൽ അഭിമാനം കൊള്ളുന്ന സമൂഹങ്ങളാണ് ഉപേക്ഷിക്കപ്പെട്ട മനുഷ്യരെയും സൃഷ്ടിക്കുന്നത്. ഗാവ്റോചിനെ യുഗോ പരിചയപ്പെടുത്തുന്നത് a child tossed into the street എന്നാണ്. യുഗോയുടെ രാഷ്ട്രീയ തത്ത്വശാസ്‌ത്രത്തിൻ്റെ ഒരു സംക്ഷേപമായി മാറുന്നുണ്ട് ആ വാക്യം. 'ജാത്യാൽ അസ്പൃശ്യരാ'കുന്ന, 'ജനനത്താൽ ഭ്രഷ്ടരും അധഃകൃതരു'മാകുന്ന മനുഷ്യരുണ്ടല്ലോ നമുക്ക് ചുറ്റും. വരേണ്യരുടെ ഈ സങ്കൽപത്തെ ചോദ്യം ചെയ്യുകയാണ് 'തെരുവിലേക്ക് എറിയപ്പെട്ട കുട്ടി' എന്ന പരാമർശത്തിലൂടെ യുഗോ.
നെപോളിയന് ശേഷം, അധികാരം തിരിച്ചു പിടിച്ച ബൂർബൊൺ കുടുംബത്തിലെ ചാൾസ് പത്താമനെതിരെ രണ്ടാം ഫ്രഞ്ച് വിപ്ലവം എന്നറിയപ്പെട്ട 1830ലെ ജൂലൈ വിപ്ലവമുണ്ടായി. അതേത്തുടർന്ന് കോൺസ്റ്റിറ്റ്യൂഷനൽ മൊനാർക്കി ശക്തിപ്പെടുകയും പൗര രാജാവ് (Citizen King) എന്ന വിശേഷണത്തോടെ ബൂർബൊണിലെ മറ്റൊരു ശാഖയിൽപ്പെട്ട ലൂയി ഫിലിപ്പ് അധികാരമേൽക്കുകയും ചെയ്തു. എന്നാൽ പൗരരാജാവ് എന്ന പേരല്ലാതെ, പൗരർക്ക് വേണ്ട നീതിയോ സ്വാതന്ത്ര്യമോ നേടിക്കൊടുക്കാനോ സാധാരണക്കാരെ ഉയർത്താനോ ഒന്നും അയാൾക്ക് സാധിക്കാതെ വന്നതിനെത്തുടർന്ന്, 1932ൽ റിപബ്ലിക്കന്മാരുടെ നേതൃത്വത്തിൽ ജൂൺ വിപ്ലവം അരങ്ങേറി. Les Misérables (പാവങ്ങൾ) എന്ന നോവലിൽ ജൂൺ വിപ്ലവം ഒരു പ്രധാന ഘടകമാണ്.
ഈ വിപ്ലവത്തിലെ പോരാളികളിലൊരാളാണ് ഗാവ്റോച്. അന്നത്തെ ഫ്രഞ്ച് വരേണ്യരും ഭരണകൂടവും പൊലീസും പാവപ്പെട്ടവരെയും തെരുവിലുപേക്ഷിക്കപ്പെട്ടവരെയും ഗട്ടർ റാറ്റ്സ് എന്ന് വിളിച്ചിരുന്നു. അഴുക്കോടകളിലെ എലികൾ എന്നർത്ഥം. ഈ അധിക്ഷേപത്തെ നെഞ്ചേറ്റുകയാണ് ഗാവ്റോച് ചെയ്തത്. എലികൾ എന്ന് തങ്ങളെ വിളിച്ച നഗരവരേണ്യർക്ക് നേരെ, ആ അധിക്ഷേപത്തെ റീക്ലെയിം ചെയ്ത്, എലിമടയിൽ എലികൾക്കൊപ്പം വസിച്ചുകൊണ്ട് പരിഹാസപ്പാട്ടുകൾ പാടുകയും ബാരിക്കെയ്ഡുകൾ തീർക്കുകയും ചെയ്യുകയായിരുന്നു അവൻ, വെടിയേറ്റ് വീഴുന്നത് വരെ.
കോക്രോച് ജനതാ പാർട്ടി (Cockroach Janatha Party/ CJP) എന്ന സറ്റൈറിക്കൽ പൊളിറ്റിക്കൽ മൂവ്മെൻ്റ് എന്തുകൊണ്ടാണ് എൻ്റെ ഓർമയെ ഗാവ്റോചിലേക്ക് നയിച്ചത് എന്നതിന് കൂടുതൽ വിശദീകരണം വേണ്ടല്ലോ. പുതുതലമുറയെ അധിക്ഷേപിച്ചുകൊണ്ട് ഇന്ത്യയിലെ പരമോന്നത 'നീതി'പീഠം നടത്തിയ പ്രസ്താവനയാണ് സി.ജെ.പിയുടെ ഉദ്ഭവത്തിന് കാരണമായത്. കുറേയധികം ചെറുപ്പക്കാർ കൂറകളെപ്പോലെയാണ് എന്നായിരുന്നു നീ-തി പീഠത്തിൻ്റെ കണ്ടെത്തൽ. അവർ തൊഴിലില്ലാത്തവരാണത്രേ. ഒരുദ്യോഗത്തിലും സ്ഥാനം കിട്ടാത്തവർ. കൂറകളെപ്പോലെ അവർ മറ്റുള്ളവരെ ഉപദ്രവിക്കുന്നു. മീഡിയയിലേക്കും സോഷ്യൽ മീഡിയയിലേക്കും RTI ആക്ടിവിസത്തിലേക്കും തിരിയുന്നു. സമൂഹത്തിൻ്റെ പരാദങ്ങളാണ് പോലുമവർ.
ചരിത്രത്തിലെ ഏറ്റവും ഭീകരമായ വംശീയ ഉന്മൂലന ആക്രമണവുമായി ബന്ധപ്പെട്ട പദമാണ് കോക്രോച് എന്നറിയാമോ? 1994 ഏപ്രിൽ മുതൽ ജൂലൈ വരെയായി 100 ദിവസങ്ങൾ കൊണ്ട് എട്ട് ലക്ഷത്തിലധികം ആളുകളെ പച്ചക്ക് കത്തിച്ചും വെട്ടിയും കൊലപ്പെടുത്തിയ റ്വാൻഡൻ ജെനസൈഡിൽ അക്രമികളായ ഹുതു ഗോത്ര ദേശീയ തീവ്രവാദികൾ ഇരകളായ തുത്‌സി ഗോത്രക്കാരെ Cockroaches എന്നാണ് വിളിച്ചത്. കിൻയാറ്വാൻഡ ഭാഷയിൽ 'ഇൻയെൻസി'. ഹുതു മാധ്യമങ്ങളും ഹുതുക്കൾക്ക് സ്വാധീനമുണ്ടായിരുന്ന സർക്കാർ മാധ്യമങ്ങളും ഇതേ 'ഡിഹ്യൂമനൈസിങ് സ്ലർ' ഉപയോഗിച്ച് തുത്‌സികളെ വിശേഷിപ്പിച്ചു.
കൂറകളുടെ ഉന്മൂലനവും അതിജീവനവും
“കൂറകളെ തുടച്ചുമാറ്റുക”, “കൂറകളെ ഉന്മൂലനം ചെയ്യുക”, “കൂറകൾക്ക് കൂറകൾ മാത്രമേ ജനിക്കൂ” തുടങ്ങിയ ആക്രോശങ്ങൾ. “A cockroach cannot give birth to a butterfly” എന്ന തലക്കെട്ടിൽ പത്രങ്ങളിൽ ലേഖനങ്ങൾ വന്നു. അതോടെയാണ് തുത്‌സിയെ കൊല്ലുക എന്നത് കൂറയെ കൊല്ലുന്നത് പോലെ അനായാസമായിത്തീർന്നത്. നമ്മുടെ 'നീ-തിമാൻ' ഇതോർത്ത് പറഞ്ഞതാവാനിടയില്ല കോക്രോച് എന്ന്. എന്നാൽ ചരിത്രം അദൃശ്യമായ വഴികളിലൂടെ നമ്മെ പിന്തുടരുന്നുണ്ട്.
അല്ലെങ്കിലും ആരുടെ കുറ്റം കൊണ്ടാണ് ചെറുപ്പക്കാർ തൊഴിലില്ലാത്തവരായിത്തീർന്നത്?
മാധ്യമങ്ങളെയും സാമൂഹ്യ മാധ്യമ ഇടപെടലുകളെയും നീ-തി പീഠം ഭയപ്പെടുന്നതെന്തിന്?
RTI (അതായത് റൈറ്റ് റ്റു ഇൻഫർമേഷൻ -വിവരാവകാശം) ആക്ടിവിസത്തോട് നീ-തിമാനെന്തിനാ ഇത്ര വെറുപ്പ്?
ആരാണ് യഥാർത്ഥത്തിൽ സാമൂഹ്യ പരാദങ്ങൾ?
കോക്രോച് എന്ന അധിക്ഷേപത്തെ റീക്ലെയിം ചെയ്തുകൊണ്ട് ആദ്യം പ്രതികരിച്ചത് ബോസ്റ്റൺ യുനിവേഴ്സിറ്റിയിൽ പഠിക്കുന്ന അഭിജീത് ദീപ്കെ എന്ന മഹാരാഷ്ട്രക്കാരൻ ദലിത് വിദ്യാർത്ഥിയാണ്. അദ്ദേഹമാണ് ഏതാനും ദിവസങ്ങൾ കൊണ്ട് ഇൻ്റർനെറ്റിൽ കത്തിക്കയറിയ സി.ജെ.പി എന്ന കൂറ പ്രസ്ഥാനത്തിൻ്റെ സ്ഥാപകൻ. സി.ജെ.പി എന്നത് ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ പേരിൻ്റെയും പാരഡിയായിത്തീരുന്നു. അതായത്, ഒരു സ്പൂഫ് മൂവ്മെൻ്റ്.
പക്ഷേ നാം വിചാരിക്കുന്നത് പോലെ അത്ര നിസ്സാരനല്ല കോക്രോച്. പരിണാമ ശാസ്‌ത്രമനുസരിച്ച് ഏതാണ്ട് മുന്നൂറ്ററുപത് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് കാർബോണിഫെറസ് പീര്യഡിലാണ് ലവൻ്റെ ഉത്പത്തി. ദിനോസറുകളുടെ ജനനവും മരണവും കണ്ടവനാണവൻ. പെർമിയൻ പീര്യഡിലെ വ്യാപകമായ ജീവനാശത്തെ അതിജീവിച്ച സ്പീഷീസുകളിലൊന്ന്. ശേഷം ട്രയാസിക് കാലത്താണ് ദിനോസർ രംഗപ്രവേശം ചെയ്യുന്നത്. ജുറാസിക്കിൽ ഭൂലോകം ഭരിച്ച രാക്ഷസപ്പല്ലികൾ ക്രറ്റേഷ്യസിൽ പൂർണമായും നശിക്കുകയും ചെയ്തു. ഇത്രയൊക്കെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടും കാര്യമായ മാറ്റമൊന്നും കൂടാതെ കോക്രോച്ചുകൾ ജീവിക്കുന്നു. ലിവിങ് ഫോസിലായി. ലോകം മുടിക്കുന്ന ഒരാണവയുദ്ധമുണ്ടായാൽ അതിജീവിക്കുന്ന ജീവജാതികളിലൊന്നായിരിക്കുമവൻ. എന്തെന്നാൽ ഒരു മനുഷ്യനെ കൊല്ലാനാവശ്യമായ ആണവ വികിരണത്തിൻ്റെ പത്തിരട്ടി താങ്ങാനുള്ള ശേഷിയുണ്ട് കൂറകൾക്ക്.
ഇപ്പോൾ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ പറന്നു നടക്കുന്ന കോക്രോച്ചുകളെ തടയാൻ പലതും ചെയ്തു നോക്കി. എക്സ് അക്കൗണ്ട് പൂട്ടി, ഇൻസ്റ്റഗ്രം അക്കൗണ്ട് ഹാക്ക് ചെയ്തു. പോകുന്ന വഴികളിലൊക്കെ പാറ്റാ ഗുളികകൾ വിതറിയിട്ടും ഹിറ്റ് അടിച്ചിട്ടും കൂറച്ചോക്ക് കൊണ്ട് ലക്ഷ്മണരേഖ വരച്ചിട്ടും ഈ പാറ്റകൾ പെരുകുക തന്നെയാണ് ഇപ്പോഴും. ഭരണകൂടത്തിൻ്റെ വിവേചനത്തിനും അഴിമതികൾക്കും അനീതികൾക്കുമെതിരെ ശബ്ദിച്ചു കൊണ്ട്. ആദ്യമായി ഇവർ മുന്നോട്ടുവെച്ച അഞ്ചിന പരിപാടി തന്നെ സമകാലിക ഇന്ത്യയിൽ ഏറ്റവും പ്രസക്തങ്ങളായിരുന്നു.
1) നീതിന്യായ വ്യവസ്ഥയെ പൂർണമായും സ്വതന്ത്രമാക്കുക, ജഡ്ജിമാർക്ക് രാജ്യസഭാ സീറ്റ് പോലുള്ള പോസ്റ്റ് റിട്ടയർമെൻ്റ് റിവാഡുകൾ നൽകരുത്.
2) ഓരോ വോട്ടും സംരക്ഷിക്കപ്പെടണം, വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും പേരുകൾ നീക്കം ചെയ്യുന്നതിൽ പരിപൂർണമായ ഉത്തരവാദിത്തം ഉണ്ടാവണം.
3) വനിതകൾക്ക് പാർലിമെൻ്റിലും ക്യാബിനറ്റിലും അടക്കം 50% സംവരണം വേണം.
4) സ്വതന്ത്രമായ മാധ്യമപ്രവർത്തനമാണ്, ഗോദി മീഡിയ അല്ല വേണ്ടത്. അംബാനി, അദാനി പോലുള്ളവരുടെ ഉടമസ്ഥതയിലുള്ള മാധ്യമ സ്ഥാപനങ്ങളുടെ ലൈസൻസുകൾ റദ്ദ് ചെയ്യണം.
5) കൂറു മാറുന്ന എമ്മെല്ലേമാർക്കും എംപിമാർക്കും ഇരുപത് വർഷം ബാൻ ഏർപ്പെടുത്തണം.
തുടർന്ന് എല്ലാ വിഷയങ്ങളിലും കോക്രോച്ചുകൾ ഇടപെടുന്നു. സകല കിരീടങ്ങൾക്കും സിംഹാസനങ്ങൾക്കും മേൽ കൂട്ടമായി അവർ പറന്നിറങ്ങുന്നു.
രോഷാകുലരായ ഗ്രിഗർ സാംസമാർ-
പ്രത്യയശാസ്ത്രപരമായ അടിത്തറയില്ലാത്ത ആൾക്കൂട്ട പ്രതികരണങ്ങൾക്ക് സമൂഹത്തിൽ സ്ഥായിയായ പരിവർത്തനം സൃഷ്ടിക്കാൻ സാധിക്കുമെന്ന വിശ്വാസം ഈ കുറിപ്പുകാരനില്ല. പുറമെ, മീം രാഷ്ട്രീയം എത്രത്തോളം ചിരസ്ഥായിയാണ്, ഐറണികൾ കൊണ്ട് മാത്രം വിപ്ലവമുണ്ടാകുമോ, വ്യവസ്ഥാപിത അധികാരങ്ങളെ ദുർബലപ്പെടുത്താൻ ആക്ഷേപഹാസ്യങ്ങൾക്ക് എത്രത്തോളം പറ്റും തുടങ്ങിയ ചോദ്യങ്ങളുമുണ്ട്. ഡിജിറ്റൽ, വെർച്വൽ വികാരങ്ങൾ ചരക്കുവത്കരിക്കപ്പെടാനുള്ള സാധ്യതയും ചെറുതല്ല. അതേസമയം പ്രതികരണങ്ങളുടെ രീതികൾ, ഫലങ്ങൾ എന്നിവയെക്കാൾ, പ്രതികരണം അനിവാര്യമാക്കുന്ന സാഹചര്യങ്ങളെ അപഗ്രഥിക്കാനും വിചാരണ ചെയ്യാനുമാണ് നാം ശ്രമിക്കുന്നത്.
കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തെ ഇന്ത്യൻ യൂണിയൻ ഭരണത്തിൻ്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ചിന്തിക്കാം. തകർന്ന് തരിപ്പണമായ സാമ്പത്തിക വ്യവസ്ഥ, അസമത്വത്തിൻ്റെ മാരകമായ വർദ്ധന, ഡീമോണറ്റൈസേഷനും ജി.എസ്.ടി നടപ്പാക്കിയതിലെ അശാസ്‌ത്രീയതയും നിമിത്തം ജനജീവിതത്തിൽ സംഭവിച്ച ഞെരുക്കം, അദാനിക്കും അംബാനിക്കും തീറെഴുതപ്പെടുന്ന രാജ്യത്തിൻ്റെ അന്തസ്സ്, ഇന്ധനവില, മൂല്യശോഷണം, സാമ്രാജ്യത്വത്തോടും അമേരിക്കയോടുമുള്ള ലജ്ജാകരമായ ദാസ്യം, നിരന്തര മനുഷ്യാവകാശ ലംഘനങ്ങൾ, മാരകമായ വിജിലാൻ്റി വയലൻസ്, സ്ത്രീകളുടെയും ദലിതരുടെയും മുസ്‌ലിംകളുടെയും ക്രൈസ്തവരുടെയും നേരെയുള്ള ഹിംസകൾ, പൗരത്വ ഭേദഗതിയിലൂടെയും മറ്റും പൗരരെ തട്ടുകളാക്കൽ, കർഷകരുടെ നട്ടെല്ലൊടിക്കുന്ന നിയമങ്ങൾ, പ്രസ് ഫ്രീഡം ഇൻഡെക്സിലെ പരിതാപകരമാം വിധം താഴ്ന്ന സ്ഥാനം... എന്നിങ്ങനെ മൗലികമായ ഒട്ടേറെ വിമർശനങ്ങളുണ്ട്. പോരാത്തതിന് ഇ.ഡി, സി.ബി.ഐ തൊട്ട് ഇലക്ഷൻ കമീഷനും ജുഡിഷ്യറിയും വരെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശവും സ്വാതന്ത്ര്യവും പരിമിതപ്പെടുത്തി അവയെ രാഷ്ട്രീയ താത്പരങ്ങൾക്കായി ദുരുപയോഗം ചെയ്യലും. ഇതിനെയെല്ലാം മറച്ചുപിടിക്കാൻ വേണ്ടി ജനങ്ങൾക്കിടയിൽ ഭിന്നിപ്പുകളുണ്ടാക്കുന്ന നെരേഷനുകൾ സൃഷ്ടിക്കുകയും ക്ഷേത്രങ്ങൾ നിർമിക്കുകയും കൗ വിജിലാൻ്റിസത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അപകടകരമായ രാജ്യതന്ത്രമാണ് (statecraft/ അതോ 'രാജ'തന്ത്രമോ!) ഇതിലൂടെയൊക്കെ പ്രകടിപ്പിക്കുന്നത്. വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ ചെറുപ്പക്കാരിൽ സൃഷടിക്കുന്ന അസ്വസ്ഥതകൾക്ക് അവരെത്തന്നെ കുറ്റവാളികളാക്കുന്ന തന്ത്രമാണ് നീ-തിപീഠത്തിലൂടെ പുറത്തുവന്ന, കോക്രോച് എന്ന അധിക്ഷേപം. അതിനോടാണ് അഭിജീത് ദീപ്കെ പ്രതിരോധിച്ചത്.
അഭിജീത് ദീപ്കെ
സമാനമായ നർമമാണ് ഗാവ്റോചിൻ്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത. ദുരിതങ്ങൾക്കിടയിലും അവൻ ചിരിച്ചുകൊണ്ടിരിക്കും, തികച്ചും അപകടകരമായ സാഹചര്യങ്ങളിൽ പാട്ടുകൾ പാടും, വിശപ്പിനെപ്പറ്റി തമാശകൾ പറയും, അധികാരത്തെ പരിഹസിക്കും. എന്നാൽ ഉപരിപ്ലവമായ വിനോദമല്ല അവൻ്റെ ചിരി. മറിച്ച് ശക്തിയേറിയ രാഷ്ട്രീയ കലാപമാണ്. അവൻ അധികാരത്തെ ഓർമ കൊണ്ട് നേരിടുന്നു. സൈന്യങ്ങളെ പാട്ടുകൾ കൊണ്ടും സമ്പത്തിനെ ധൈര്യം കൊണ്ടും സ്ഥാപനങ്ങളെ നിശ്ചയദാർഢ്യം കൊണ്ടും ചെറുക്കുന്നു. നർമത്തെ അതിജീവന മന്ത്രമാക്കുന്നു. ഒടുക്കം വെടിയേറ്റ് മരിക്കുമ്പോഴും അവൻ തന്നെ ജയിക്കുന്നു. അവനെ വൈകാരികമായി തകർക്കാൻ സൈന്യത്തിന് പറ്റുന്നില്ല; അവനെപ്പോഴും വിചിത്രമായ സ്വാതന്ത്ര്യം അനുഭവിക്കുന്നു. അവനെ ഭൗതികമായി ക്ലേശിപ്പിക്കുന്ന ദാരിദ്ര്യം അവൻ്റെ ഭാവനയെ കോളനിവത്കരിക്കുന്നതിൽ പരാജയപ്പെടുന്നു. രീതികളോടും പ്രത്യയശാസ്‌ത്രത്തോടും വിയോജിച്ചാലും ഇന്നും സറ്റൈറുകളും മീമുകളും റാപ്പും ഹിപ്ഹോപ്പും ഫോക്, തെരുവ് സംഗീതങ്ങളും ഗ്രഫിറ്റികളും മ്യൂറലുകളും ചോക് ആർട്ടുകളും സ്ട്രീറ്റ് പ്ലേകളും ഗറില്ലാ തിയറ്ററുകളും പപ്പെറ്ററികളും മറ്റ് തെരുവുകലകളുമൊക്കെയായി പലതരം പ്രതിഷേധങ്ങളുമായി വ്യത്യസ്ത വേഷങ്ങളിൽ ഗാവ്റോചുമാരെ കണ്ടെത്താൻ നമുക്ക് പറ്റും.
സ്വന്തം അന്തസ്സ് ഉപേക്ഷിക്കുന്നതിലുള്ള വിസമ്മതത്തിൻ്റെ അവസാനത്തെ അടയാളമാകയാൽ അവർ ചിരിക്കുന്നു. ചിരിയുടെ വിപ്ലവ സാധ്യതയെപ്പറ്റി അരിസ്‌റ്റോട്ടിൽ മുതൽ സിദ്ധാന്തങ്ങൾ ചമയ്ക്കുകയും ചാർലി ചാപ്ലിൻ ഉൾപ്പെടെയുള്ളവർ അത് പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്. പാരീസ് ഗാവ്റോചിനെ അംഗീകരിച്ചാലും ഇല്ലെങ്കിലും പാരീസിനെ അവനെക്കാൾ മറ്റാരും അറിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.